ഇന്ത്യയിലും വിദേശത്തും ബാങ്കിംഗ്, സംരംഭക രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ശാലിനി വാര്യര്‍, ഗോശ്രീ ഫിനാന്‍സ് ലിമിറ്റഡിന്റെ നേതൃ പദവിയിലേക്ക്. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനിയായ (എന്‍ബിഎഫ്സി) ഗോശ്രീ ഫിനാന്‍സ് ലിമിറ്റഡ് (ജിഎഫ്എല്‍), ശാലിനി വാര്യരെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായും (സിഇഒ) കോ-പ്രമോട്ടറായും പ്രഖ്യാപിച്ചു. ഫെഡറല്‍ ബാങ്കില്‍ റീട്ടെയില്‍ ബാങ്കിംഗ് വിഭാഗത്തിന് നേതൃത്വം നല്‍കുന്ന ശാലിനി വാര്യര്‍ അവിടെ എക്സിക്യൂട്ടീവ് ഡയറക്ടറാണ്. ഗോശ്രീ ഫിനാന്‍സ് ലിമിറ്റഡുമായുള്ള അവരുടെ സംരംഭക യാത്ര 2025 ജൂണ്‍ രണ്ട് മുതല്‍ ആരംഭിക്കും.
ഫെഡറല്‍ ബാങ്കിലെത്തുന്നതിന് മുമ്പ് സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കില്‍ 25 വര്‍ഷം ശാലിനി വാര്യര്‍ പ്രവര്‍ത്തിച്ചിരുന്നു. ഈ കാലയളവില്‍ ഇന്ത്യ, ബ്രൂണൈ, ഇന്തോനേഷ്യ, സിംഗപ്പൂര്‍, യുഎഇ എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ അവര്‍ നേതൃത്വം വഹിച്ചു. ഇന്ത്യന്‍ ബാങ്കിംഗ് മേഖലക്ക് അവരുടെ സംഭാവനകള്‍ ശ്രദ്ധേയമാണ്. ധനകാര്യ വ്യവസായത്തില്‍ മുതിര്‍ന്ന സ്ഥാനങ്ങള്‍ വഹിക്കുന്ന കേരളത്തില്‍ നിന്നുള്ള ചുരുക്കം ചില സ്ത്രീകളില്‍ ഒരാളെന്ന നേട്ടവും ശാലിനിക്കുണ്ട്.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയിലെ വിശിഷ്ട അംഗമായ അവര്‍ സിഎ ബാച്ചില്‍ അഖിലേന്ത്യാ ഒന്നാം റാങ്ക് നേടിയിരുന്നു. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിലും (സിഐഐ), ദക്ഷിണ മേഖലാ തലത്തില്‍ ഇന്ത്യന്‍ വനിതാ നെറ്റ് വര്‍ക്ക് ഓഫ് സിഐഐയിലും സജീവമാണ്.
''ശാലിനിയെ ഞങ്ങളുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായും കോ-പ്രൊമോട്ടറായും സ്വാഗതം ചെയ്യുന്നതില്‍ സന്തോഷവും അഭിമാനവുമുണ്ട്. പരിവര്‍ത്തനാത്മക വളര്‍ച്ചാ ഘട്ടത്തിലേക്ക് ഞങ്ങളുടെ നേതൃത്വം ശക്തിപ്പെടുത്തുകയാണ്. ബാങ്കിംഗ്, ഡിജിറ്റല്‍ നവോത്ഥാനം, ഉപഭോക്തൃ ബന്ധം എന്നിവയിലുള്ള ശാലിനിയുടെ വിപുലമായ അനുഭവം ഞങ്ങളുടെ ദൗത്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതില്‍ നിര്‍ണായകമായിരിക്കും. വിശ്വാസം, സഹാനുഭൂതി, ശാക്തീകരണം എന്നിവയില്‍ ഞങ്ങളുടെ പ്രതിബദ്ധതയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഇതുവഴി കഴിയും.'' ഗോശ്രീ ഫിനാന്‍സ് ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വിശ്വനാഥന്‍ രാമചന്ദ്രന്‍ പറഞ്ഞു.
ഗോശ്രീയുടെ ഈ നിര്‍ണായക വളര്‍ച്ചാ ഘട്ടത്തില്‍ പങ്കുചേരാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നതായി ശാലിനി വാര്യര്‍ പറഞ്ഞു. സൂക്ഷ്മ, ചെറുകിട സംരംഭങ്ങള്‍, ഡിജിറ്റല്‍ പരിഹാരങ്ങള്‍, ഉപഭോക്തൃ കേന്ദ്രീകൃത ഓഫറുകള്‍ എന്നിവയില്‍ ശക്തമായ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, വ്യത്യസ്തമായ ഒരു ധനകാര്യ സ്ഥാപനം വികസിപ്പിക്കാന്‍ സാധിക്കും-ശാലിനി വാര്യര്‍ പറഞ്ഞു.
സുതാര്യത, ഉത്തരവാദിത്തം, നിക്ഷേപകരുമായുള്ള വിശ്വാസപൂര്‍ണ്ണ ഇടപെടല്‍ എന്നിവക്ക് ഗോശ്രീ ഉയര്‍ന്ന മുന്‍ഗണന നല്‍കുന്നതായി ഡയറക്ടര്‍ ടി.എസ്. അനന്തരാമന്‍ പറഞ്ഞു. മൂല്യങ്ങളെ ശക്തിപ്പെടുത്തുന്നതിനും കമ്പനിയെ അടുത്ത തലത്തിലേക്ക് നയിക്കുന്നതിനും ശാലിനിയുടെ നേതൃത്വം ആത്മവിശ്വാസം പകരുന്നതായും അദ്ദേഹം പറഞ്ഞു.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഗോശ്രീ ഫിനാന്‍സ് ലിമിറ്റഡിന്റെ പ്രവര്‍ത്തനം മൂന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ്. എംഎസ്എംഇകള്‍, സംരംഭകര്‍, വ്യക്തികള്‍ എന്നീ വിഭാഗങ്ങള്‍ക്ക് പെട്ടെന്ന് ലഭ്യമായ ക്രെഡിറ്റ് പരിഹാരങ്ങളാണ് കമ്പനി നല്‍കുന്നത്. കേരളത്തിലും തമിഴ്‌നാട്ടിലും ഇപ്പോള്‍ മികച്ച വിപണി സാന്നിധ്യമാണുള്ളത്.
Read DhanamOnline in English
Subscribe to Dhanam Magazine