canva
Banking, Finance & Insurance

നിങ്ങളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയുടെ ക്ലെയിം തീര്‍പ്പാക്കല്‍ അനുപാതം എത്രയാണ്, അറിയാമോ? പുതിയ പട്ടിക പുറത്തു വിട്ട് ഐ.ആര്‍.ഡി.എ

ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികളെടുക്കുമ്പോള്‍ പരിഗണന നല്‍കേണ്ട ഒരു പ്രധാന കാര്യമാണ് കമ്പനികളുടെ അവകാശത്തുക തീര്‍പ്പാക്കല്‍ അനുപാതം അഥവാ, ക്ലെയിം സെറ്റില്‍മെന്റ് റേഷ്യോ

Dhanam News Desk

പെട്ടെന്നുണ്ടാകുന്ന ആശുപത്രി ചെലവുകളാണ് പല കുടുംബങ്ങളെയും സാമ്പത്തികമായി തകര്‍ക്കുന്നത്. അനുയോജ്യമായ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ എടുക്കുക മാത്രമാണ് ഇതിനെ മറികടക്കാനുള്ള ഏക മാര്‍ഗം. പക്ഷെ ഇന്‍ഷുറന്‍സ് ഉണ്ടെങ്കിലും ക്യാഷ്‌ലെസ് സൗകര്യം ഇല്ലെങ്കില്‍ കാര്യങ്ങള്‍ വീണ്ടും കൈവിട്ടു പോകും. അടച്ച തുക തിരിച്ചു കിട്ടാനായി പല തവണ ഇന്‍ഷുറന്‍സ് കമ്പനിയുടെ ഓഫീസ് കയറിയിറങ്ങേണ്ടി വരും. അതുകൊണ്ട് ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യമാണ് കമ്പനികളുടെ ക്ലെയിം സെറ്റില്‍മെന്റ് റേഷ്യോ. ഓരോ ഇന്‍ഷുറന്‍സ് കമ്പനികളും ക്ലെയിം തീര്‍പ്പാക്കുന്നത് എങ്ങനെ, എത്ര തുക വരെ ക്ലെയിം തീര്‍പ്പാക്കല്‍ നടത്തിയിട്ടുണ്ട് എന്നൊക്കെ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

എന്താണ് ക്ലെയിം സെറ്റില്‍മെന്റ് റേഷ്യോ?

നിശ്ചിത കാലയളവില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ലഭിച്ച ക്ലെയിമുകളുടെ എത്ര ശതമാനം തീര്‍പ്പാക്കി എന്നതിന്റെ അനുപാതമാണ് ക്ലെയിം സെറ്റില്‍മെന്റ് റേഷ്യോ കൊണ്ട് ഉദ്ദേശിക്കുന്നത്. ഉദാഹരണത്തിന് ഒരു ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയുടെ ക്ലെയിം സെറ്റില്‍മെന്റ് റേഷ്യോ 93 ശതമാനമാണ് എന്നു പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം 100 ക്ലെയിമുകള്‍ ലഭിച്ചപ്പോള്‍ 93 എണ്ണം തീര്‍പ്പാക്കി എന്നാണ്.

എങ്ങനെ അറിയാം?

ഇന്‍ഷുറന്‍സ് മേഖലയിലെ നിയന്ത്രണ ഏജന്‍സിയായ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ.ആര്‍.ഡി.എ) രാജ്യത്തെ എല്ലാ ഹെല്‍ത്ത്, ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെയും ക്ലെയിം സെറ്റില്‍മെന്റ് വിവരങ്ങള്‍ ഓരോ വര്‍ഷവും പുറത്തു വിടാറുണ്ട്.

ഐ.ആര്‍.ഡി.എ പുറത്തു വിട്ട 2023-24ലെ പട്ടികയനുസരിച്ച് എല്‍.ഐ.സി ഉള്‍പ്പെടെയുള്ള രാജ്യത്തെ മൊത്തം ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ 30 ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കിയ ക്ലെയിം സെറ്റില്‍മെന്റ് അനുപാതം 96.82 ആണ്.

അതേസമയം, സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ 30 ദിവസത്തിനുള്ളില്‍ 99 ശതമാനം ക്ലെയിമുകളും തീര്‍പ്പാക്കി. അപേക്ഷ ലഭിച്ച് 30 ദിവസത്തിനുള്ളില്‍ ക്ലെയിമുകള്‍ പരിഗണിക്കുകയും തീര്‍പ്പാക്കുകയും ചെയ്യുന്നത് ഏറ്റവും മികച്ചതായാണ് കാണക്കാക്കുന്നത്.

പൊതുമേഖല കമ്പനികളില്‍ യുണൈറ്റഡ് മുന്നില്‍

പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനികളില്‍ ക്ലെയിം സെറ്റില്‍മെന്റ് റേഷ്യോയില്‍ ഏറ്റവും മുന്നില്‍ യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് ആണ്. ലഭിച്ച ക്ലെയിമുകളില്‍ 96.33 ശതമാനവും തീര്‍പ്പാക്കി . നാഷണല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനി -91.18 ശതമാനം, ന്യൂ ഇന്ത്യ അഷുറന്‍സ് -92.70 ശതമാനം, ഓറിയന്റല്‍ ഇന്‍ഷുറന്‍സ് -65.08 ശതമാനം എന്നിങ്ങനെയാണ് മറ്റ് കമ്പനികളുടെ സെറ്റില്‍മെന്റ് അനുപാതം.

സ്വകാര്യ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളില്‍ ഏറ്റവും ഉയര്‍ന്ന ക്ലെയിം സെറ്റില്‍മെന്റ് റേഷ്യയുള്ളത് നവി ജനറല്‍ ഇന്‍ഷുറന്‍സിനാണ് 99.97 ശതമാനമാണ് സെറ്റില്‍മെന്റ് അനുമാതം. ആകോ ജനറല്‍ ഇന്‍ഷുറന്‍സ് (99.91 ശതമാനം), റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് (99.57 ശതമാനം), എച്ച്.ഡി.എഫ്.സി എര്‍ഗോ (99.16 ശതമാനം), യൂണിവേഴ്‌സല്‍ സോംപോ (98.11 ശതമാനം), ഐ.സി.ഐ.സി.ഐ ലൊംബാര്‍ഡ് (97.16 ശതമാനം), ലിബര്‍ട്ടി ജനറല്‍ ഇന്‍ഷുറന്‍സ് (97 ശതമാനം), എസ്.ബി.ഐ ജനറല്‍ ഇന്‍ഷുറന്‍സ് (97.05 ശതമാനം) എന്നിങ്ങനെയാണ് ക്ലെയിം സെറ്റില്‍മെന്റ് അനുപാതം.

സ്വകാര്യ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനികളുടെ മൊത്തം ക്ലെയിം സെറ്റില്‍മെന്റ് റേഷ്യോ 88.55 ശതമാനമാണ്. ആദിത്യ ബിര്‍ള ഹെല്‍ത്ത് ഇന്‍ഷുറന്‍സാണ് 92.97 ശതമാനം ക്ലെയിംസെറ്റില്‍മെന്റ് അനുപാതവുമായി മുന്നില്‍. കെയര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് -92.77 ശതമാനം, നിവ ബുപ- 92.02 ശതമാനം, മണിപ്പാല്‍ സിഗ്ന- 88.95 ശതമാനം, സ്റ്റാര്‍ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സ് - 82.31 ശതമാനം, റിലയന്‍സ് -40 ശതമാനം എന്നിങ്ങനെയാണ് ക്ലെയിം സെറ്റില്‍മെന്റ് അനുപാതം.

മറ്റ് കാര്യങ്ങളും ശ്രദ്ധിക്കണം

ക്ലെയിം സെറ്റില്‍മെന്റ് റേഷ്യോ പരിശോധിക്കേണ്ടത് അത്യാവശ്യമാണെങ്കിലും അത് മാത്രമാകരുത് ഇന്‍ഷുറന്‍സ് കമ്പനി തിരഞ്ഞെടുക്കാനുള്ള മാനദണ്ഡം. സം ഇന്‍ഷ്വേര്‍ഡ്, വിവിധ അസുഖങ്ങള്‍ക്കുള്ള വെയിറ്റിംഗ് പിരീയഡ്, പോളിസിയില്‍ ഉള്‍പ്പെട്ടിട്ടുള്ള ആശുപത്രികള്‍ തുടങ്ങിയ മറ്റ് കാര്യങ്ങളും പരിഗണിക്കണം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT