Banking, Finance & Insurance

12 വര്‍ഷം, 59 കോടി അക്കൗണ്ടുകള്‍, 3.17 ലക്ഷം കോടി നിക്ഷേപം; പ്രധാന്‍ മന്ത്രി ജന്‍ധന്‍ യോജന ഇന്ത്യന്‍ ഗ്രാമങ്ങളെ എങ്ങനെ മാറ്റി?

പദ്ധതിയില്‍ ചേര്‍ന്നവരില്‍ 56 ശതമാനം പേരും സ്ത്രീകളാണ്. ഗ്രാമീണ മേഖലകളിലാണ് കൂടുതല്‍ പേര്‍ പദ്ധതിയുടെ ഭാഗമായത്.

Dhanam News Desk

പ്രധാനമന്ത്രിയായി ആദ്യവട്ടം അധികാരത്തിലെത്തിയപ്പോള്‍ നരേന്ദ്ര മോദി കൊണ്ടുവന്ന പ്രധാന്‍ മന്ത്രി ജന്‍ ധന്‍ യോജനയ്ക്ക് (Pradhan Mantri Jan Dhan Yojana (PMJDY) 12 വയസ് പൂര്‍ത്തിയായി. 2014 ഓഗസ്റ്റ് 28നായിരുന്നു മോദി പദ്ധതി ഉദ്ഘാടനം ചെയ്തത്. രാജ്യത്തെ സാധാരണക്കാരെയും ഔപചാരിക സാമ്പത്തിക സംവിധാനത്തിന്റെ ഭാഗമാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി ലക്ഷ്യം കണ്ടെന്നാണ് വിലയിരുത്തല്‍.

12 വര്‍ഷത്തിനിടെ ഈ സ്‌കീമിലൂടെ 59 കോടി അക്കൗണ്ടുകളാണ് തുറന്നത്. ഈ അക്കൗണ്ടുകളിലേക്ക് 3.17 ലക്ഷം കോടി രൂപയുടെ നിക്ഷേപമെത്തിയതായി ധനകാര്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. പദ്ധതിയില്‍ ചേര്‍ന്നവരില്‍ 56 ശതമാനം പേരും സ്ത്രീകളാണ്. ഗ്രാമീണ മേഖലകളിലാണ് കൂടുതല്‍ പേര്‍ പദ്ധതിയുടെ ഭാഗമായത്.

ഓരോ അക്കൗണ്ടിലെയും ശരാശരി നിക്ഷേപം 5,356 രൂപയാണ്. 12 വര്‍ഷത്തിനിടെ ഈ അക്കൗണ്ടുകളിലെ നിക്ഷേപത്തില്‍ 3.4 മടങ്ങ് വര്‍ധനയുണ്ടായെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. മിനിമം ബാലന്‍സ് നിബന്ധനയില്ലാതെ ബാങ്ക് അക്കൗണ്ട് ആരംഭിക്കാന്‍ പദ്ധതി അവസരമൊരുക്കുന്നു. ഇതിലൂടെ ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമല്ലാതിരുന്ന കോടിക്കണക്കിന് ആളുകള്‍ രാജ്യത്തിന്റെ ധനകാര്യ ശൃംഖലയുടെ ഭാഗമായി.

ഗുണഭോക്താക്കള്‍ നേരിട്ട് ആനുകൂല്യങ്ങള്‍

സര്‍ക്കാര്‍ ആനുകൂല്യങ്ങളും സബ്‌സിഡികളും ഇടനിലക്കാരില്ലാതെ ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറുന്നതിനും ജന്‍ ധന്‍ അക്കൗണ്ടുകള്‍ സഹായിച്ചു. രാജ്യത്തെ ഡിജിറ്റല്‍ പണമിടപാടുകളുടെ വ്യാപനത്തിലും സാമ്പത്തിക ഉള്‍ക്കൊള്ളല്‍ ശക്തമാക്കുന്നതിലും പദ്ധതിക്ക് നിര്‍ണായക പങ്കുണ്ട്.

സീറോ ബാലന്‍സ് അക്കൗണ്ടിനൊപ്പം വിവിധ ആനുകൂല്യങ്ങളും പദ്ധതിയില്‍ ലഭ്യമാണ്. അക്കൗണ്ട് ഉടമകള്‍ക്ക് റൂപേ ഡെബിറ്റ് കാര്‍ഡ്, നിബന്ധനകള്‍ക്ക് വിധേയമായ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ എന്നിവ ലഭിക്കും. അര്‍ഹരായ അക്കൗണ്ട് ഉടമകള്‍ക്ക് ഓവര്‍ഡ്രാഫ്റ്റ് സൗകര്യവും ബാങ്കുകള്‍ അനുവദിക്കുന്നുണ്ട്.

ചെറുകിട സമ്പാദ്യം പ്രോത്സാഹിപ്പിക്കാനും സര്‍ക്കാര്‍ സഹായങ്ങള്‍ അര്‍ഹരിലേക്ക് സുതാര്യമായി എത്തിക്കാനും സാമ്പത്തിക അസമത്വം കുറയ്ക്കാനും ജന്‍ ധന്‍ യോജന സഹായകമായെന്നാണ് വിലയിരുത്തല്‍.

Pradhan Mantri Jan Dhan Yojana completes 12 years with 59.09 crore accounts and deposits of ₹3.17 lakh crore, with nearly 78% of accounts in rural and semi-urban areas

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT