Photo credit: VJ/Dhanam 
Banking, Finance & Insurance

85,000 കോടി നഷ്ടത്തില്‍ നിന്ന് ഒരുലക്ഷം കോടി ലാഭത്തിലേക്ക് പൊതുമേഖലാ ബാങ്കുകള്‍

ഏറ്റവും ഉയര്‍ന്ന ലാഭം എസ്.ബി.ഐക്ക്‌; ലാഭ വളര്‍ച്ചയില്‍ മുന്നില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്ര

Dhanam News Desk

ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകള്‍ 2017-18 സാമ്പത്തിക വര്‍ഷത്തില്‍ സംയുക്തമായി രേഖപ്പെടുത്തിയത് 85,390 കോടി രൂപയുടെ നഷ്ടമായിരുന്നു. അഞ്ചുവര്‍ഷത്തിനിപ്പുറം നഷ്ടക്കണക്കുകള്‍ മാഞ്ഞുവെന്ന് മാത്രമല്ല, സംയുക്ത ലാഭം ഒരുലക്ഷം കോടി രൂപയെന്ന നാഴികക്കല്ലും മറികടന്നു. രാജ്യത്തെ 12 പൊതുമേഖലാ ബാങ്കുകളും (Public Sector Banks/PSBs) ചേര്‍ന്ന് കഴിഞ്ഞവര്‍ഷം (2022-23) കൈവരിച്ച മൊത്തലാഭം 1.04 ലക്ഷം കോടി രൂപയാണ്. 2021-22ലെ 66,539.98 കോടി രൂപയുടെ ലാഭത്തേക്കാള്‍ 57 ശതമാനം അധികമാണിത്.

ലാഭ വളര്‍ച്ചയില്‍ മുന്നില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്ര

100 ശതമാനം വളര്‍ച്ചയോടെ 1,862 കോടി രൂപ നേടി യൂകോ ബാങ്കും 94 ശതമാനം കുതിപ്പോടെ 14,110 കോടി രൂപ നേടി ബാങ്ക് ഓഫ് ബറോഡയുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍. എന്നാല്‍, ഏറ്റവും ഉയര്‍ന്ന ലാഭം രേഖപ്പെടുത്തിയത് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐയാണ്. 59 ശതമാനം വളര്‍ച്ചയോടെ 50,232 കോടി രൂപ ലാഭമാണ് എസ്.ബി.ഐ കുറിച്ചത്.

പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ നിരാശ

പഞ്ചാബ് നാഷണല്‍ ബാങ്ക് (പി.എന്‍.ബി) ഒഴികെ മറ്റ് 11 പൊതുമേഖലാ ബാങ്കുകളും കഴിഞ്ഞവര്‍ഷം ലാഭവളര്‍ച്ച കുറിച്ചു. ലാഭത്തില്‍ 27 ശതമാനം ഇടിവാണ് പി.എന്‍.ബിക്കുണ്ടായത്. 2021-22ലെ 3,457 കോടി രൂപയില്‍ നിന്ന് 2,507 കോടി രൂപയായി ബാങ്കിന്റെ ലാഭം കുറഞ്ഞു.

ലാഭക്കണക്ക്

10,000 കോടി രൂപയ്ക്കുമേല്‍ ലാഭം കഴിഞ്ഞവര്‍ഷം നേടിയ മറ്റൊരു ബാങ്ക് കനറാ ബാങ്ക് മാത്രമാണ് (10,604 കോടി രൂപ). പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക് (1,313 കോടി രൂപ), സെന്‍ട്രല്‍ ബാങ്ക് (1,582 കോടി രൂപ), ഐ.ഒ.ബി (2,099 കോടി രൂപ), ബാങ്ക് ഓഫ് ഇന്ത്യ (4,023 കോടി രൂപ), ഇന്ത്യന്‍ ബാങ്ക് (5,282 കോടി രൂപ), യൂണിയന്‍ ബാങ്ക് (8,433 കോടി രൂപ) എന്നിങ്ങനെയാണ് മറ്റ് ബാങ്കുകളുടെ ലാഭം.

കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നാല് നടപടികളാണ് മുഖ്യമായും പൊതുമേഖലാ ബാങ്കുകളെ വീണ്ടും ലാഭത്തിന്റെ പാതയിലെത്തിച്ചത്. നിഷ്‌ക്രിയ ആസ്തി (എന്‍.പി.എ) സുതാര്യമായി തിരിച്ചറിയുക, ഉചിതമായ നടപടികളിലൂടെ കിട്ടാക്കടം തിരിച്ചുപിടിക്കുക, മൂലധന സഹായം, സാമ്പത്തിക രംഗത്തെ പരിഷ്‌കാരം എന്നിവയാണവ. മൂലധന സഹായമായി പൊതുമേഖലാ ബാങ്കുകള്‍ക്ക് 2016-17 മുതല്‍ 2020-21 വരെ കാലയളവിലായി 3.10 ലക്ഷം കോടി രൂപ കേന്ദ്രം നല്‍കിയിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT