Image: canva 
Banking, Finance & Insurance

'സിബിലി'ന് റിസര്‍വ് ബാങ്ക് പിഴ; നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറില്‍ തെറ്റുണ്ടോ?

വായ്പാ വിവരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൃത്യമല്ലെങ്കില്‍ ക്രെഡിറ്റ് സ്‌കോറിനെ മോശമായി ബാധിച്ചേക്കാം

Dhanam News Desk

ട്രാന്‍സ് യൂണിയന്‍ സിബില്‍ ഉള്‍പ്പെടെ നിലവില്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന നാല് ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനികള്‍ക്ക് ഏകദേശം 25 ലക്ഷം രൂപ വീതം പിഴ ചുമത്തി റിസര്‍വ് ബാങ്ക് (ആര്‍.ബി.ഐ). വായ്പാ വിവരങ്ങളുമായി ബന്ധപ്പെട്ട ചില ഡേറ്റ കൃത്യവും പൂര്‍ണ്ണവുമല്ലെന്ന് റിസര്‍വ് ബാങ്ക് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ട്രാന്‍സ് യൂണിയന്‍ സിബിലിന് 26 ലക്ഷം രൂപയാണ് പിഴ. സി.ആര്‍.ഐ.എഫ് ഹൈ മാര്‍ക്ക് ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ സര്‍വീസസിന് 25.75 ലക്ഷം രൂപയും, എക്‌സ്പീരിയന്‍ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനി ഓഫ് ഇന്ത്യക്ക് 24.75 ലക്ഷം രൂപയും, ഇക്വിഫാക്‌സ് ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ സര്‍വീസസിന് 24.25 ലക്ഷം രൂപയുമാണ് പിഴ ചുമത്തിയത്.

വായ്പാ വിവരങ്ങള്‍ അപൂര്‍ണ്ണം

ഈ നാല് കമ്പനികളില്‍ വായ്പാ വിവരങ്ങളുമായി ബന്ധപ്പെട്ട ചില ഡേറ്റ കൃത്യവും പൂര്‍ണ്ണവുമല്ലെന്ന് റിസര്‍വ് ബാങ്ക് കണ്ടെത്തി. കൂടാതെ പലരുടേയും വായ്പാ വിവരങ്ങള്‍ പുതുക്കിയിട്ടില്ല. മാത്രമല്ല റിസര്‍വ് ബാങ്ക് അനുവദിച്ച സമയപരിധിക്കുള്ളില്‍ ഇതിലെ പൊരുത്തക്കേടുകള്‍ പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നതില്‍ കമ്പനികള്‍ പരാജയപ്പെട്ടിരുന്നു. ഈ കമ്പനികള്‍ക്ക് റിസര്‍വ ബാങ്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.

നിങ്ങളുടെ സിബിലിനെ ബാധിക്കുമോ

നിങ്ങളുടെ വായ്പാ യോഗ്യത അളക്കുന്ന ഒരു അളവുകോലാണ് സിബില്‍ സ്‌കോര്‍ അല്ലെങ്കില്‍ ക്രെഡിറ്റ് സ്‌കോര്‍. 300 നും 900 നും ഇടയിലുള്ള ഒരു മൂന്നക്ക് നമ്പാറാണിത്. 685 മുകളിലുള്ളത് മെച്ചപ്പെട്ട ക്രെഡിറ്റ് സ്‌കോറായി കാണും. ക്രെഡിറ്റ് സ്‌കോര്‍ കൂടുന്നതനുസരിച്ച് വായ്പ കിട്ടാനും ക്രെഡിറ്റ് കാര്‍ഡുകളില്‍ ഉയര്‍ന്ന ബാലന്‍സ് കിട്ടുവാനുമുള്ള സാധ്യത കൂടും. ഇവിടെ നമ്മുടെ ക്രെഡിറ്റ് സ്‌കോര്‍ നിര്‍ണയിക്കുന്ന സ്ഥാപനമാണ് ട്രാന്‍സ് യൂണിയന്‍ സിബില്‍.

അതുകൊണ്ട് തന്നെ ട്രാന്‍സ് യൂണിയന്‍ സിബില്‍ വായ്പാ വിവരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൃത്യമല്ലെങ്കില്‍ ഇത് ഒരാളുടെ സിബിലിനെ മോശമായി ബാധിച്ചേക്കാം. കൃത്യമായ വായ്പാ വിശദാംശങ്ങളുടെ അഭാവത്തില്‍ വായ്പാദാതാക്കള്‍ നിങ്ങളെ ഉയര്‍ന്ന റിസ്‌ക്കുള്ള വായ്പക്കാരായി കണക്കാക്കാം. ഇതോടെ വായ്പകള്‍ക്ക് ഉയര്‍ന്ന പലിശ ഈടാക്കിയേക്കാം. വ്യക്തികളുടെ കൃത്യമല്ലാത്ത ക്രെഡിറ്റ് റിപ്പോര്‍ട്ടുകള്‍ ഭാവിയില്‍ അവര്‍ക്ക് വായ്പയെടുക്കാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് പോലും എത്തിച്ചേക്കാം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT