വിദ്യാഭ്യാസത്തിന് എടുക്കുന്ന വായ്പയില്‍ സാധാരണയായി സഹ അപേക്ഷകനായി മാതാപിതാക്കളോ രക്ഷിതാക്കളോ ആണ് ഉണ്ടാകാറുളളത്. എന്നാല്‍ രക്ഷിതാക്കള്‍ എടുത്തിരിക്കുന്ന വ്യക്തിഗത വായ്പകള്‍ പോലുളള മറ്റു വായ്പകളില്‍ ഏതെങ്കിലുമൊന്നില്‍ തിരിച്ചടവ് മുടങ്ങിയാല്‍ വിദ്യാഭ്യാസ വായ്പയെയും 'നിഷ്ക്രിയ വായ്പയായി' പരിഗണിക്കാറുണ്ട്. ഇത് മൂലം വിദ്യാഭ്യാസ വായ്പകളില്‍ തുടര്‍ന്ന് നല്‍കേണ്ട ഗഡുക്കൾ ധനകാര്യ സ്ഥാപനങ്ങള്‍ തടയുന്ന സംഭവങ്ങള്‍ ഉണ്ടാകുന്നു.
വിദ്യാര്‍ത്ഥികളുടെ തടസമില്ലാത്ത പഠനം ഉറപ്പാക്കുന്നതിനായി ഈ നടപടിയില്‍ മാറ്റം ഉണ്ടാകണമെന്നത് കുറേ കാലമായുളള ആവശ്യമാണ്. ഇതിനെ തുടര്‍ന്ന് ചില ബാങ്കുകള്‍ ഈ പ്രശ്നം ആര്‍.ബി.ഐ യുടെയും കേന്ദ്ര സര്‍ക്കാരിന്റെയും ശ്രദ്ധയില്‍പ്പെടുത്തിയിരിക്കുകയാണ്. അധികൃതര്‍ ഇതുസംബന്ധിച്ച് അനുഭാവപൂര്‍വമായ സമീപനം സ്വീകരിക്കുമെന്നാണ് കരുതുന്നത്.
ലോണ്‍ എടുക്കുന്നവരെ ആശ്രയിച്ചാണ് നിഷ്ക്രിയ ആസ്തികൾ (NPA) റിസർവ് ബാങ്ക് വേർതിരിച്ചിട്ടുള്ളത്. എന്‍.പി.എ കണക്കാക്കുന്നത് ഓരോ പ്രത്യേക അക്കൗണ്ടുകളെ അടിസ്ഥാനമാക്കിയല്ല. അതിനാല്‍ കടം വാങ്ങുന്നവരുടെ ഒരു വായ്പാ അക്കൗണ്ട് മോശമായാൽ, അവരുടെ മറ്റ് എല്ലാ വായ്പാ അക്കൗണ്ടുകളും നിഷ്ക്രിയമായി തരംതിരിക്കപ്പെടും. ഈ നിര്‍ദേശത്തില്‍ വിദ്യാഭ്യാസ വായ്പയില്‍ മാത്രം ആര്‍.ബി.ഐ ഇളവ് നല്‍കണമെന്ന ആവശ്യമാണ് പരക്കെയുളളത്.
നിലവിലുള്ള വിദ്യാഭ്യാസ വായ്പാ പദ്ധതി പ്രകാരം, 7.5 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് കൊളാറ്ററൽ സെക്യൂരിറ്റിയോ മൂന്നാം കക്ഷി ഗ്യാരണ്ടിയോ ആവശ്യമില്ല. എന്നാൽ മാതാപിതാക്കളെയോ രക്ഷിതാവിനെയോ സഹ-വായ്പക്കാരനായി പട്ടികപ്പെടുത്തേണ്ടതുണ്ട്.
പിഎം-വിദ്യാലക്ഷ്മി പദ്ധതി പ്രകാരം നിര്‍ദിഷ്ട ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എട്ട് ലക്ഷം രൂപ വരെ വാർഷിക കുടുംബ വരുമാനമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 10 ലക്ഷം രൂപ വരെയുള്ള വിദ്യാഭ്യാസ വായ്പകൾക്ക് പലിശയില്‍ 3 ശതമാനം സര്‍ക്കാര്‍ സഹായവും വാഗ്ദാനം ചെയ്യുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine