canva
Banking, Finance & Insurance

വിദേശ വിനിമയം കരുത്തായി, റിസര്‍വ് ബാങ്കിന്റെ വരുമാനം ₹2.65 ലക്ഷം കോടി; ബാങ്ക് തട്ടിപ്പു തുക കൂടി, എണ്ണം കുറഞ്ഞു, കേന്ദ്ര ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ട്

സ്വകാര്യ ബാങ്കുകളിലെ തട്ടിപ്പുകള്‍ ഏറ്റവും ഉയര്‍ന്ന തലത്തില്‍

Dhanam News Desk

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞ സാമ്പത്തിക വര്‍ഷം നേടിയത് 2.69 ലക്ഷം കോടി രൂപയുടെ വരുമാനം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 27.5 ശതമാനമാണ് വര്‍ധന. ഫോറിന്‍ എക്‌സ്‌ചേഞ്ച് ഇടപാടുകളും വിദേശ സെക്യൂരിറ്റികള്‍ക്കുള്ള പലിശ നേട്ടവും ഉയന്നതാണ് വരുമാനം വര്‍ധിക്കാനിടയാക്കിയതെന്ന് റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.

2025 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഫോറിന്‍ എക്‌സ്‌ചേഞ്ച് ഇടപാട് 1.11 ലക്ഷം കോടി രൂപയുടേതാണ്. മുന്‍ വര്‍ഷത്തെ 83,616 കോടിയില്‍ നിന്നാണ് ഈ വര്‍ധന. ഫോറിന്‍ സെക്യൂരിറ്റികളില്‍ നിന്നുള്ള പലിശ വരുമാനം 97,000 കോടി രൂപയാണ്. മുന്‍വര്‍ഷമിത് 65,328 കോടി രൂപയായിരുന്നു.

ആര്‍.ബി.ഐയുടെ ബാലന്‍സ്ഷീറ്റിന്റെ വലിപ്പം 8.2 ശതമാനം ഉയര്‍ന്ന് 76.25 ലക്ഷം കോടിയായി.

വരുമാനം ഉയര്‍ന്നതോടെ കഴിഞ്ഞ ആഴ്ച റിസര്‍വ് ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് സര്‍ക്കാരിന് 2.9 ലക്ഷം കോടി രൂപയുടെ ലാഭവിഹിതം ല്‍കാന്‍ അനുമതി നല്‍കിയിരുന്നു.

തട്ടിപ്പ് തുടരുന്നു, എണ്ണത്തില്‍ കുറവ്

2025 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്ക് തട്ടിപ്പുകള്‍ കുറഞ്ഞതായി റിസര്‍വ് ബാങ്ക്. എന്നാല്‍ ഡിജിറ്റല്‍ പേയ്‌മെന്റ് വഴിയുള്ള തട്ടിപ്പ്തുക മൂന്ന് മടങ്ങ് വര്‍ധിച്ചു. സ്വകാര്യ മേഖല ബാങ്കുകളാണ് തട്ടിപ്പിലേക്ക് കൂടുതല്‍ തുക സംഭാവന നല്‍കിയത്.

മൊത്തം 23,953 തട്ടിപ്പുകേസുകളാണ് കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയതത്. മുന്‍വര്‍ഷത്തേക്കാള്‍ 34 ശതമാനം കുറവ് രേഖപ്പെടുത്തിയതായി റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. അതേസമയം, തട്ടിപ്പ് വഴി നഷ്ടമായത് 36,014 കോടി രൂപയാണ്. ഏതാണ്ട് മൂന്ന് മടങ്ങാണ് വര്‍ധന. ഒരു ലക്ഷം രൂപക്ക് മുകളിലുള്ള തട്ടിപ്പുകളാണ് ആര്‍.ബി.ഐയുടെ കണക്കില്‍ വരുന്നത്. മാത്രമല്ല ഒരു വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത തട്ടിപ്പാണെങ്കിലും അത് നടന്നത് ചിലപ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പായിരിക്കും.

സ്വകാര്യ ബാങ്കുകള്‍ വഴിയുള്ള തട്ടിപ്പുകേസുകളുടെ എണ്ണം 14,233 ആയി. മൊത്തം ബാങ്കിംഗ് സെക്ടറിലെ തട്ടിപ്പുകളുടെ 59.4 ശതമാനം വരുമിത്. പൊതുമേഖല ബാങ്കുകള്‍ ഇക്കാലയളവില്‍ 6,935 തട്ടിപ്പ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പക്ഷെ തട്ടിപ്പ് തുക കൂടുതല്‍ പൊതുമേഖല ബാങ്കുകളുടേതാണ്. 25,667 കോടി രൂപ, മൊത്തം തുകയുടെ 71.3 ശതമാനം വരുമിത്. സ്വകാര്യ ബാങ്കുകള്‍ വഴി 10,088 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്.

ഡിജിറ്റല്‍ പേയ്‌മെന്റ് വഴി മാത്രമുള്ള തട്ടിപ്പുകേസുകള്‍ 13,516 എണ്ണം വരും. വായ്പാ തട്ടിപ്പ് കേസുകള്‍ 7,950 എണ്ണമായി. മൊത്തം തട്ടിപ്പ് തുകയുടെ 92 ശതമാനവും (33,148 കോടി രൂപ) വായ്പാ തട്ടിപ്പാണെന്നും വാര്‍ഷിക റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT