Image : Canva and RBI 
Banking, Finance & Insurance

ആർബിഐ റീപോ നിരക്ക് കുറച്ചു; ജിഡിപി പ്രതീക്ഷയും ഉയർത്തി: ബാങ്കിംഗ് രംഗത്തെ പ്രമുഖര്‍ പ്രതികരിക്കുന്നു

ധനനയസമിതിയുടെ തീരുമാനങ്ങളോട് വിപണി അനുകൂലമായി പ്രതികരിക്കും

Dhanam News Desk

ബാങ്കുകളുടെ റീപോ നിരക്ക് കാൽ ശതമാനം കുറയ്ക്കാൻ റിസർവ് ബാങ്ക് തീരുമാനിച്ചിരിക്കുകയാണ്. ഈ വർഷത്തെ ജിഡിപി വളർച്ച പ്രതീക്ഷ 6.80 ൽ നിന്ന് 7.30 ശതമാനമായും ആര്‍.ബി.ഐ ഉയർത്തി. ഇതുസംബന്ധിച്ച് ബാങ്കിംഗ് രംഗത്തെ പ്രമുഖര്‍ അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നു.

ലക്ഷ്മണൻ വി, ഗ്രൂപ്പ് പ്രസിഡന്റ് ആൻഡ് ഹെഡ് – ട്രഷറി (ട്രഷറർ), ഫെഡറൽ ബാങ്ക്

വിപണിയുടെ പ്രതീക്ഷയ്ക്കനുസൃതമായുള്ള തീരുമാനമാണ് ധനനയസമിതി സ്വീകരിച്ചത്. പലിശനിരക്കിൽ വരുത്തിയ കുറവിനൊപ്പം കാലദൈർഘ്യമേറിയ സ്വാപ്പും ഓപ്പൺ മാർക്കറ്റ് ഓപ്പറേഷനും പണലഭ്യത ഉറപ്പാക്കുമെന്ന് മാത്രമല്ല രൂപയെ താരതമ്യേന സമതുലിതമായി നിലനിറുത്താനും സഹായിക്കും. ധനനയസമിതിയുടെ തീരുമാനങ്ങളോട് വിപണി അനുകൂലമായി പ്രതികരിച്ചു എന്നാണു കരുതുന്നത്.

വിനോദ് ഫ്രാൻസിസ്, ജനറൽ മാനേജർ ആൻഡ് ചീഫ് ഫിനാൻഷ്യൽ ഓഫീസർ, സൗത്ത് ഇന്ത്യൻ ബാങ്ക്

"ബാങ്കുകളുടെ പണലഭ്യത സംബന്ധിച്ച് നിഷ്പക്ഷ നിലപാട് നിലനിർത്തുമ്പോഴും, രാജ്യത്തിന്റെ സാമ്പത്തിക വളർച്ച ഉറപ്പാക്കുകയാണ് റീപോ നിരക്കിൽ കാൽ ശതമാനത്തിന്റെ (.25%) കുറവ് വരുത്തുന്നതിലൂടെ ആർബിഐ ചെയ്യുന്നത്. പണപ്പെരുപ്പം, വിലക്കയറ്റ തോത് എന്നിവ പിടിച്ചു നിർത്തി വളർച്ചയെ ത്വരിതപ്പെടുത്താൻ ആർബിഐ പരമാവധി ശ്രമിക്കുന്നുണ്ട്. പണപ്പെരുപ്പത്തിനും വളർച്ചയ്ക്കും ഇടയിൽ സന്തുലിതാവസ്ഥ നിലനിർത്തുന്ന തീരുമാനമാണ് ഇത്. രൂപയുടെ മൂല്യം കുറയുന്നതും ഇന്ത്യ- യുഎസ് വിപണികളിലെ പലിശ നിരക്കുകൾ കുറയുന്നതുമാണ് റീപോ നിരക്കിൽ മാറ്റം വരുത്താൻ ആർബിഐയെ പ്രേരിപ്പിക്കുന്നത്."

ഡോ. കെ. പോൾ തോമസ്, എം.ഡി & സി.ഇ.ഒ., ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക്

പണപ്പെരുപ്പം കുറയുന്ന സാഹചര്യത്തിൽ സാമ്പത്തിക വളർച്ച ഉറപ്പുവരുത്തുക എന്നതാണ്, കാൽ ശതമാനം റീപോ നിരക്ക് കുറച്ചതിലൂടെ ആർബിഐ ഉദ്ദേശിക്കുന്നത്. നിലവിലെ സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിലാണ് പലിശ നിരക്ക് കുറയ്ക്കാനുള്ള തീരുമാനത്തിലേക്ക് പണനയ സമിതി എത്തിയിട്ടുള്ളത്. തീരുമാനം നടപ്പാക്കുന്നതോടെ, സമ്പദ്‌വ്യവസ്ഥയിൽ പ്രതിഫലിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഭാവിയിലെ നയതീരുമാനങ്ങളിൽ മാറ്റം വരുത്താനും സമിതിക്ക് കഴിയും.

RBI cuts repo rate by 0.25% and raises GDP growth forecast to 7.30%, prompting positive responses from banks.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT