വായ്പ തിരിച്ചടവില്‍ വീഴ്ച വരുത്തിയവര്‍ക്ക് (Defaulting borrowers) വീണ്ടും പണം നല്‍കുന്നതുമായി ബന്ധപ്പെട്ട് ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് (NBFCs) റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ഇത്തരം വായ്പകള്‍ അനുവദിക്കുന്നതിന് കൃത്യമായ മാനദണ്ഡങ്ങളുള്ള, ഭരണസമിതി (Board) അംഗീകരിച്ച പോളിസി വേണമെന്ന് ആര്‍ബിഐ നിര്‍ദ്ദേശിച്ചതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട്.
നിലവില്‍ വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്തിയവര്‍ക്ക് വീണ്ടും വായ്പ നല്‍കുന്ന നയത്തെക്കുറിച്ച് കുറഞ്ഞത് മൂന്ന് ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളോട് (NBFC) ആര്‍.ബി.ഐ വിശദീകരണം തേടിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ കമ്പനികളുടെ വാര്‍ഷിക കണക്കെടുപ്പ് പരിശോധിച്ച ഉദ്യോഗസ്ഥരാണ് ഈ വിഷയം ഉന്നയിച്ചത്. ഒരു ഉപഭോക്താവിന്റെ വായ്പാ തിരിച്ചടവ് വൈകുകയും (Overdue), എന്നാല്‍ അത് ഇതുവരെ നിഷ്‌ക്രിയ ആസ്തിയായി (NPA) കണക്കാക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍, അവര്‍ക്ക് വീണ്ടും വായ്പ നല്‍കുന്നതിന് ബോര്‍ഡ് അംഗീകരിച്ച കൃത്യമായ നയം ഉണ്ടായിരിക്കണമെന്ന് ആര്‍.ബി.ഐ വ്യക്തമാക്കി.
വാഹന വായ്പ തിരിച്ചടവില്‍ വീഴ്ച വരുത്തിയ ഒരാള്‍ക്ക് തന്നെ വസ്തുവോ വീടോ ഈട് നല്‍കിയുള്ള പുതിയ വായ്പകള്‍ (Loan against property or home loan) അനുവദിച്ച സംഭവങ്ങള്‍ ആര്‍ബിഐ ഇന്‍സ്‌പെക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
ബോധപൂര്‍വം തിരിച്ചടവ് മുടക്കിയവര്‍ക്കും നിഷ്‌ക്രിയ ആസ്തിയായിപ്രഖ്യാപിക്കപ്പെട്ടവര്‍ക്കും വീണ്ടും വായ്പ നല്‍കുന്നതിന് മുന്‍പ് എന്‍ബിഎഫ്സികള്‍ കര്‍ശനമായ പരിശോധനകള്‍ നടത്തണം. തിരിച്ചടവ് മുടക്കിയവര്‍ക്ക് പണം നല്‍കണമെന്നുണ്ടെങ്കില്‍ അതിന് വ്യക്തമായ കാരണങ്ങളും മാനദണ്ഡങ്ങളും ഉള്‍പ്പെടുത്തിയ ഒരു നയം എന്‍ബിഎഫ്സിയുടെ ബോര്‍ഡ് അംഗീകരിച്ചിരിക്കണമെന്നും ആര്‍.ബി.ഐ നിര്‍ദേശിക്കുന്നു.
നിലവിലുള്ള വായ്പകള്‍ തിരിച്ചടയ്ക്കാന്‍ സാധിക്കാത്തവര്‍ക്ക് അത് മറച്ചുപിടിക്കാനായി പുതിയ വായ്പകള്‍ നല്‍കുന്ന രീതി (Evergreening of loans) തടയാനാണ് ആര്‍ബിഐ ലക്ഷ്യമിടുന്നത്. റിയല്‍ എസ്റ്റേറ്റ് മേഖലയിലോ മറ്റോ വലിയ തുകയുടെ തിരിച്ചടവ് മുടങ്ങിയവര്‍ക്ക് വീണ്ടും വായ്പ നല്‍കുന്നത് കൂടുതല്‍ നിരീക്ഷണത്തിന് വിധേയമാക്കും.
എന്‍ബിഎഫ്സികളുടെ ആസ്തി ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും സാമ്പത്തിക ക്രമക്കേടുകള്‍ ഒഴിവാക്കുന്നതിനുമാണ് ഈ നടപടി. ഇതിലൂടെ വായ്പാ വിതരണത്തില്‍ കൂടുതല്‍ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കാന്‍ സാധിക്കുമെന്ന് കരുതപ്പെടുന്നു.
RBI tightens rules for NBFCs on lending to defaulting borrowers, mandating board-approved policies to prevent loan evergreening and improve asset quality.
Read DhanamOnline in English
Subscribe to Dhanam Magazine