Banking, Finance & Insurance

റീറ്റെയ്ല്‍ വായ്പകള്‍ ഉയരുന്നു; ഇന്ത്യന്‍ ബാങ്കിംഗ് വ്യവസായത്തിലെ ഏറ്റവും വലിയ വിഭാഗമായേക്കും

വളര്‍ച്ച പ്രാപിക്കുന്നത് ഭവന, വാഹന വായ്പകളും ക്രെഡിറ്റ് കാര്‍ഡുകളും. വ്യാവസായിക വായ്പകള്‍ ഇടിവില്‍. വിശദാംശങ്ങള്‍ വായിക്കാം.

Dhanam News Desk

വ്യാവസായിക വായ്പകള്‍ക്കും കോര്‍പ്പറേറ്റ് വായ്പകള്‍ക്കും മേലെ ഇന്ത്യന്‍ ബാങ്കിംഗ് വ്യവസായത്തിന്റെ ഏറ്റവും വലിയ വിഭാഗമായി ഹോം, ക്രെഡിറ്റ് കാര്‍ഡ് വായ്പകളെത്തുമെന്ന് റിപ്പോര്‍ട്ട്. ഈ സാമ്പത്തിക വര്‍ഷം മാര്‍ച്ച് അവസാനത്തോടെ റീറ്റെയ്ല്‍ വായ്പകളില്‍ റെക്കോര്‍ഡ് വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്.

ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഒമ്പത് മാസങ്ങളില്‍ ബാങ്കുകളുടെ വ്യാവസായിക വായ്പ കുടിശ്ശിക വര്‍ഷം തോറും 1.2 ശതമാനം ഇടിഞ്ഞ് 27.6 ട്രില്യണ്‍ രൂപയായി (2020 ഡിസംബര്‍ 18 വരെ). അതേസമയം ഇതേ കാലയളവില്‍ വ്യക്തിഗത വായ്പകള്‍ 9.5 ശതമാനം ഉയര്‍ന്ന് 26.6 ട്രില്യണ്‍ രൂപയായി. തല്‍ഫലമായി, വ്യക്തിഗത വായ്പകള്‍ സേവനമേഖലയിലെ വായ്പകളെ ഇന്ത്യന്‍ ബാങ്കുകളുടെ രണ്ടാമത്തെ വലിയ വിഭാഗമായി മാറ്റുകയും ചെയ്തു.

ഡിസംബര്‍ 18, 2020 വരെയുള്ള കണക്കുകള്‍ പ്രകാരം സേവന മേഖലയ്ക്കുള്ള മൊത്തം ബാങ്ക് വായ്പ 25.8 ട്രില്യണ്‍ രൂപയാണ്. 8.8 ശതമാനമാണ് ഉയര്‍ച്ച.

പല നിരീക്ഷകരും പറയുന്നത് ബാങ്കുകളുടെ വരുംകാല പ്രധാന സെഗ്മെന്റ് റീറ്റെയ്ല്‍ വായ്പകള്‍ തന്നെയായിരിക്കുമെന്നാണ്. വ്യാവസായിക വായ്പകളും കോര്‍പ്പറേറ്റ് വായ്പകളും 2014-15 മുതല്‍ വളരെ മോശം പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്.

ഹൗസിംഗ് ലോണ്‍, വായഹന വായ്പകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍ എന്നിവയാണ് ഏറ്റവും വളര്‍ച്ച പ്രകടമാക്കുന്ന വിഭാഗങ്ങളെന്ന് നര്‍നോലിയ സെക്യൂരിറ്റീസ് സിഐഓ ശൈലേന്ദ്ര കുമാര്‍ അഭിപ്രായപ്പെടുന്നു.

ആര്‍ബിഐ രേഖകള്‍ പ്രകാരം നിലവിലെ വ്യാവസായിക വായ്പയില്‍ മാര്‍ച്ച് 31, 2020 മുതല്‍ ഡിസംബര്‍ 18, 2020 വരെയുള്ള കാലഘട്ടത്തില്‍ അഞ്ച് ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. അതേ സമയം സര്‍വീസ് സെക്റ്റര്‍ ലോണുകള്‍ 0.6 ശതമാനം മാത്രമാണ് ചുരുങ്ങിയത്, വക്തിഗത വായ്പകള്‍ 4.3 ശതമാനം ഉയര്‍ന്നിട്ടുമുണ്ട്. കാര്‍ഷിക വായപകളാകട്ടെ 7.6 ശതമാനമാണ് കുതിച്ചിട്ടുള്ളത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT