Banking, Finance & Insurance

എന്‍.ബി.എഫ്.സികള്‍ക്ക് ഇനി വേഗത്തില്‍ വളരാം; ശാഖകള്‍ തുടങ്ങാന്‍ ആര്‍ബിഐയുടെ മുന്‍കൂര്‍ അനുമതി വേണ്ട!

നിക്ഷേപം സ്വീകരിക്കുന്ന എന്‍ബിഎഫ്‌സികളുടെ ചില നിയന്ത്രണങ്ങള്‍ ആര്‍ബിഐ നിലനിര്‍ത്തിയിട്ടുണ്ട്

Dhanam News Desk

ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് (NBFC) കൂടുതല്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കിക്കൊണ്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) നിര്‍ണായക നീക്കം. ഇനി മുതല്‍ പ്രത്യേക നിയന്ത്രണങ്ങള്‍ ഇല്ലാത്ത പക്ഷം, ആര്‍ബിഐയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ തന്നെ പുതിയ ശാഖകള്‍ തുടങ്ങാന്‍ എന്‍ബിഎഫ്സികള്‍ക്ക് സാധിക്കും. രാജ്യത്തെ ബിസിനസ് അന്തരീക്ഷം കൂടുതല്‍ സുഗമമാക്കുന്നതിന്റെ (Ease of Doing Business) ഭാഗമായാണ് ഈ നടപടി.

നേരത്തെ നിശ്ചിത വിഭാഗത്തില്‍പ്പെട്ട എന്‍ബിഎഫ്സികള്‍ക്ക് പുതിയ ബ്രാഞ്ചുകള്‍ തുടങ്ങണമെങ്കില്‍ കേന്ദ്ര ബാങ്കിന്റെ പ്രത്യേക അനുമതിയോ അല്ലെങ്കില്‍ മുന്‍കൂട്ടിയുള്ള അറിയിപ്പോ ആവശ്യമായിരുന്നു. എന്നാല്‍ ബുധനാഴ്ച പുറത്തിറക്കിയ പുതിയ ഭേദഗതിയോടെ ഈ കടമ്പകള്‍ നീങ്ങി. ഇതോടെ എന്‍ബിഎഫ്സികള്‍ക്ക് കൂടുതല്‍ വേഗത്തില്‍ ശാഖാ ശൃംഖല വിപുലീകരിക്കാന്‍ സാധിക്കും.

ചില നിയന്ത്രണങ്ങള്‍

എങ്കിലും പൊതുജനങ്ങളില്‍ നിന്ന് നിക്ഷേപം സ്വീകരിക്കുന്ന എന്‍ബിഎഫ്സികളുടെ (Deposit-taking NBFCs) കാര്യത്തില്‍ അവയുടെ സാമ്പത്തിക ഭദ്രതയും ക്രെഡിറ്റ് റേറ്റിംഗും കണക്കിലെടുത്ത് ചില നിയന്ത്രണങ്ങള്‍ ആര്‍ബിഐ നിലനിര്‍ത്തിയിട്ടുണ്ട്. 50 കോടി രൂപ വരെ അറ്റാദായമുള്ള (NOF) അല്ലെങ്കില്‍ AA-ല്‍ താഴെ ക്രെഡിറ്റ് റേറ്റിംഗുള്ള സ്ഥാപനങ്ങള്‍ക്ക് സ്വന്തം സംസ്ഥാനത്തിന് ഉള്ളില്‍ മാത്രമേ പുതിയ ശാഖകള്‍ തുടങ്ങാനാകൂ. 50 കോടിക്ക് മുകളില്‍ അറ്റാദായവും AA-യോ അതിനു മുകളിലോ ക്രെഡിറ്റ് റേറ്റിംഗും ഉള്ള സ്ഥാപനങ്ങള്‍ക്ക് ഇന്ത്യയില്‍ എവിടെയും ശാഖകള്‍ ആരംഭിക്കാം. 50 കോടിക്ക് മുകളില്‍ അറ്റാദായമുണ്ടെങ്കിലും റേറ്റിംഗ് AA-ല്‍ താഴെയാണെങ്കില്‍ ആ സംസ്ഥാനത്തിന് പുറത്തേക്ക് ശാഖകള്‍ വ്യാപിപ്പിക്കാന്‍ സാധിക്കില്ല.

സിഐസികളിലും മാറ്റം

കോര്‍ ഇന്‍വെസ്റ്റ്മെന്റ് കമ്പനികളുടെ (CIC) വിദേശത്തുള്ള പ്രതിനിധി ഓഫീസുകളുടെ കാര്യത്തിലും ആര്‍ബിഐ ഭേദഗതി വരുത്തി. നിബന്ധനകള്‍ ലംഘിച്ചാല്‍ വിദേശ ഓഫീസുകള്‍ പൂര്‍ണമായി അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശിക്കുന്നതിന് പകരം, അവയ്ക്ക് നല്‍കിയിട്ടുള്ള അനുമതി പുനഃപരിശോധിക്കാനോ റദ്ദാക്കാനോ ഉള്ള സംവിധാനമാണ് പുതുതായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ നിയമങ്ങള്‍ ഉടനടി പ്രാബല്യത്തില്‍ വരുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT