Sanjay Malhotra, RBI Governor Image Courtesy: X.com/UpscforAl
Banking, Finance & Insurance

ഓൺലൈൻ തട്ടിപ്പിന് ₹25,000 നഷ്ടപരിഹാരം; അർബൻ സഹകരണ ബാങ്കുകളെ ശക്തിപ്പെടുത്തും; വമ്പൻ നി‌ർദേശങ്ങളുമായി ആർബിഐ

ഡിജിറ്റൽ തട്ടിപ്പിൽ നഷ്ടപരിഹാരത്തിന് മാർ​ഗനിർദേശങ്ങളുമായി ആർബിഐ. എംഎസ്എംഇ സ്ഥാപനങ്ങൾക്ക് ഈടില്ലാതെ അനുവദിക്കാവുന്ന വായ്പ 20 ലക്ഷമാക്കി ഉയർത്തി. അർബൻ സഹകരണ ബാങ്കുകൾക്ക് ശക്തമായ പിന്തുണ നൽകാനും തീരുമാനം.

Dhanam News Desk

രാജ്യത്തെ കോടിക്കണക്കിന് ബാങ്കിം​ഗ് ഉപയോക്താക്കളെ നേരിട്ട് ​ഗുണപരമായി സ്വാധീനിക്കുന്ന നിരവധി നിയന്ത്രണ, നയപരമായ നടപടികളും നിർദേശങ്ങളും മുന്നോട്ടുവെച്ച് റിസ‌ർവ് ബാങ്കിന്റെ (ആർബിഐ) പണനയ സമതിയുടെ (എംപിസി) ഫെബ്രുവരിയിൽ (4-6) ചേർന്ന ദ്വൈമാസ അവലോകന യോ​ഗം സമാപിച്ചു.

ഉപഭോക്തൃ സംരക്ഷണം മെച്ചപ്പെടുത്തുന്നതിനും സാമ്പത്തിക ഉൾപ്പെടുത്തൽ (ഫിനാൻഷ്യൽ ഇൻക്ലൂഷൻ) ഊർജിതമാക്കുന്നതിനും ബാങ്കുകളുടെ ദൈന്യംദിന ബിസിനസ് പ്രവർത്തനങ്ങളുടെ ചെലവ് കുറയ്ക്കുന്നതിനുമുള്ള നടപടികളാണ് ആർബിഐ ​ഗവർണർ സജ്ഞയ് മൽഹോത്ര പ്രഖ്യാപിച്ചിരിക്കുന്നത്.

1. ഡിജിറ്റൽ തട്ടിപ്പുകൾക്ക് നഷ്ടപരിഹാരം

തെറ്റായ അവകാശവാദങ്ങളും വ്യാജ വ്യാ​ഗ്ദാനങ്ങളും നൽകി സാമ്പത്തിക സേവനങ്ങൾ അടിച്ചേൽപ്പിക്കുന്ന മിസ്-സെല്ലിങ് (Mis-selling), ലോൺ റിക്കവറി നടപടികളിലും റിക്കവറി ഏജന്റുമാരുടെ ഇടപെടലുകളെ സംബന്ധിച്ചുമുള്ള മാർ​ഗരേഖ, അനധികൃത ഇലക്ട്രോണിക് ബാങ്കിങ് ട്രാൻസാക്ഷനുകളിൽ ഉപഭോക്താക്കളുടെ ബാധ്യത പരിമിതപ്പെടുത്തുന്നതിനുള്ള നിർദേശം എന്നിങ്ങനെ ഉപഭോക്തൃ സംരക്ഷണവുമായി ബന്ധപ്പെട്ട മൂന്ന് കരട് മാർ​ഗനിർദേശങ്ങൾ ആർബിഐ ഉടൻ പുറത്തിറക്കുമെന്ന് സജ്ഞയ് മൽഹോത്ര വ്യക്തമാക്കി.

ഇതിന്റെ ഭാ​ഗമായി ചെറിയ തുകയുടെ ഡിജിറ്റൽ ബാങ്ക് തട്ടിപ്പുകളിൽ ഉപഭോക്താക്കൾക്ക് 25,000 രൂപ വരെ നഷ്ടപരിഹാരം നൽകുന്നതിനുള്ള ഒരു നിയമപരമായ ചട്ടക്കൂട് ഉടൻ ആവിഷ്കരിക്കാനും ആർബിഐ നിർദേശിച്ചിട്ടുണ്ട്.

അതുപോലെ ഡിജിറ്റൽ പണമിടപാടുകളുടെ സുരക്ഷ വർധിപ്പിക്കുന്നതിന് സ്വീകരിക്കാവുന്ന നടപടികളിൽ വിശദമായ മാർ​ഗരേഖ ഉടൻ പ്രസിദ്ധീകരിക്കും. മുതിർന്ന പൗരന്മാരുടെ ഡിജിറ്റൽ പണമിടപാടുകളിൽ പ്രത്യേകിച്ചും. ഒടിപിക്ക് പുറമെയുള്ള അധിക ഓഥന്റിക്കേഷൻ (Authentication) നടപടികൾ, അസാധാരണവും ഉയർന്ന തുകയുടെ കൈമാറ്റം വൈകിപ്പിക്കുക എന്നിങ്ങനെയുള്ള നിർദേശങ്ങളും ആർബിഐ മുന്നോട്ടുവെക്കും.

2. എംഎസ്എംഇ വായ്പ പരിധി ഉയർത്തി

രാജ്യത്തെ ചെറുകിട-സൂക്ഷ്മ വ്യവസായങ്ങൾ അഥവാ എംഎസ്എംഇ വിഭാ​ഗത്തിലുള്ള സ്ഥാപനങ്ങൾക്ക് ഈടൊന്നും നൽകാതെ (Collateral-free) അനുവദിക്കാവുന്ന വായ്പയുടെ പരിധി 20 ലക്ഷത്തിലേക്ക് ഉയർത്തി. നിലവിൽ ഈടില്ലാതെ ലഭിക്കുന്ന ഉയർന്ന വായ്പ 10 ലക്ഷം രൂപയായിരുന്നു. അതുപോലെ ജില്ലാതലത്തിൽ ബാങ്കിം​ഗ് സേവങ്ങളെ ഏകോപിപ്പിക്കുന്ന ലീഡ് ബാങ്ക് സ്കീമുമായി ബന്ധപ്പെട്ട വിവരങ്ങൾ മികച്ച രീതിയിൽ ലഭിക്കുന്നതിനായി ഒരു ഏകീകൃത റിപ്പോർട്ടിങ് പോർട്ടൽ സജ്ജമാക്കുമെന്നും ആർബിഐ ​ഗവർണർ പറഞ്ഞു.

റിയൽ എ​സ്റ്റേറ്റ് മേഖലയിലേക്കുള്ള സാമ്പത്തിക പിന്തുണ വർധിപ്പിക്കുന്നതിനായി നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്ന റിയൽ എ​സ്റ്റേറ്റ് ഇൻവെ​സ്റ്റ്മെന്റ് ട്രസ്റ്റുകൾക്ക് (REITs) വായ്പ നൽകുന്നതിന് ബാങ്കുകളെ അനുവദിക്കുമെന്നും സജ്ഞയ് മൽഹോത്ര വ്യക്തമാക്കി.

3. അർബൻ സഹകരണ ബാങ്കുകളെ ശക്തിപ്പെടുത്തും

രാജ്യത്തെ അർബൻ സഹകരണ ബാങ്കുകളുടെ ഭരണപരവും സാങ്കേതികവുമായ പ്രവർത്തന ശേഷി ശക്തിപ്പെടുത്തുന്നതിനുള്ള മാർ​ഗനിർദേശങ്ങളും ആർബിഐ നിർദേശിച്ചിട്ടുണ്ട്. ഇതിന്റെ ഭാ​ഗമായി സക്ഷം (SAKSHAM) പദ്ധതി ഉടൻ അവതരിപ്പിക്കും. അർബൻ സഹകരണ ബാങ്കുകളിലെ 1.4 ലക്ഷം സഹകാരികളെ പരിശീലിപ്പിക്കാൻ ഇതിലൂടെ ലക്ഷ്യമിടുന്നു.

അതുപോലെ മൂന്നാം നിര, നാലാം നിര അർബൻ സഹകരണ ബാങ്കുകൾക്ക് ഭവന വായ്പ അനുവദിക്കുന്നതിന് കാലാവധി, മൊറട്ടോറിയം എന്നിവയുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയിരുന്ന നിബന്ധനകൾ പിൻവലിക്കാനും ആ‌ർബിഐ നിർദേശം മുന്നോട്ടുവെച്ചിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT