റിസർവ് ബാങ്ക് പലിശ നിരക്ക് കുറച്ചതിന് പിന്നാലെ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയും വായ്പാ നിരക്ക് കുറച്ചു. 30 ലക്ഷം രൂപയ്ക്ക് താഴെയുള്ള ഭവനവായ്പയുടെ പലിശ നിരക്ക് 0.10 ശതമാനമാണ് കുറച്ചത്.
ഏറ്റവും കുറഞ്ഞ നിരക്ക് 8.70 ശതമാനത്തിൽനിന്ന് 8.60 ശതമാനമായി കുറയും. ഉയർന്ന നിരക്ക് ഒമ്പതു ശതമാനത്തിൽ നിന്ന് 8.90 ശതമാനമായാണ് കുറയുക.
വായ്പാ നിരക്ക് നിശ്ചയിക്കുന്നതിലെ അടിസ്ഥാന നിരക്കായ ‘മാർജിനൽ കോസ്റ്റ് ഓഫ് ലെൻഡിങ് റേറ്റി’ൽ (എം.സി.എൽ.ആർ.) 0.05 ശതമാനത്തിന്റെ കുറവാണ് വരുത്തിയിരിക്കുന്നത്.
ഏപ്രിൽ ഒന്നു മുതൽ റിപോ നിരക്ക് പോലുള്ള എക്സ്റ്റെണൽ ബെഞ്ച്മാർക്കിന്റെ അടിസ്ഥാനത്തിൽ അടിസ്ഥാന പലിശ നിശ്ചയിക്കണമെന്ന് ആർ.ബി.ഐ. അറിയിച്ചിരുന്നു. എന്നാൽ, കഴിഞ്ഞയാഴ്ച നടന്ന യോഗത്തിൽ ഈ തീയതി നീട്ടാൻ തീരുമാനമായി.
ഒരു ലക്ഷത്തിനു മുകളിലുള്ള കാഷ് ക്രെഡിറ്റ് / ഓവർഡ്രാഫ്റ്റ് പലിശ നിരക്കുകൾ റിസർവ് ബാങ്കിന്റെ റീപ്പോ നിരക്കുമായി ബന്ധിപ്പിച്ചതിനാൽ അവർക്ക് പലിശനിരക്കിൽ 0.25 ശതമാനം കുറവുണ്ടാകും. ഇത് മേയ് ഒന്നിനു നിലവിൽ വരും. സേവിങ്സ് ബാങ്ക് നിക്ഷേപ നിരക്കുകളും റീപ്പോ നിരക്കുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാൽ അവയുടെ പലിശനിരക്കുകളും 0.25 ശതമാനം കുറയും.
Read DhanamOnline in English
Subscribe to Dhanam Magazine