Banking, Finance & Insurance

ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റ് ഒക്‌ടോബര്‍ 7 മുതല്‍ 9 വരെ മുംബൈയില്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം യു.കെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മറും ജി.എഫ്.എഫില്‍ മുഖ്യാതിഥികളായെത്തും

Dhanam News Desk

ലോകത്തെ ഏറ്റവും വലിയ ഫിന്‍ടെക് കോണ്‍ഫറന്‍സായ ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റ് (GFF) 2025ന് ഇന്ത്യ വേദിയാകും. മുംബൈയിലെ ജിയോ വേള്‍ഡ് സെന്ററില്‍ വച്ചാണ് ത്രിദിന സമ്മേളനം നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം യു.കെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മറും ജി.എഫ്.എഫില്‍ മുഖ്യാതിഥികളായെത്തും. ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടുമിക്ക വന്‍കിട ഫിന്‍ടെക് കമ്പനികളും ഒക്ടോബര്‍ 7 മുതല്‍ 9 വരെ നടക്കുന്ന ഫെസ്റ്റിന്റെ ഭാഗമാകും.

ലോകമെമ്പാടുമുള്ള പ്രധാനപ്പെട്ട 17 സെന്‍ട്രല്‍ ബാങ്കുകളുടെ ഉന്നത ഉദ്യോഗസ്ഥര്‍ ഫിന്‍ടെക് ഫെസ്റ്റില്‍ പങ്കെടുക്കും. 50ലേറെ പുതിയ പ്രൊഡക്ടുകള്‍ ഈ ചടങ്ങില്‍ വച്ച് പുറത്തിറക്കും.

ഫിനാന്‍സ് മേഖലയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) എന്നതാണ് ഇത്തവണത്തെ ജി.എഫ്.എഫിന്റെ തീം. വിവിധ രാജ്യങ്ങളില്‍ നിന്നായി ഒരു ലക്ഷത്തിലധികം പേര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 800 പ്രഭാഷകരും 7,500ലേറെ കമ്പനികളും ഫെസ്റ്റിന്റെ ഭാഗമാകും.

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍, ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ്, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര, സെബി ചെയര്‍പേഴ്‌സണ്‍ തുഹിന്‍ കാന്ത പാണ്ഡെ എന്നിവര്‍ വിവിധ സെഷനുകളില്‍ പ്രസംഗിക്കും.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 400 കമ്പനികളുടെ പ്രദര്‍ശനം, ഫിന്‍ടെക് അവാര്‍ഡ്, നെറ്റ്‌വര്‍ക്കിംഗ് സെഷനുകള്‍ തുടങ്ങിയവ കോണ്‍ഫറന്‍സിന്റെ മാറ്റുകൂട്ടും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യു.കെ പ്രധാനമന്ത്രിയുടെയും സാന്നിധ്യം ആഗോള ഫിന്‍ടെക് ഫെസ്റ്റിനെ മനുഷ്യരാശിയുടെ പുരോഗതിക്കായുള്ള വലിയ ചുവടുവയ്പ്പിലേക്ക് നയിക്കുമെന്ന് ഇന്‍ഫോസിസ് സഹസ്ഥാപകനും ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റ് ഉപദേശ സമിതി ചെയര്‍മാനുമായ ക്രിസ് ഗോപാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

പേയ്‌മെന്റ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (പി.സി.ഐ), ഫിന്‍ടെക് കണ്‍വേര്‍ജന്‍സ് കൗണ്‍സില്‍ (എഫ്.സി.സി), നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ) എന്നിവയുടെ നേതൃത്വത്തിലാണ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്. വിവിധ മന്ത്രാലയങ്ങളുടെ സഹായവും ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റിനുണ്ട്.

ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റിനെക്കുറിച്ച് അറിയാന്‍- https://www.globalfintechfest.com/

Global Fintech Fest 2025 to be held in Mumbai with global leaders and over 100,000 participants.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT