Banking, Finance & Insurance

അടൂർ അർബൻ സഹകരണ ബാങ്കിന്റെ ലൈസൻസ് റദ്ദാക്കി ആർ.ബി.ഐ

ബാങ്ക് ഇതര സ്ഥാപനമായി തുടരാം

Dhanam News Desk

അടൂര്‍ അര്‍ബന്‍ സഹകരണ ബാങ്കിന്റെ ലൈസന്‍സ് റദ്ദാക്കി ആര്‍.ബി.ഐ. ബാങ്കിംഗ് ഇതര സ്ഥാപനമായി തുടരാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഏപ്രില്‍ 24ന് ബിസിനസ് അവസാനിക്കുന്നത് മുതലാണ് ലൈസന്‍സ് റദ്ദാക്കുന്നതെന്ന് ആര്‍.ബി.ഐ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.

1949 ലെ ബാങ്കിംഗ് റെഗുലേഷന്‍ നിയമത്തിലെ സെക്ഷന്‍ 22, 56 പ്രകാരം ഇന്ത്യയില്‍ ബാങ്കിംഗ് നടത്തുന്നതിന് അടൂര്‍ അര്‍ബന്‍ സഹകരണ ബാങ്കിന് 1987 ജനുവരി മൂന്നിന് അനുവദിച്ച ലൈസന്‍സാണ് ആര്‍.ബി.ഐ റദ്ദാക്കിയത്.

ആര്‍.ബി. ഐയുടെ ഉത്തരവ് പ്രകാരം ഏപ്രില്‍ 24ന് ബിസിനസ് അവസാനിച്ചത് മുതല്‍ അംഗങ്ങള്‍ അല്ലാത്തവരില്‍ നിന്ന് നിക്ഷേപം സ്വീകരിക്കുന്നത് ഉള്‍പ്പെടെയുള്ള ബാങ്കിംഗ് ഇടപാടുകള്‍ നിര്‍ത്തിവയ്ക്കാന്‍ ബാങ്ക് ബാധ്യസ്ഥമാണ്.

ബാങ്കും എന്‍ബിഎഫ്സിയും

നിക്ഷേപം സ്വീകരിക്കുക, വായ്പ അനുവദിക്കുക, ചെക്ക് ഇഷ്യൂ ചെയ്യുക തുടങ്ങിയ ബാങ്കിംഗ് സേവനങ്ങള്‍ നല്‍കുന്ന സര്‍ക്കാര്‍ അംഗീകൃത ധനകാര്യ സ്ഥാപനങ്ങളാണ് ബാങ്കുകള്‍. അതേസമയം ബാങ്ക് ലൈസന്‍സ് ഇല്ലാതെ തന്നെ വായ്പ നല്‍കുക, സെക്യൂരിറ്റികളില്‍ നിക്ഷേപിക്കുക, ഹയര്‍ പര്‍ച്ചേസ്, ലീസിങ് തുടങ്ങിയ സാമ്പത്തിക സേവനങ്ങള്‍ നടത്തുന്ന കമ്പനിയാണ് എന്‍.ബി.എഫ്.സിയെന്നുമാണ് റിസര്‍വ് ബാങ്ക് നിര്‍വചിക്കുന്നത്. മറ്റു ചില വ്യത്യാസങ്ങളുമുണ്ട്.

- ബാങ്കുകള്‍ക്ക് ഡിമാന്‍ഡ് ഡെപ്പോസിറ്റ് (ആവശ്യപ്പെടുമ്പോള്‍ തിരിച്ചു കൊടുക്കേണ്ട നിക്ഷേപം)സ്വീകരിക്കാം. എന്നാല്‍ എന്‍.ബി.എഫ്.സികള്‍ക്ക് അത് സാധ്യമല്ല. എന്‍.ബി.ഫെ്.സികള്‍ക്ക് ടേം ഡെപ്പോസിറ്റുകള്‍(നിശ്ചിത കാലാവധിയുള്ള നിക്ഷേപങ്ങള്‍) മാത്രമാണ് സ്വീകരിക്കാന്‍ ആകുക.

-സ്വന്തമായി ചെക്കും ഡിമാന്‍ഡ് ഡ്രാഫ്റ്റും ഇഷ്യു ചെയ്യാനും ബാങ്കുകള്‍ക്ക് സാധിക്കും.

-രാജ്യത്തെ പേമെന്റ്, സെറ്റില്‍മെന്റ് പ്രക്രിയകളില്‍ പങ്കാളികളാകാനും ബാങ്കുകള്‍ക്ക് മാത്രമാണ് സാധിക്കുക.

-റിസര്‍വ് ബാങ്ക് നിഷ്‌കര്‍ക്കുന്ന കരുതല്‍ ധന അനുപാതം ബാങ്കുകള്‍ പാലിക്കേണ്ടതുണ്ട്.

-ബാങ്കുകള്‍ നല്‍കുന്ന നിക്ഷേപങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയുമുണ്ട്.

-നിക്ഷേപത്തേക്കാള്‍ കൂടുതല്‍ വായ്പ നല്‍കാനും ബാങ്കുകള്‍ക്ക് സാധിക്കും

-സ്വകാര്യ മേഖലയിലെ ബാങ്കുകള്‍ക്ക് 74 ശതമാനം വരെയാണ് വിദേശ നിക്ഷേപം സ്വീകരിക്കാനാകുന്നെങ്കില്‍ എന്‍.ബി.എഫ്.സികള്‍ക്ക് 100 ശതമാനം വിദേശ നിക്ഷേപം സ്വീകരിക്കാം.

ആര്‍.ബി.ഐയുടെ ഇത്തരം കര്‍ശന നിയന്ത്രണങ്ങളുള്ളതുകൊണ്ടാണ് ബാങ്കുകളിലെ നിക്ഷേപം കൂടുതല്‍ സുരക്ഷിതമാകുന്നുത്.

പിഴ ഈടാക്കല്‍ തുടരുന്നു

വിവിധ മാനദണ്ഡങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് ബോംബെ മെര്‍ക്കന്റൈല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക്, തമിഴ്നാട് സ്റ്റേറ്റ് അപെക്സ് കോ-ഓപ്പറേറ്റീവ് ബാങ്ക്, ജനത സഹകാരി ബാങ്ക്, ബാരന്‍ നഗ്രിക് സഹകാരി ബാങ്ക് എന്നീ നാല് സഹകരണ ബാങ്കുകള്‍ക്ക് ആര്‍ബിഐ തിങ്കളാഴ്ച പിഴ ചുമത്തിയിരുന്നു.

2022ല്‍ വിവിധ നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് 180 ബാങ്കുകള്‍ക്കാണ് ആര്‍.ബി.ഐ പിഴചുമത്തിയത്. 2020 ല്‍ 22 ബാങ്കുകള്‍ക്കും 2021 ല്‍ 124 സഹകരണ ബാങ്കുകള്‍ക്കും ആര്‍.ബി.ഐ പിഴ ചുമത്തിയിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT