Image courtesy: Canva
Banking, Finance & Insurance

അര്‍ബന്‍ സഹകരണ ബാങ്ക് ലൈസന്‍സ്: നിബന്ധനകള്‍ കടുപ്പിച്ച് ആര്‍ബിഐ; കുറഞ്ഞ മൂലധനം 300 കോടി രൂപ

പുതിയ ലൈസന്‍സുകള്‍ നല്‍കുന്നതിനായി ചര്‍ച്ചാ രേഖ പുറത്തിറക്കി, ഫെബ്രുവരി 13 വരെ അഭിപ്രായം രേഖപ്പെടുത്താം

Dhanam News Desk

രാജ്യത്ത് പുതിയ അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്ക് (UCB) ലൈസന്‍സ് നല്‍കുന്ന കാര്യത്തില്‍ നിര്‍ണായക നീക്കവുമായി റിസര്‍വ് ബാങ്ക്. രണ്ട് പതിറ്റാണ്ടായി നിലനില്‍ക്കുന്ന നിയന്ത്രണങ്ങള്‍ നീക്കി പുതിയ ലൈസന്‍സുകള്‍ നല്‍കുന്നതിനായി ആര്‍ബിഐ ചര്‍ച്ചാ രേഖ (Discussion Paper) പുറത്തിറക്കി. എന്നാല്‍ പുതിയ ബാങ്കുകള്‍ക്ക് കടുത്ത നിബന്ധനകളാണ് ആര്‍ബിഐ മുന്നോട്ട് വെച്ചിരിക്കുന്നത്.

നിബന്ധനകള്‍ ഇങ്ങനെ

പുതിയ ബാങ്ക് ലൈസന്‍സിന് അപേക്ഷിക്കുന്ന സഹകരണ സംഘങ്ങള്‍ക്ക് കുറഞ്ഞത് 300 കോടി രൂപ പ്രവര്‍ത്തന മൂലധനം (Net Worth) ഉണ്ടായിരിക്കണം. മാത്രമല്ല അപേക്ഷിക്കുന്ന മള്‍ട്ടി-സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ക്ക് കുറഞ്ഞത് 10 വര്‍ഷത്തെ പ്രവര്‍ത്തന പരിചയം നിര്‍ബന്ധമാണ്. കഴിഞ്ഞ 5 വര്‍ഷമെങ്കിലും മികച്ച സാമ്പത്തിക ലാഭമുണ്ടാക്കിയ സംഘങ്ങള്‍ക്കായിരിക്കും മുന്‍ഗണന.

മാത്രമല്ല അപേക്ഷിക്കുന്ന സമയത്ത് മൂലധന പര്യാപ്തതാ അനുപാതം (CAR) 12 ശതമാനത്തില്‍ കുറയാനും അറ്റ നിഷ്‌ക്രിയ ആസ്തി (Net NPA) 3 ശതമാനത്തില്‍ കൂടാനും പാടില്ല.

നിലവിലുള്ള അര്‍ബന്‍ കോപ്പറേറ്റീവ് ബാങ്കുകളുടെ ശരാശരി മൂലധന പര്യാപ്തതാ അനുപാതം 18.0 ശതമാനമാണ്. നിലവില്‍ 92 ശതമാനം ബാങ്കുകള്‍ക്കും 12 ശതമാനത്തിന് മുകളില്‍ CAR ഉണ്ട്. 2015-ല്‍ ഇത് 83 ശതമാനം ബാങ്കുകള്‍ക്ക് മാത്രമായിരുന്നു.

പരാജയപ്പെടുന്നത് ഒഴിവാക്കാന്‍

ഈ ചര്‍ച്ചാ രേഖയിന്മേലുള്ള പൊതുജനങ്ങളുടെയും വിദഗ്ധരുടെയും അഭിപ്രായങ്ങള്‍ ലഭിച്ച ശേഷം, ആര്‍ബിഐ (RBI) അന്തിമ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കും. അഭിപ്രായങ്ങള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 13.

ചെറിയ സഹകരണ ബാങ്കുകള്‍ പരാജയപ്പെടുന്ന സാഹചര്യം ഒഴിവാക്കാനാണ് വലിയ സംഘങ്ങള്‍ക്ക് മാത്രം ലൈസന്‍സ് നല്‍കാന്‍ ആര്‍ബിഐ തീരുമാനിച്ചത്.

പുതിയ ബാങ്കുകള്‍ ചുരുങ്ങിയ കാലയളവിനുള്ളില്‍ സാമ്പത്തികമായി തകരുന്ന സാഹചര്യം കണ്ടതിനെ തുടര്‍ന്ന് 2004 മുതല്‍ പുതിയ ലൈസന്‍സുകള്‍ നല്‍കുന്നത് ആര്‍ബിഐ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ സഹകരണ മേഖലയിലുണ്ടായ ഗുണപരമായ മാറ്റങ്ങളും മെച്ചപ്പെട്ട ആസ്തി മൂല്യവും കണക്കിലെടുത്ത് നിയന്ത്രണങ്ങളോടെ ലൈസന്‍സ് പുനരാരംഭിക്കാനാണ് ഇപ്പോള്‍ നീക്കം നടക്കുന്നത്.

വാണിജ്യ ബാങ്കുകള്‍ക്ക് ബാധകമായതിന് സമാനമായ കര്‍ശനമായ ഭരണനിര്‍വ്വഹണ മാനദണ്ഡങ്ങള്‍ (Guardrails) സഹകരണ ബാങ്കുകള്‍ക്കും ബാധകമാക്കണമെന്നും ആര്‍ബിഐയുടെ ചര്‍ച്ചാ രേഖ നിര്‍ദ്ദേശിക്കുന്നു. പ്രൊഫഷണല്‍ ബോര്‍ഡ് അംഗങ്ങള്‍, സ്വതന്ത്ര ഡയറക്ടര്‍മാര്‍ എന്നിവരുടെ നിയമനത്തിനായി സഹകരണ നിയമങ്ങളില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്താനും ശുപാര്‍ശയുണ്ട്.

2025 മാര്‍ച്ച് 31 വരെയുള്ള കണക്ക് പ്രകാരം രാജ്യത്ത്‌ ആകെ 1,457 യുസിബികള്‍ ആണുള്ളത്‌. ഇതില്‍ 838 ബാങ്കുകള്‍ ടയര്‍-1 വിഭാഗത്തിലും 535 എണ്ണം ടയര്‍-2 വിലും, 78 എണ്ണം ടയര്‍-3 യിലും ആറെണ്ണം ടയര്‍-4 വിഭാഗത്തിലുമാണ്. ടയര്‍-3 ബാങ്കുകള്‍ക്കാണ് ഏറ്റവും കൂടുതല്‍ നിക്ഷേപ വിഹിതമുള്ളത് (34.4%).

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT