Image : Canva and RBI 
Banking, Finance & Insurance

ഒരു വായ്പക്ക് പല ചാര്‍ജ്, ബാങ്കുകളുടെ പിഴിച്ചിലിനെതിരെ ഇടപെടാന്‍ ഒരുങ്ങി റിസര്‍വ് ബാങ്ക്

ഒരേ കാര്യത്തിന് പല ബാങ്കുകളിലെ ഉപയോക്താക്കള്‍ പല നിരക്കില്‍ ഫീസ് നല്‍കേണ്ടി വരുന്നതാണ് നിലവിലെ സ്ഥിതി

Dhanam News Desk

വായ്പ എടുക്കാന്‍ പ്രോസസിംഗ് ചാര്‍ജ്, ഡബിറ്റ് കാര്‍ഡിന് സര്‍വീസ് ചാര്‍ജ്... ബാങ്കുകളുടെ ഇത്തരം പിഴിയല്‍ അവസാനിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് ഇടപെട്ടേക്കും. ഫീസിനത്തില്‍ ഇന്ത്യയിലെ ബാങ്കുകളുടെ വരുമാനം ഗണ്യമായി ഇടിക്കുമെങ്കിലും ഉപയോക്താക്കള്‍ക്ക് ഇത് വലിയ ആശ്വാസമാവും.

ഇടപാടുകാരെ അകറ്റുന്ന വിധം

ലോണ്‍ പ്രോസസിംഗ് ചാര്‍ജ്, ഡബിറ്റ് കാര്‍ഡ് ചാര്‍ജ്, മിനിമം ബാലന്‍സില്ലാത്തതിന് പിഴ, വൈകിയുള്ള പേമെന്റുകള്‍ക്ക് പെനാല്‍റ്റി എന്നിവയെല്ലാം ഉപയോക്താക്കളെ ബാങ്കുകളില്‍ നിന്ന് അകറ്റുന്ന നടപടിയാണെന്ന സന്ദേശം ഈയിടെ റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ ബാങ്കുകള്‍ക്ക് കൈമാറിയിട്ടുണ്ട്. എന്നാല്‍ അത് വ്യക്തമായ നിര്‍ദേശമായി വരുന്ന മുറക്കു മാത്രമാണ് ബാങ്കുകള്‍ നടപ്പാക്കുക.

റീട്ടെയ്ല്‍ വായ്പാ മേഖല തഴച്ചു വളരുന്നു

കോര്‍പറേറ്റ് വായ്പകള്‍ മാത്രമല്ല ബാങ്കുകള്‍ക്ക് ഇന്ന് ആകര്‍ഷകം. പേഴ്‌സണല്‍ ലോണ്‍, വാഹന വായ്പ, ചെറു ബിസിനസ് വായ്പകള്‍ തുടങ്ങി ചില്ലറ വായ്പകളില്‍ നിന്ന് ബാങ്കുകള്‍ക്കുള്ള വരുമാനം വര്‍ധിക്കുകയാണ്. പ്രോസസിംഗ് ഫീസും മറ്റും ഉയര്‍ന്നു നില്‍ക്കുന്നത് സാധാരണക്കാരെ ബുദ്ധിമുട്ടിക്കുകയുമാണ്. സര്‍ചാര്‍ജും മറ്റുമായി ഈടാക്കുന്ന ഫീസിന് വ്യക്തമായൊരു രൂപമില്ല. അര ശതമാനം മുതല്‍ രണ്ടര ശതമാനം വരെയാണ് റീട്ടെയില്‍, ചെറു ബിസിനസ് വായ്പകള്‍ക്ക് ബാങ്കുകള്‍ ഈടാക്കുന്നത്. ചില ബാങ്കുകള്‍ ഭവന വായ്പക്ക് ഈടാക്കുന്ന പ്രോസസിംഗ് ചാര്‍ജ് 25,000 രൂപയെന്ന് പരിമിതപ്പെടുത്തിയിട്ടുണ്ട്. ഒരേ കാര്യത്തിന് പല ബാങ്കുകളിലെ ഉപയോക്താക്കള്‍ പല നിരക്കില്‍ ഫീസ് നല്‍കേണ്ടി വരുന്നതാണ് നിലവിലെ സ്ഥിതി.

ഈ വര്‍ഷം ബാങ്കുകളുടെ ഫീസിന വരുമാനം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതലാണ്. ജൂണില്‍ അവസാനിച്ച ത്രൈമാസത്തില്‍ ഈ വരുമാനത്തിന്റെ വളര്‍ച്ച 12 ശതമാനമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT