പ്രതീകാത്മക ചിത്രം Image : Canva /RBI
Banking, Finance & Insurance

അടിസ്ഥാന നിരക്കുകളിൽ മാറ്റം വരുത്താതെ ആർ.ബി.ഐ: സ്ഥിര നിക്ഷേപം, ഭവന വായ്പകളെ ഇത് എങ്ങനെ ബാധിക്കും?

റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുമ്പോൾ എഫ്.ഡി പലിശയിലും ഭവന വായ്പ ഇ.എം.ഐയിലും വലിയ വ്യതിയാനങ്ങളുണ്ടാകില്ല; ലാഡറിംഗ് തന്ത്രം എഫ്.ഡിയിൽ പരീക്ഷിക്കാം; എം.സി.എൽ.ആർ ബന്ധിത വായ്പകൾക്ക് വലിയ പ്രയോജനമില്ല

Dhanam News Desk

റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിർത്തിയതോടെ ബാങ്കുകളുടെ നിക്ഷേപ പലിശ നിരക്കുകൾക്കും ഭവന വായ്പ ഇ.എം.ഐക്കും വലിയ മാറ്റമുണ്ടാകില്ല. എഫ്.ഡി നിക്ഷേപകർക്ക് ലാഡറിംഗ് രീതി പിന്തുടരാമെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു. 2019 ഒക്ടോബറിന് ശേഷം എടുത്ത റിപ്പോ ബന്ധിത വായ്പകളിൽ പലിശ ഇളവ് വേഗത്തിൽ പ്രതിഫലിക്കുമ്പോൾ, എം.സി.എൽ.ആർ അടിസ്ഥാനമാക്കിയുള്ള പഴയ വായ്പകളിൽ ബാങ്കിന്റെ ഫണ്ട് ചെലവുകൾ ഉയർന്നാൽ ഇ.എം.ഐ വർധിക്കാം.

2025-ൽ തുടർച്ചയായി 125 അടിസ്ഥാന പോയിന്റ് (1.25%) വരെ അടിസ്ഥാന പലിശ നിരക്കുകൾ വെട്ടിക്കുറച്ചതിനു ശേഷം, റിസർവ് ബാങ്കിന്റെ (ആർ.ബി.ഐ) പണനയ സമിതി (MPC), ചേർന്ന അവസാന നാല് അവലോകന യോ​ഗങ്ങളിലും റിപ്പോ നിരക്ക് 5.25 ശതമാനത്തിൽ നിന്നും മാറ്റം വരുത്താൻ തയ്യാറായില്ല. പശ്ചിമേഷ്യൻ സംഘർഷവും വിതരണ ശൃംഖലയിലെ ആഗോള അനിശ്ചിതത്വങ്ങളും ക്രൂഡ് ഓയിൽ വിലയിലെ വ്യതിയാനങ്ങളും ഒക്കെ മുൻനിർത്തിയാണ് പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കാൻ ആർ.ബി.ഐ, രാജ്യത്തെ വായ്പ, നിക്ഷേപ പലിശ നിരക്കുകളെ സ്വാധീനിക്കാവുന്ന റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിർത്തിയത്.

എന്നാൽ ഈ തീരുമാനം വായ്പ എടുത്തവരെയും ബാങ്കുകളിൽ സ്ഥിരനിക്ഷേപം (FD) നടത്തിയവരെയും എങ്ങനെയാണ് ബാധിക്കുകയെന്ന് വിശദമായി പരിശോധിക്കാം.

എഫ്.ഡി നിക്ഷേപകർ അറിയേണ്ടത്

റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുന്നതിനാൽ ബാങ്ക് നിക്ഷേപങ്ങളുടെ പലിശ നിരക്കിലും പെട്ടെന്ന് മാറ്റമുണ്ടാകില്ല.

  • പൊതുമേഖലാ ബാങ്കുകൾ: 1 മുതൽ 3 വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 6.45% മുതൽ 6.60% വരെ പലിശ നൽകുന്നു. (ഉദാഹരണത്തിന് കാനറ, പി.എൻ.ബി, ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകൾ 6.60 ശതമാനവും എസ്.ബി.ഐ 6.45 ശതമാനം നിരക്കിലും ആദായം നൽകുന്നു).

  • സ്വകാര്യ ബാങ്കുകൾ: ആർ.ബി.എൽ ബാങ്ക് (7.20%), യെസ് ബാങ്ക് (7.00%), കൊട്ടക് മഹീന്ദ്ര (6.80%) എന്നിങ്ങനെ വിവിധ സ്വകാര്യ വാണിജ്യ ബാങ്കുകൾ ഉയർന്ന നിരക്കിലുള്ള ആദായം വാഗ്ദാനം ചെയ്യുന്നുണ്ട്. എച്ച്.ഡി.എഫ്.സി ബാങ്ക് 6.45% നിരക്കിലും പലിശ നൽകുന്നുണ്ട്.

  • മുതിർന്ന പൗരന്മാർ: സാധാരണക്കാർക്ക് ലഭിക്കുന്നതിനേക്കാൾ 0.25% മുതൽ 0.75% വരെ അധിക പലിശ ലഭിക്കും.

നിക്ഷേപം മുഴുവൻ ഒരൊറ്റ എഫ്.ഡി സ്കീമിൽ നിക്ഷേപിക്കുന്നതിന് പകരം, വ്യത്യസ്ത കാലാവധികളുള്ള എഫ്.ഡി സ്കീമുകളിലായി വിഭജിച്ച് നിക്ഷേപിക്കുന്ന 'എഫ്.ഡി ലാഡറിംഗ്' (FD Laddering) രീതി പിന്തുടരാനാണ് സാമ്പത്തിക വിദ​ഗ്ധർ നിർദ്ദേശിക്കുന്നത്.

ഭവന വായ്പ ഇ.എം.ഐയിൽ സ്ഥിരത

വായ്പ എടുത്തവർക്ക് നിരക്ക് മാറാത്തതിന്റേതായ പുതിയ ആനുകൂല്യമൊന്നും ലഭിക്കില്ലെങ്കിലും പ്രതിമാസ തിരിച്ചടവ് (ഇ.എം.ഐ) തുക വർധിക്കില്ലെന്ന ആശ്വാസമുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ പലിശ നിരക്ക് കുറച്ചതിലൂടെയുള്ള വലിയ നേട്ടം ഇതിനകം വായ്പക്കാർക്ക് ലഭിച്ചിട്ടുണ്ട്.

ഉദ്ദാഹരണത്തിന്: 50 ലക്ഷം രൂപയുടെ 20 വർഷ കാലാവധിയുള്ള വായ്പയിൽ പലിശ നിരക്ക് 8.50 ശതമാനത്തിൽ നിന്ന് 7.25 ശതമാനമായി താഴ്ന്നപ്പോൾ, പ്രതിമാസ ഇ.എം.ഐ 43,391 രൂപയിൽ നിന്ന് 39,519 രൂപയായി സാവധാനമെങ്കിലും കുറഞ്ഞിട്ടുണ്ട്. ഇതിലൂടെ പ്രതിമാസം 3,872 രൂപയുടെ ഇളവും വായ്പാ കാലാവധിയിലുടനീളം 9.29 ലക്ഷത്തിലധികം രൂപയുടെ പലിശ ലാഭത്തിനുള്ള സാധ്യതയും തുറന്നിട്ടു.

നിലവിൽ പ്രമുഖ ബാങ്കുകളിൽ ഭവന വായ്പാ പലിശ 7.10% (ബാങ്ക് ഓഫ് ഇന്ത്യ) മുതൽ 8.00% (ആക്സിസ് ബാങ്ക്) വരെയാണ്. എസ്.ബി.ഐ 7.25 ശതമാനവും എച്ച്.ഡി.എഫ്.സി ബാങ്ക് 7.75 ശതമാനവും നിരക്കിൽ ഭവന വായ്പകൾ നൽകുന്നു.

എല്ലാ ഉപഭോക്താക്കൾക്കും നേട്ടം ലഭിക്കുമോ?

ഇവിടെയാണ് വായ്പയുടെ ഘടനയിലെ വ്യത്യാസം പ്രസക്തമാകുന്നത്. നിങ്ങളുടെ വായ്പയുടെ നിരക്ക് ഏത് മാനദണ്ഡവുമായി (Benchmark) ബന്ധിപ്പിച്ചിരിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും പലിശയിലെ മാറ്റം വരുന്നത്.

  • റിപ്പോ ബന്ധിത വായ്പ (RLLR) -------► ആർ.ബി.ഐ റിപ്പോ നിരക്കിനൊപ്പം പെട്ടെന്ന് മാറും (2019 ഒക്ടോബറിന് ശേഷം).

  • എം.സി.എൽ.ആർ ബന്ധിത വായ്പ -------► ബാങ്കിന്റെ ആഭ്യന്തര ഫണ്ട് ചെലവുകളെ ആശ്രയിച്ചിരിക്കുന്നു.

2019 ഒക്ടോബറിന് ശേഷമെടുത്ത വായ്പകൾ റിപ്പോ നിരക്കുമായി നേരിട്ട് ബന്ധിപ്പിച്ചിട്ടുള്ളതിനാൽ (ആർ.എൽ.എൽ.ആർ) പലിശ ഇളവ് പെട്ടെന്ന് പ്രതിഫലിക്കും. എന്നാൽ, അതിനും മുമ്പ് എടുത്തിട്ടുള്ള പഴയ വായ്പകൾ എം.സി.എൽ.ആർ (Marginal Cost of Funds Based Lending Rate) അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിൽ ബാങ്കുകളുടെ ആഭ്യന്തര ഫണ്ട് ചെലവുകൾ വർധിക്കുമ്പോൾ റിപ്പോ നിരക്ക് മാറിയില്ലെങ്കിലും ഇ.എം.ഐ തുക ഉയരാൻ സാധ്യതയുണ്ട്.

അതുകൊണ്ട് തന്നെ നിലവിലുള്ള വായ്പ എം.സി.എൽ.ആർ മാനദണ്ഡത്തിൽ തുടരുന്നവർ, അനുയോജ്യമായ പ്രോസസിംഗ് ചാർജ് നൽകി റിപ്പോ ബന്ധിത വായ്പകളിലേക്ക് (ആർ.എൽ.എൽ.ആർ) മാറുന്നത് ലാഭകരമാണോ എന്ന് തങ്ങളുടെ വ്യക്തി​ഗത സാഹചര്യങ്ങളുമായി ഒത്തുനോക്കി വിലയിരുത്തുന്നത് ഉചിതമായിരിക്കും.

പണനയ പ്രഖ്യാപനം: മറ്റ് പ്രധാന വിവരങ്ങൾ ഒറ്റനോട്ടത്തിൽ

പണനയ സമീപനത്തിൽ നിഷ്പക്ഷ നിലപാട് തുടരുന്നു: ആഭ്യന്തര സാമ്പത്തിക വളർച്ചയുടെ കരുത്തും പശ്ചിമേഷ്യൻ സംഘർഷങ്ങൾ, അസ്ഥിരമായ ക്രൂഡ് ഓയിൽ വില, വ്യാപാര മേഖലയിലെ തടസ്സങ്ങൾ തുടങ്ങിയ ആഗോള വെല്ലുവിളികളും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്തിക്കൊണ്ടാണ് ഈ തീരുമാനം.

പണപ്പെരുപ്പത്തിൽ ജാഗ്രത: വിലേയറിയ ലോഹങ്ങൾ ഒഴികെയുള്ള കോർ പണപ്പെരുപ്പം (Core Inflation) അനുകൂലമായ നിലയിൽ തുടരുന്നുണ്ടെങ്കിലും ഉയർന്ന ഊർജ്ജ വിലയും വിതരണ ശൃംഖലയിലെ തടസ്സങ്ങളും കാരണം ഹ്രസ്വകാലയളവിൽ പൊതുവായ വിലക്കയറ്റം (Headline Inflation) ഉയരാൻ സാധ്യതയുണ്ടെന്ന് ആർ.ബി.ഐ മുന്നറിയിപ്പ് നൽകി.

പണലഭ്യത ക്രമീകരണങ്ങളിലും മാറ്റമില്ലാതെ: സാമ്പത്തിക വിപണിയിലെ പണലഭ്യതയും (Liquidity) നിരക്ക് സംബന്ധിച്ച സൂചകങ്ങളും സ്ഥിരതയുള്ളതാക്കാൻ ലക്ഷ്യമിട്ടുള്ള അടിസ്ഥാന പണനയ നിരക്കുകൾ മാറ്റമില്ലാതെ നിലനിർത്തി. എസ്.ഡി.എഫ് 5.0 ശതമാനത്തിലും എം.എസ്.എഫ് / ബാങ്ക് റേറ്റ് 5.5 ശതമാനത്തിലുമാണ് ക്രമീകരിച്ചിരിക്കുന്നത്.

വളർച്ചാ അനുമാനത്തിൽ ആത്മവിശ്വാസം: നടപ്പ് സാമ്പത്തിക വർഷത്തെ (FY27) ജി.ഡി.പി വളർച്ചാ പ്രവചനം ആർ.ബി.ഐ ഉയർത്തിയിട്ടുണ്ട്. അതേസമയം പണപ്പെരുപ്പം 5 ശതമാനത്തിനടുത്ത് നിലനിർത്താനാണ് ലക്ഷ്യമിടുന്നത്. വളർച്ചാ സാധ്യതകളിൽ ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും വില സ്ഥിരതയ്ക്കായുള്ള കർശന ജാഗ്രത തുടരുമെന്ന് നയം വ്യക്തമാക്കുന്നു.

പുതിയ അർബൻ സഹകരണ ബാങ്കുകൾക്ക് ലൈസൻസ് നൽകുന്നു: ജനുവരി 13-ലെ ചർച്ചാ വിഷയങ്ങളുടെ അടിസ്ഥാനത്തിലും ലഭിച്ച നിർദ്ദേശങ്ങൾ പരിഗണിച്ചും പുതിയ അർബൻ സഹകരണ ബാങ്കുകൾക്ക് ലൈസൻസ് നൽകുന്ന നടപടികൾ പുനരാരംഭിക്കുന്നതിനുള്ള കരട് മാർഗനിർദ്ദേശങ്ങൾ ഉടൻ പുറത്തിറക്കും.

പ്ലാസ്റ്റിക് കറൻസി നോട്ട്: നിലവിലെ നടപടിക്രമങ്ങൾ വിചാരിച്ച രീതിയിൽ പുരോ​ഗമിക്കുകയാണെങ്കിൽ അടുത്ത സാമ്പത്തിക വർഷമാദ്യത്തോടെ പ്ലാസ്റ്റിക് കറൻസി നോട്ടുകൾ പുറത്തിറക്കാന കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ആർ.ബി.ഐ അറിയിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT