മാസ്റ്റര്‍ കാര്‍ഡിന് ഇനി ഇന്ത്യയില്‍ പുതിയ ഉപഭോക്താക്കളെ ചേര്‍ക്കാന്‍ ഉടനാകില്ല. ആഗോള കാര്‍ഡ് ശൃംഖലയായ മാസ്റ്റര്‍കാര്‍ഡിന് ഇന്ത്യയില്‍ പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നതില്‍ നിന്ന് റിസര്‍വ് ബാങ്കാണ് ബുധനാഴ്ച വിലക്കേര്‍പ്പെടുത്തിയത്. ഡാറ്റാ സംഭരണ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാലാണ് നടപടി സ്വീകരിക്കുന്നതെന്ന് ആര്‍ബിഐ അറിയിച്ചു.
''മതിയായ സമയം അനുവദിച്ച് നല്‍കിയിട്ടും പേയ്‌മെന്റ് സിസ്റ്റം ഡാറ്റ സംഭരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ മാസ്റ്റര്‍ കാര്‍ഡിന് കഴിയാത്തതായി കണ്ടെത്തി,'' റിസര്‍വ് ബാങ്ക് പ്രസ്താവനയില്‍ പറഞ്ഞു. നിലവിലെ മാസ്റ്റര്‍കാര്‍ഡ് ഉപയോക്താക്കള്‍ക്ക് സേവനങ്ങളില്‍ തടസ്സം നേരിടില്ല. പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നതില്‍ നിന്നാണ് വിലക്ക്.
ഡാറ്റാ സംഭരണ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് റെഗുലേറ്റര്‍ നടപടിയെടുത്ത മൂന്നാമത്തെ ആഗോള കാര്‍ഡ് കമ്പനിയാണിത്. അമേരിക്കന്‍ എക്‌സ്പ്രസ്, ഡൈനേഴ്‌സ് ക്ലബ് എന്നിവര്‍ക്ക് പുതിയ ഉപഭോക്താക്കളെ സ്വീകരിക്കുന്നതില്‍ നിന്ന് ഏപ്രിലില്‍ തന്നെ റിസര്‍വ് ബാങ്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.
2018 ഏപ്രിലില്‍ പ്രഖ്യാപിച്ച ഡാറ്റ സംഭരണ മാനദണ്ഡങ്ങള്‍, എല്ലാ സിസ്റ്റം പ്രൊവൈഡര്‍മാരും കാര്‍ഡുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന പേയ്മെന്റ് സംവിധാനങ്ങളുമായി ബന്ധപ്പെട്ട ഡാറ്റ ഇന്ത്യയിലെ പ്രസ്തുത സിസ്റ്റത്തില്‍ സംഭരിച്ച് രേഖപ്പെടുത്തിയെന്ന് ഉറപ്പുവരുത്താന്‍ നിര്‍ദ്ദേശിച്ചിരുന്നു. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിന് ആറ് മാസത്തെ സമയപരിധിയും ആര്‍ബിഐ നല്‍കിയിരുന്നു. ഇതില്‍ വീഴ്ച വരുത്തിയതിനാണ് നടപടി.
Read DhanamOnline in English
Subscribe to Dhanam Magazine