Image : RBI and Canva 
Banking, Finance & Insurance

വായ്പ തിരിച്ചടച്ചാല്‍ വസ്തുവിന്റെ രേഖകള്‍ വിട്ടുനല്‍കാന്‍ വൈകരുത്; ബാങ്കുകള്‍ക്ക് താക്കീതുമായി റിസര്‍വ് ബാങ്ക്

വൈകുന്ന ഓരോ ദിവസവും ബാങ്ക് 5,000 രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നും റിസര്‍വ് ബാങ്ക്

Dhanam News Desk

ഉപയോക്താവ് വായ്പ മുഴുവനായും അടച്ചതിന് ശേഷവും ബാങ്കുകള്‍ വസ്തുവിന്റെ രേഖകള്‍ വിട്ടുനല്‍കുന്നത് പലപ്പോഴും വൈകിപ്പിക്കാറുണ്ട്. തുടര്‍ന്ന് ഈ രേഖകള്‍ക്കായുള്ള കാത്തിരിപ്പും ബാങ്കിലേക്ക് ആവര്‍ത്തിച്ചുള്ള വരവുമെല്ലാം ഉപയോക്താക്കള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഈ പ്രവണത അവസാനിപ്പിക്കാന്‍ മുന്നിട്ടിറങ്ങി റിസര്‍വ് ബാങ്ക്.

ബാങ്കുകള്‍ പിഴ നല്‍കേണ്ടി വരും

ഉപഭോക്താവിന്റെ പരാതികള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഇടയാക്കുന്ന ഇത്തരം സ്ഥാവര / ജംഗമ സ്വത്ത് രേഖകള്‍ പുറത്തുവിടുന്നതിലെ കാലതാമസം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും വായ്പയെടുക്കുന്നയാള്‍ മുഴുവന്‍ തുക അടച്ചാല്‍ 30 ദിവസത്തിനകം എല്ലാ രേഖകളും തിരികെ നല്‍കണമെന്നും ബാങ്കുകളോട് റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടിട്ടു. ഇത് സംഭവിക്കുന്നില്ലെങ്കില്‍, വായ്പയെടുക്കുന്നയാള്‍ക്ക് വൈകുന്ന ഓരോ ദിവസവും ബാങ്ക് 5,000 രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നും റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചു.

രേഖകള്‍ വാങ്ങാനുള്ള സൗകര്യമൊരുക്കണം

ഉപഭോക്താവിന്റെ മുന്‍ഗണന അനുസരിച്ച് ലോണ്‍ അക്കൗണ്ട് എടുത്ത ബാങ്കിംഗ് ശാഖയില്‍ നിന്നോ രേഖകള്‍ ലഭ്യമായ ബാങ്കിന്റെ മറ്റേതെങ്കിലും ഓഫീസില്‍ നിന്നോ യഥാര്‍ത്ഥ രേഖകള്‍ വാങ്ങാനുള്ള സൗകര്യം വായ്പക്കാരന് നല്‍കണമെന്നും റിസര്‍വ് ബാങ്ക് ഉത്തരവില്‍ പറഞ്ഞു. മാത്രമല്ല വായ്പ അനുവദിക്കുന്നതിനുള്ള കത്തില്‍ ബാങ്കുകള്‍ യഥാര്‍ത്ഥ രേഖകള്‍ തിരികെ ലഭിക്കുന്ന സമയക്രമവും സ്ഥലവും സൂചിപ്പിക്കണമെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.

വായ്പയെടുക്കുത്തയാള്‍ ജീവിച്ചിരിപ്പില്ലെങ്കില്‍ നിയമപരമായ അവകാശികള്‍ക്ക് യഥാര്‍ത്ഥ സ്ഥാവര/ ജംഗമ സ്വത്ത് രേഖകള്‍ തിരികെ നല്‍കുന്നതിന് ബാങ്കുകള്‍ക്ക് കൃത്യമായ നടപടിക്രമം വേണം. ഈ മാനദണ്ഡങ്ങള്‍ എല്ലാം 2023 ഡിസംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT