ആര്‍ബിഐ തിരുവനന്തപുരം റീജിയണല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകര്‍ക്കായി കൊച്ചിയില്‍ സംഘടിപ്പിച്ച ബോധവത്കരണ ശില്പശാല റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര ഉദ്ഘാടനം ചെയ്യുന്നു.  
Banking, Finance & Insurance

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ വികസിത ഭാരതത്തിന്റെ അടിത്തറ: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

വായ്പാ വിടവ് നികത്താന്‍ യുഎല്‍ഐ സംവിധാനവുമായി ആര്‍ബിഐ

Dhanam News Desk

രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍, 'വികസിത ഭാരതം' എന്ന ലക്ഷ്യം കൈവരിക്കുന്നതില്‍ സുപ്രധാന അടിത്തറയാണെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം റീജിയണല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകര്‍ക്കായി കൊച്ചിയില്‍ സംഘടിപ്പിച്ച ബോധവത്കരണ ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എംഎസ്എംഇ മേഖലയ്ക്ക് ജിഡിപിയുടെ 31 ശതമാനവും ഉത്പാദനത്തിന്റെ 45 ശതമാനവും സംഭാവന ചെയ്യാനുള്ള ശേഷിയുണ്ട്. മുന്‍ഗണനാ മേഖല വായ്പകള്‍, 20 ലക്ഷം രൂപയായി ഉയര്‍ത്തിയ ഈടുരഹിത വായ്പകള്‍, സിജിടിഎംഎസ്ഇ ഫണ്ട്, ട്രെഡ്‌സ് പ്ലാറ്റ്‌ഫോം, അക്കൗണ്ട് അഗ്രിഗേറ്റര്‍ ഫ്രെയിംവര്‍ക്ക് തുടങ്ങിയ ആര്‍ബിഐയുടെ വിവിധ സാമ്പത്തിക നയങ്ങള്‍ ഈ മേഖലയ്ക്ക് വലിയ പിന്തുണയാണ് നല്‍കുന്നത്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിടയില്‍ ബാങ്ക് ക്രെഡിറ്റ് 14 ശതമാനം വളര്‍ച്ച കൈവരിച്ചപ്പോള്‍ എംഎസ്എംഇ മേഖലയിലേക്കുള്ള വായ്പാ വിതരണത്തില്‍ 19 ശതമാനം വാര്‍ഷിക വളര്‍ച്ച നിരക്ക് രേഖപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ഏകദേശം 37 ലക്ഷം കോടി രൂപയുടെ ക്രെഡിറ്റ് ഈ മേഖലയ്ക്ക് ലഭ്യമാക്കിയിട്ടുണ്ട്. കേരളത്തില്‍ മാത്രം ഒരു ലക്ഷം കോടി രൂപയുടെ വായ്പാ ഔട്ട്സ്റ്റാന്‍ഡിങ് കൈവരിക്കാനായതും കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ 13.5 ശതമാനം വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയതും വലിയ നേട്ടമാണെന്നും ആര്‍ബിഐ ഗവര്‍ണര്‍ വ്യക്തമാക്കി.

വായ്പാ വിതരണം കൂടുതല്‍ സുതാര്യവും വേഗത്തിലുമാക്കാന്‍ യുപിഐ മാതൃകയില്‍ 'യൂണിഫൈഡ് ലെന്‍ഡിംഗ് ഇന്റര്‍ഫേസ്' (ULI) എന്ന പുതിയ ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചര്‍ സംവിധാനം ആര്‍ബിഐ വികസിപ്പിച്ചുവരികയാണെന്നും സഞ്ജയ് മല്‍ഹോത്ര അറിയിച്ചു.

വായ്പ വിലയിരുത്തല്‍ വേഗത്തിലാക്കാന്‍ യുഎല്‍ഐ

ഉപയോക്താക്കളുടെ സമ്മതത്തോടെ ജിഎസ്ടി ഡേറ്റ, ബാങ്ക് വിവരങ്ങള്‍, മറ്റ് ഔദ്യോഗിക രേഖകള്‍ എന്നിവ സമന്വയിപ്പിച്ചുകൊണ്ട് ബാങ്കുകള്‍ക്കും എന്‍ബിഎഫ്‌സികള്‍ക്കും വായ്പ വിലയിരുത്തല്‍ എളുപ്പമാക്കാന്‍ യുഎല്‍ഐ സഹായിക്കും. എംഎസ്എംഇകളെ വെറുമൊരു റെഗുലേറ്ററി ബാധ്യതയായി കാണാതെ ദീര്‍ഘകാല ബിസിനസ് പങ്കാളികളായി കാണാന്‍ ബാങ്കുകളോട് ആര്‍ബിഐ ഗവര്‍ണര്‍ ആഹ്വാനം ചെയ്തു.

പാന്‍ ഉള്‍പ്പെടെയുള്ള ഔദ്യോഗിക വിവരങ്ങള്‍ ഉപയോഗിച്ച് യുആര്‍സി യുടെ കീഴിലുള്ള രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാനും സാങ്കേതികവിദ്യയിലും നവീകരണത്തിലും നിക്ഷേപം നടത്തി വിപണിയിലെ വിശ്വാസ്യത നേടിയെടുക്കാന്‍ അദ്ദേഹം സംരംഭകരെ ഉപദേശിച്ചു.

ചടങ്ങില്‍ എറണാകുളം ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക, കേരള-ലക്ഷദ്വീപ് റീജിയണല്‍ ഡയറക്ടര്‍ പ്രവീണ്‍ കുമാര്‍ വസന്ത രാമചന്ദ്രന്‍, സെന്‍ട്രല്‍ ഓഫീസ് ചീഫ് ജനറല്‍ മാനേജര്‍ ആര്‍. ഗിരിധരന്‍, കൊച്ചി ആര്‍ബിഐ ജനറല്‍ മാനേജര്‍ പ്രമോദ് കുമാര്‍, കനറ ബാങ്ക് സീനിയര്‍ മാനേജര്‍ പ്രവീണ്‍ മൈക്കിള്‍, സിഡ്ബി കൊച്ചി ബ്രാഞ്ച് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ടി. ഷാജു റാഫേല്‍, തിരുവനന്തപുരം ആര്‍ബിഐ ലീഡ് ഡിസ്ട്രിക്റ്റ് ഓഫീസര്‍ വി.ജി മണികണ്ഠന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT