upi transactions  Image : UPI (NPCI) and Canva
Banking, Finance & Insurance

യു.പി.ഐ എക്കാലവും സൗജന്യമല്ല, ഭാരിച്ച സബ്‌സിഡിയുടെ കണക്കു പറഞ്ഞ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍; പണമിടപാടിന് ഫീസ് എന്നു മുതല്‍?

24.03 ലക്ഷം കോടി രൂപക്കുള്ള 1,839 കോടി പണമിടപാടുകളാണ് ജൂണില്‍ മാത്രം യു.പി.ഐ വഴി നടന്നത്

Dhanam News Desk

യു.പി.ഐ ഇടപാടുകള്‍ അധിക കാലം സൗജന്യമായി തുടരാനാകില്ലെന്ന് സൂചന നല്‍കി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര. യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് അഥവാ യു.പി.ഐ പുതിയ റെക്കോഡുകള്‍ കീഴടക്കി മുന്നേറുമ്പോഴാണ് റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ ഈ പരമാര്‍ശം.

യു.പി.ഐ സംവിധാനം സാമ്പത്തികമായി സുസ്ഥിരമാകേണ്ടതിന്റെ ആവശ്യകതയാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. നിലവില്‍ ഉപയോക്താക്കളില്‍ നിന്ന് യാതൊരു ഫീസും ഈടാക്കാതെയാണ് യു.പി.ഐ സേവനം ലഭ്യമാക്കുന്നത്. എന്നാല്‍ ഇതിനായി ബാങ്കുകള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും റിസര്‍വ് ബാങ്ക് സബ്‌സിഡി നല്‍കുന്നുണ്ട്. ഈ ചെലവ് കണ്ടെത്തേണ്ടി വരും. എന്നായിരുന്നു അദ്ദേഹം അടുത്തിടെ ഒരു മീഡിയ ഇവന്റില്‍ പറഞ്ഞത്.

സുരക്ഷിതവും വേഗതത്തില്‍ ലഭ്യമാക്കാവുന്നതുമായ ഡിജിറ്റല്‍ പേയമെന്റുകള്‍ ഇന്ത്യയുടെ പ്രതിബദ്ധതയുടെ ഭാഗമാണെങ്കിലും ദീര്‍ഘകാല സുസ്ഥിരത അവഗണിക്കാവുന്നതല്ലെന്നാണ് ഗവര്‍ണറുടെ വാക്കുകള്‍ അടിവരയിടുന്നത്. അതായത് ഭാവിയില്‍ ഇതിന്റെ ചെലവുകള്‍ ആരെങ്കിലും വഹിക്കേണ്ടി വരും. സ്വാഭാവികമായി സബ്ഡിസി നിര്‍ത്തുമ്പോള്‍ ഉപയോക്താക്കളില്‍ നിന്ന് ഈടാക്കുന്ന അവസ്ഥയുണ്ടാകും. നിലവിലുള്ള സീറോ എംഡിആര്‍ (മര്‍ച്ചന്റ് ഡിസ്‌കൗണ്ട് നിരക്ക്) നയം തുടരണമോ എന്ന തീരുമാനം ആത്യന്തികമായി സര്‍ക്കാരിന്റേതാണെന്നും മല്‍ഹോത്ര വ്യക്തമാക്കി.

കുതിച്ചുയര്‍ന്ന് യു.പി.ഐ ഇടപാടുകള്‍

യു.പി.ഐ ഉപയോഗം ദിനംപ്രതിയെന്നോണം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് പ്രതിദിന യു.പി.ഐ ഇടപാടുകള്‍ ഇരട്ടിയായി. രണ്ട് വര്‍ഷം മുമ്പ് 31 കോടി ഇടപാടുകളായിരുന്നു ശരാശരി പ്രതിദിനം നടന്നിരുന്നതെങ്കില്‍ ഇപ്പോള്‍ അത് 60 കോടിയായി.

ജൂണില്‍ മാത്രം 1,839 കോടി ഇടപാടുകള്‍ വഴി 24.03 ലക്ഷം കോടി രൂപയുടെ പേയ്‌മെന്റ്‌സാണ് യു.പി.ഐ വഴി നടന്നത്.

RBI Governor Sanjay Malhotra makes BIG statement on free UPI transactions

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT