വായ്പയെടുത്തവര്‍ക്ക് വലിയ ആശ്വാസം നല്‍കിക്കൊണ്ട് റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ച് 5.25 ശതമാനമാക്കി. ഇതോടെ 2025-ലെ ആകെ നിരക്കിളവ് 125 ബിപിഎസ് ആയി.
റിപ്പോ നിരക്കിലെ കുറവ്, ഭവനവായ്പകള്‍ക്ക് പുറമെ വ്യക്തിഗത വായ്പകള്‍, ചെറുകിട ബിസിനസ് വായ്പകള്‍, നിക്ഷേപങ്ങള്‍ എന്നിവയുടെ പലിശ നിരക്കുകള്‍ കുറയ്ക്കുന്നതിലേക്കും നയിക്കും. പുതിയ വായ്പകള്‍ക്കും പുതിയ നിക്ഷേപങ്ങള്‍ക്കുമാണ് ഈ മാറ്റം പ്രധാനമായും ബാധകമാകുന്നത്.
പുതിയതായി എടുക്കുന്ന എല്ലാത്തരം വായ്പകളുടെയും (ഭവനം, വ്യക്തിഗതം, വാഹനം, ബിസിനസ്) പലിശ നിരക്കുകള്‍ കുറയാന്‍ സാധ്യതയുണ്ട്. റിപ്പോ നിരക്ക് കുറയ്ക്കുന്നതിന് അനുസരിച്ച് ബാങ്കുകള്‍ സാധാരണയായി അവരുടെ നിക്ഷേപങ്ങളുടെ, പ്രത്യേകിച്ച് ഫിക്‌സഡ് ഡിപ്പോസിറ്റുകളുടെ (Fixed Deposits - FD) പലിശ നിരക്കുകളും കുറയ്ക്കും.
റിപ്പോ നിരക്ക് കുറച്ചതോടെ വായ്പാ ചെലവുകള്‍ കുറയുമെന്നും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ താങ്ങാനാവുന്ന അവസ്ഥ കൈവരുമെന്നുമാണ് ഇന്‍ഡസ്ട്രിയുടെ പ്രതീക്ഷ. ഭവന വായ്പ ഇഎംഐയില്‍ കുറവു വരുത്താനോ അല്ലെങ്കില്‍ വായ്പാ കാലാവധി ചുരുക്കുന്നതിനോ ഇത് വായ്പക്കാര്‍ക്ക് അവസരം നല്‍കും.
ഭവനവായ്പയെടുക്കുന്നവര്‍ക്ക് സമീപ വര്‍ഷങ്ങളിലെ ഏറ്റവും അനുകൂലമായ സാഹചര്യമാണ് ഇതോടെ ഉണ്ടായിരിക്കുന്നത്. നിലവില്‍ ഭവന വായ്പയെടുത്തിട്ടുള്ളവര്‍ക്ക് എത്ര തുക വരെ ലാഭിക്കാനാകുമെന്ന് നോക്കാം. ഉദാഹരണത്തിന് 50 ലക്ഷം രൂപ 8.5% പലിശയില്‍ 20 വര്‍ഷത്തേക്ക് ഭവന വായ്പയായി എടുത്തിട്ടുള്ളവരുടെ പ്രതിമാസ അടവില്‍ (ഇഎംഐ) ഏകദേശം 3,872 രൂപയുടെ കുറവുണ്ടാകാന്‍ സാധ്യതയുണ്ട്. മൊത്തം പലിശ ഇനത്തില്‍ ഏകദേശം 9.29 ലക്ഷം രൂപ കുറയും.
വായ്പക്കാര്‍ക്ക് ഇഎംഐ കുറയ്ക്കുന്നതിന് പകരം നിലവിലെ ഇഎംഐ തന്നെ അടച്ചുപോവുകയാണെങ്കില്‍ ലോണ്‍ കാലാവധി 42 മാസം വരെ കുറയ്ക്കാനും അതുവഴി മൊത്തം പലിശയിനത്തില്‍ 18.32 ലക്ഷത്തിലധികം ലാഭിക്കാനും കഴിയുമെന്ന് ബാങ്ക്ബസാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു
റിപ്പോ നിരക്കുമായി നേരിട്ട് ബന്ധിപ്പിച്ച ഫ്‌ലോട്ടിംഗ്-റേറ്റ് വായ്പകള്‍ക്കാണ് (Repo Rate linked floating-rate loans) ഈ ആനുകൂല്യം വേഗത്തില്‍ ലഭിക്കുക. MCLR (മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്സ് അധിഷ്ഠിത വായ്പാ നിരക്ക്) അല്ലെങ്കില്‍ ബാങ്കുകളുടെ മറ്റ് ആഭ്യന്തര മാനദണ്ഡങ്ങളുമായി ബന്ധിപ്പിച്ച വായ്പകളില്‍ ഈ കുറവ് പ്രതിഫലിക്കാന്‍ കൂടുതല്‍ സമയമെടുത്തേക്കാം. കാരണം, ബാങ്കുകളുടെ ഫണ്ടിംഗ് ചെലവാണ് അവയുടെ ആഭ്യന്തര നിരക്കുകള്‍ നിര്‍ണയിക്കുന്നത്.
എന്തായാലും ബാങ്കുകള്‍ ഈ ആനുകൂല്യം റീറ്റെയ്ല്‍ വായ്പക്കാര്‍ക്ക് കൈമാറുമ്പോള്‍ വായ്പാ ഡിമാന്‍ഡ് വര്‍ധിക്കുമെന്നാണ് കരുതുന്നത്. ഡിസംബര്‍ പാദത്തിലും 2026-ന്റെ തുടക്കത്തിലും ഭവന ഡിമാന്‍ഡ് ഉയരാന്‍ ഇത് ഇടയാക്കും. ഇടത്തരം, പ്രീമിയം സെഗ്മെന്റുകളിലായിരിക്കും ഇതിന്റെ പ്രതിഫലനം കൂടുതല്‍ കാണുകയെന്നാണ് വിദഗ്ധര്‍ പറയുന്നത്.
RBI repo rate cut to 5.25% may reduce home loan EMIs and interest burden significantly.
Read DhanamOnline in English
Subscribe to Dhanam Magazine