Image by Canva 
Banking, Finance & Insurance

വായ്പ കുടിശിക പാടില്ല, ബുള്ളറ്റ് വായ്പകള്‍ക്ക് 12 മാസം കാലാവധി, സ്വര്‍ണപണയത്തിലെ പുതിയ നിയമങ്ങള്‍ ബാങ്കുകള്‍ക്കും എന്‍.ബി.എഫ്.സികള്‍ക്കും തിരിച്ചടിയോ?

വായ്പ തിരിച്ചടവ് രീതികളിലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

Dhanam News Desk

ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സ്വര്‍ണപ്പണയ വായ്പ നല്‍കുന്ന ബാങ്കുകളുടെയും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെയും (NBFCs) ലാഭവിഹിതത്തെയും (Margins) വളര്‍ച്ചയെയും ബാധിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.

സ്വര്‍ണത്തിന്റെ മൂല്യത്തിനനുസരിച്ച് നല്‍കാവുന്ന വായ്പാ തുകയില്‍ (LTV - Loan to Value) ആര്‍.ബി.ഐ മാറ്റം വരുത്തിയിട്ടുണ്ട്. ഇതിനോടൊപ്പം വായ്പ തിരിച്ചടവ് രീതികളിലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

2025 ജൂണിലാണ് ബാങ്കുകള്‍, എന്‍ബിഎഫ്സികള്‍ (NBFCs), സഹകരണ ബാങ്കുകള്‍ എന്നിവയ്ക്കായി ആര്‍ബിഐ ഏകീകൃതമായ സ്വര്‍ണ വായ്പാ ചട്ടങ്ങള്‍ പുറപ്പെടുവിച്ചത്. പുതിയ നിയമപ്രകാരം വായ്പാ തുകയ്ക്കും തിരിച്ചടവ് രീതിക്കുമനുസരിച്ച് വായ്പാ മൂല്യത്തില്‍ (LTV) വ്യത്യാസമുണ്ടാകും.

മാറ്റങ്ങള്‍ ഇങ്ങനെ

  • 2.5 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് സ്വര്‍ണവിലയുടെ 85% വരെ വായ്പ (LTV) ലഭിക്കും. 2.5 ലക്ഷം മുതല്‍ 5 ലക്ഷം വരെ 80 ശതമാനമാണ് എല്‍.ടി.വി. 5 ലക്ഷത്തിന് മുകളില്‍ 75 ശതമാനം മാത്രമായിരിക്കും എല്‍.ടി.വി.

  • വായ്പയുടെ കാലാവധി കഴിയുമ്പോള്‍ പലിശയും മുതലും ഒരുമിച്ച് അടയ്ക്കുന്ന ബുള്ളറ്റ് റീപേയ്മെന്റ് വായ്പകള്‍ക്ക് പരമാവധി കാലാവധി 12 മാസമായി നിജപ്പെടുത്തിയിട്ടുണ്ട്.

  • പഴയ വായ്പകള്‍ പുതുക്കുമ്പോള്‍ പലിശയും മുതലും പൂര്‍ണമായും അടച്ച ശേഷം മാത്രമേ സ്വര്‍ണം വീണ്ടും പണയം വെക്കാന്‍ അനുവദിക്കൂ.

  • വായ്പാ കാലാവധിയിലുടനീളം പലിശ അടക്കം ഈ അനുപാതം നിലനിര്‍ത്തേണ്ടതുണ്ട്.

ആഗോള അനിശ്ചിതത്വം കണക്കിലെടുത്ത് ഈ നിയമങ്ങള്‍ നടപ്പിലാക്കാന്‍ ആറ് മാസത്തെ സാവകാശം സ്വര്‍ണ വായ്പാ കമ്പനികളുടെ സംഘടന ആവശ്യപ്പെട്ടെങ്കിലും ആര്‍ബിഐ അത് അംഗീകരിച്ചില്ല.

സ്ഥാപനങ്ങളെ എങ്ങനെ ബാധിക്കും?

നിലവില്‍ പല എന്‍.ബി.എഫ്.സികളും ഉയര്‍ന്ന എല്‍.ടി.വി നല്‍കി ഉപഭോക്താക്കളെ ആകര്‍ഷിച്ചിരുന്നു. എന്നാല്‍ പുതിയ നിയന്ത്രണങ്ങള്‍ വരുന്നതോടെ വായ്പാ വിതരണത്തില്‍ കുറവുണ്ടാകാന്‍ സാധ്യതയുണ്ട്.

വായ്പാ വിതരണത്തിലെ കുറവും പ്രവര്‍ത്തന ചെലവ് വര്‍ധിക്കുന്നതും സ്ഥാപനങ്ങളുടെ ലാഭവിഹിതത്തില്‍ ഇടിവുണ്ടാക്കിയേക്കാം.

നേരത്തെ സ്വര്‍ണത്തിന്റെ മൂല്യം മാത്രം നോക്കി വായ്പ നല്‍കിയിരുന്ന സ്ഥാനത്ത്, ഇനി മുതല്‍ സ്വര്‍ണത്തെ ഒരു ഈടായി (Collateral) മാത്രമെ പരിഗണിക്കുന്നുള്ളൂ എന്നതാണ് പ്രധാന മാറ്റമെന്ന് ഒരു പൊതുമേഖലാ ബാങ്ക് ഉദ്യോഗസ്ഥന്‍ പറഞ്ഞു. 2.5 ലക്ഷത്തിന് മുകളിലുള്ള വായ്പകള്‍ക്ക് വരുമാന രേഖകള്‍ പരിശോധിക്കേണ്ടത് നിര്‍ബന്ധമാക്കിയതും ബുള്ളറ്റ് ലോണുകള്‍ പുതുക്കുന്നതിന് മുന്‍പ് പലിശ അടയ്ക്കണമെന്ന വ്യവസ്ഥയും വായ്പാ വിതരണത്തെ ബാധിച്ചേക്കാം. കര്‍ശനമായ നിബന്ധനകള്‍ മറികടക്കാന്‍ ഉപഭോക്താക്കള്‍ വായ്പാ തുക വിഭജിക്കാനോ (Split loans) ഒന്നിലധികം ബാങ്കുകളെ സമീപിക്കാനോ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 2.5 ലക്ഷത്തിന് മുകളിലുള്ള വായ്പകള്‍ക്ക് കൂടുതല്‍ രേഖകള്‍ ആവശ്യമായി വരുന്നത് വായ്പാ വിതരണ വേഗതയെ കുറയ്ക്കും.

കഴിഞ്ഞ സാമ്പത്തിക വര്‍ഷങ്ങളില്‍ സ്വര്‍ണപ്പണയ രംഗത്തുണ്ടായ വന്‍ കുതിപ്പിന് ഈ നിയന്ത്രണങ്ങള്‍ ബ്രേക്ക് ഇടാനും സാധ്യതയുണ്ട്.

ഐസിആര്‍എ (ICRA) നല്‍കുന്ന സൂചനകള്‍ പ്രകാരം, എന്‍ബിഎഫ്സികളുടെ സ്വര്‍ണപ്പണയ വായ്പാ വളര്‍ച്ച 2026 സാമ്പത്തിക വര്‍ഷത്തിലെ 60-65 ശതമാനത്തില്‍ നിന്ന് 2027-ല്‍ 17-19 ശതമാനമായി കുറയാന്‍ സാധ്യതയുണ്ട്.

ഉപഭോക്താക്കള്‍ക്ക് നേട്ടമോ?

സ്ഥാപനങ്ങള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ വെല്ലുവിളിയാണെങ്കിലും ഉപഭോക്താക്കള്‍ക്ക് ഇത് സുരക്ഷിതത്വം വര്‍ധിപ്പിക്കുന്നു. സ്വര്‍ണം തിരിച്ചുകിട്ടുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ 7 പ്രവൃത്തി ദിവസത്തിനുള്ളില്‍ ആഭരണങ്ങള്‍ തിരികെ നല്‍കണമെന്ന് ആര്‍.ബി.ഐ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ പ്രതിദിനം 5,000 രൂപപിഴ നല്‍കേണ്ടി വരും. സ്വര്‍ണപ്പണയ വിപണിയില്‍ കൂടുതല്‍ സുതാര്യത കൊണ്ടുവരാനാണ് ഇതു വഴി ആര്‍.ബി.ഐ ശ്രമിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT