വായ്പയെടുത്തവരാണോ നിങ്ങള്‍? എങ്കില്‍ വരും ദിനങ്ങളില്‍ നിങ്ങളുടെ വായ്പ തിരിച്ചടവിന് ഭാരമേറും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞ ഏഴു മാസത്തിനിടെ 2.25 ശതമാനമാണ് റിപ്പോ നിരക്ക് കൂട്ടിയത്. ആര്‍ബിഐയുടെ മോണിറ്ററി പോളിസി കമ്മിറ്റി റിപ്പോ നിരക്ക് 35 ബേസിസ് പോയിന്റ് ഉയര്‍ത്തി. ഇതോടെ രാജ്യത്തെ റിപ്പോ നിരക്ക് 6.25 ശതമാനമായി. ഇത് വ്യക്തിഗത, ഭവന, വാഹന വായ്പകളുടെ പലിശ നിരക്ക് വര്‍ധിപ്പിക്കും.
വായ്പയെടുത്തവര്‍ സൂക്ഷിക്കണം
ഇത്തരം വായ്പകള്‍ എടുത്തവര്‍ ഇനി പണം സൂക്ഷിച്ച് കൈകാര്യം ചെയ്യണമെന്ന് അര്‍ത്ഥം. വരും മാസങ്ങളില്‍ ഈ വായ്പകളുടെ തിരിച്ചടവിനായി ഇവര്‍ വരുമാനത്തില്‍ നിന്നും നല്ലൊരു തുക മാറ്റി വെക്കേണ്ടി വരും. മെയ് മുതല്‍ ഡിസംബര്‍ വരെ ഇത് അഞ്ചാം തവണയാണ് ആര്‍ബിഐ റിപ്പോ നിരക്ക് ഉയര്‍ത്തുന്ന്ത്. പുതിയ നിരക്കിലുള്ള വര്‍ധന അതേപടി പലിശയില്‍ പ്രതിഫലിച്ചാല്‍ 20 വര്‍ഷം കാലവധിയില്‍ 25 ലക്ഷം രൂപയുടെ ഭവന വായ്പയെടുത്ത ഒരാള്‍ക്ക് ഏഴ് മാസം കൊണ്ട് പ്രതിമാസ തിരിച്ചടവിലുള്ള ആകെ വര്‍ധന 3,484 രൂപയണ്. അങ്ങനെയെങ്കില്‍ ഇത്രയും തുക നിങ്ങള്‍ പലിശയിനത്തില്‍ തിരിടച്ചടയ്ക്കണം. ഈ ഡിസംബര്‍ മാസം മാത്രം 559 രൂപ അധിക പലിശനിരക്ക് വരും.
വായ്പാകാലാവധി വര്‍ധിച്ചേക്കാം
പുതിയ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തരം വായ്പകളുടെ മാസത്തവണ ആറ് ശതമാനം മുതല്‍ 23 ശതമാനം വരെ കൂടാന്‍ സാധ്യതയുണ്ട്. 30 വര്‍ഷം കാലവധിയുള്ള വായ്പകള്‍ക്ക് ഈ പറഞ്ഞ 23 ശതമാനം വരെ അധിക ബാധ്യതയുണ്ടാകാം. മാസതിരിച്ചടവ് തുകയോ വായ്പാകാലാവധിയോ തീര്‍ച്ചയായും വര്‍ധിക്കും. മാര്‍ജിനല്‍ കോസ്റ്റ്, റിപ്പോ നിരക്ക് എന്നിവ അടിസ്ഥാനമാക്കിയുള്ള വായ്പകളില്‍ പലിശ ഉയരുമ്പോള്‍ ബാങ്കുകള്‍ മാസതിരിച്ചടവ് കൂട്ടുന്നതിനേക്കാള്‍ സാധ്യത വായ്പാകാലാവധി കൂട്ടാനാണ്.
നിക്ഷേപകര്‍ക്ക് ആശ്വാസം
എന്നാല്‍ പലിശ ഇങ്ങനെ ഉയരുന്നത് നിക്ഷേപകര്‍ക്ക് ആശ്വാസമാണ്. കാരണം പല ബാങ്കുകളും വരും ദിവസങ്ങളിലും ആഴ്ചകളിലും അവരുടെ സ്ഥിരനിക്ഷേപനിരക്കുകള്‍ വര്‍ധിപ്പിക്കും. ഇത് നിക്ഷേപകരെ മികച്ച വരുമാനം നേടാന്‍ സഹായിക്കും. വര്‍ധിച്ചുവരുന്ന ക്രെഡിറ്റ് ഡിമാന്‍ഡ് നിറവേറ്റുന്നതിനും കൂടുതല്‍ സ്ഥിര നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനും ബാങ്കുകള്‍ ഈ നിരക്കുകള്‍ വര്‍ധിപ്പിക്കും. ഇന്ത്യയിലെ പണപ്പെരുപ്പ നിരക്ക് ആര്‍ബിഐയുടെ സഹനപരിധിക്ക് മുകളില്‍ തുടരുന്നതിനാലാണ് റിപ്പോ നിരക്കില്‍ വര്‍ധന. ഈ വര്‍ഷത്തെ മോണിറ്ററി പോളിസി കമ്മിറ്റിയുടെ അവസാനത്തെ യോഗമായിരുന്നു ഇന്നലെ കഴിഞ്ഞത്.
Read DhanamOnline in English
Subscribe to Dhanam Magazine