ബാങ്കിംഗ് ഇടപാടുകള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) പുറപ്പെടുവിച്ച പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ 2026 ഫെബ്രുവരി 1 മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇതനുസരിച്ച് നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കാത്ത മൂന്ന് തരം ബാങ്ക് അക്കൗണ്ടുകള്‍ ബാങ്കുകള്‍ക്ക് ക്ലോസ് ചെയ്യാനോ മരവിപ്പിക്കാനോ (Freeze) സാധിക്കും. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ തടയുന്നതിനും ബാങ്കിംഗ് സുരക്ഷ വര്‍ധിപ്പിക്കുന്നതിനുമാണ് ആര്‍ബിഐയുടെ ഈ നീക്കം.
പൂട്ടുവീഴാന്‍ സാധ്യതയുള്ള 3 തരം അക്കൗണ്ടുകള്‍:
കെവൈസി (KYC) അപൂര്‍ണമായ അക്കൗണ്ടുകള്‍: നിശ്ചിത സമയപരിധിക്കുള്ളില്‍ കെവൈസി രേഖകള്‍ (ആധാര്‍, പാന്‍ തുടങ്ങിയവ) പുതുക്കാത്ത അക്കൗണ്ടുകള്‍ക്ക് എതിരെയാണ് പ്രധാനമായും നടപടിയുണ്ടാകുക. ബാങ്ക് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും രേഖകള്‍ നല്‍കാത്തവരുടെ അക്കൗണ്ടുകള്‍ ഫെബ്രുവരി 1 മുതല്‍ പ്രവര്‍ത്തനരഹിതമാകും.
നിഷ്‌ക്രിയ അക്കൗണ്ടുകള്‍ (Dormant Accounts): തുടര്‍ച്ചയായി രണ്ട് വര്‍ഷമോ അതിലധികമോ കാലം യാതൊരുവിധ ഇടപാടുകളും (നിക്ഷേപമോ പിന്‍വലിക്കലോ) നടക്കാത്ത അക്കൗണ്ടുകളെ നിഷ്‌ക്രിയ അക്കൗണ്ടുകളായി കണക്കാക്കും. ഇത്തരം അക്കൗണ്ടുകള്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുള്ളതിനാലാണ് ക്ലോസ് ചെയ്യാന്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
മിനിമം ബാലന്‍സ് ഇല്ലാത്ത അക്കൗണ്ടുകള്‍: നിശ്ചിത തുക മിനിമം ബാലന്‍സ് നിലനിര്‍ത്താത്തതും ദീര്‍ഘകാലമായി നെഗറ്റീവ് ബാലന്‍സിലേക്ക് പോയതുമായ അക്കൗണ്ടുകളും ഈ പരിധിയില്‍ വരാം. സേവിംഗ്‌സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് സംബന്ധിച്ച ബാങ്ക് നിബന്ധനകള്‍ ലംഘിക്കുന്നവര്‍ക്ക് ഇത് ബാധകമാകും.
അക്കൗണ്ട് മരവിപ്പിക്കുന്നത് ഒഴിവാക്കാന്‍ ബാങ്കില്‍ നേരിട്ടോ മൊബൈല്‍ ബാങ്കിംഗ് വഴിയോ കെവൈസി അപ്ഡേറ്റ് ചെയ്‌തെന്ന് ഉറപ്പാക്കുക. കൂടാതെ, ഉപയോഗിക്കാത്ത അക്കൗണ്ടുകള്‍ ഉണ്ടെങ്കില്‍ അവയില്‍ ചെറിയ തുകയുടെ ഇടപാടുകള്‍ നടത്തി പ്രവര്‍ത്തനക്ഷമമാക്കുകയോ അല്ലെങ്കില്‍ നിയമപരമായി ക്ലോസ് ചെയ്യുകയോ ചെയ്യുന്നതാണ് ഉചിതം.
ഡിജിറ്റല്‍ ബാങ്കിംഗ് യുഗത്തില്‍ സുരക്ഷ ഉറപ്പാക്കാന്‍ ഉപഭോക്താക്കള്‍ കൃത്യമായ ഇടവേളകളില്‍ ബാങ്ക് വിവരങ്ങള്‍ പരിശോധിക്കണമെന്ന് സാമ്പത്തിക വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു.
RBI’s new rules from February 2026 allow freezing or closure of bank accounts with incomplete KYC, dormancy, or low balance.
Read DhanamOnline in English
Subscribe to Dhanam Magazine