Image : SIB and Canva 
Banking, Finance & Insurance

സൗത്ത് ഇന്ത്യന്‍ ബാങ്ക് വീണ്ടും വായ്പാപ്പലിശ കൂട്ടി

ഇ.എം.ഐ ഭാരം കൂടും; ബാധിക്കുന്നത് ഈ വായ്പകളെ

Dhanam News Desk

തൃശൂര്‍ ആസ്ഥാനമായ പ്രമുഖ സ്വകാര്യബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്ക് (South Indian Bank/SIB) വീണ്ടും വായ്പകളുടെ അടിസ്ഥാന നിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്‌സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (MCLR) കൂട്ടി. പുതുക്കിയ നിരക്കുകള്‍ ഓഗസ്റ്റ് 20ന് പ്രാബല്യത്തില്‍ വരുമെന്ന് ബാങ്ക് വ്യക്തമാക്കി.

ഇതുപ്രകാരം ഒറ്റനാള്‍ (Overnight) കാലാവധിയുള്ള വായ്പകളുടെ എം.സി.എല്‍.ആര്‍ 9.05 ശതമാനത്തില്‍ നിന്ന് 9.25 ശതമാനമാകും. ഒരുമാസ കാലാവധിയുള്ള വായ്പകളുടെ എം.സി.എല്‍.ആര്‍ 9.10ല്‍ നിന്ന് 9.30 ശതമാനത്തിലേക്കും മൂന്ന് മാസ കാലാവധിയുള്ളവയുടേത് 9.15ല്‍ നിന്ന് 9.35 ശതമാനത്തിലേക്കുമാണ് കൂട്ടിയത്.

9.45 ശതമാനമാണ് ആറ് മാസ കലാവധിയുള്ള വായ്പകളുടെ പുതുക്കിയ നിരക്ക്. നിലവില്‍ ഇത് 9.25 ശതമാനമാണ്. ഒരുവര്‍ഷ കാലാവധിയുള്ള വായ്പകളുടെ നിരക്ക് 9.50ല്‍ നിന്ന് 9.65 ശതമാനമായും ഉയര്‍ത്തി.

5 മാസം, കൂട്ടിയത് അര ശതമാനത്തോളം

കഴിഞ്ഞ ഏപ്രില്‍, മേയ്, ജൂണ്‍, ജൂലൈ മാസങ്ങളിലും സൗത്ത് ഇന്ത്യന്‍ ബാങ്ക് എം.സി.എല്‍.ആര്‍ വര്‍ദ്ധിപ്പിച്ചിരുന്നു. ഏപ്രിലിന് മുമ്പ് 8.70 ശതമാനമായിരുന്ന ഓവര്‍നൈറ്റ് എം.സി.എല്‍.ആര്‍ ആണ് തുടര്‍ച്ചയായുള്ള 5 വര്‍ദ്ധനകളിലൂടെ 9.25 ശതമാനമായത്. ഇക്കാലയളവില്‍ ഉയർന്നത് 0.55 ശതമാനം. ഏപ്രിലിന് മുമ്പ് ഒരുമാസ എം.സി.എല്‍.ആര്‍ 8.75 ശതമാനം, ഒരുവര്‍ഷത്തേത് 9.45 ശതമാനം എന്നിങ്ങനെയായിരുന്നു.

എന്താണ് എം.സി.എല്‍.ആര്‍? ഏതൊക്കെ വായ്പകളെ നിരക്ക് വര്‍ദ്ധന ബാധിക്കും?

ബാങ്കുകള്‍ വിതരണം ചെയ്യുന്ന അടിസ്ഥാന പലിശനിരക്ക് നിര്‍ണയിക്കാനായി 2016ല്‍ റിസര്‍വ് ബാങ്ക് കൊണ്ടുവന്നതാണ് എം.സി.എല്‍.ആര്‍. റിസര്‍വ് ബാങ്കിന്റെ റിപ്പോനിരക്കില്‍ അധിഷ്ഠിതമാണിത്.

റിപ്പോ നിരക്ക് മാറുന്നതിന് ആനുപാതികമായി എം.സി.എല്‍.ആറിലും മാറ്റം വരും. എന്നാല്‍ റിപ്പോയ്ക്ക് പുറമേ വായ്പാ കാലാവധി,ബാങ്കിന്റെ പ്രവര്‍ത്തനച്ചെലവ്, വായ്പ നല്‍കാന്‍ ബാങ്ക് പണം കണ്ടെത്തുന്ന സ്രോതസ്സുകള്‍ക്ക് നല്‍കേണ്ട പലിശച്ചെലവ് (ഉദാഹരണത്തിന് സ്ഥിരനിക്ഷേപം/FD, സേവിംഗ്‌സ്/കറന്റ് അക്കൗണ്ട് നിക്ഷേപം, റിസര്‍വ് ബാങ്കില്‍ നിന്നുള്ള വായ്പ), കരുതല്‍ ധന അനുപാതം (CRR) തുടങ്ങിയ ഘടകങ്ങളും വിലയിരുത്തിയാണ് ബാങ്കുകള്‍ വായ്പാപ്പലിശ നിര്‍ണയിക്കുന്നത്. ഇത് ഓരോ ബാങ്കിനും വ്യത്യസ്തവുമാണ്.

എം.സി.എല്‍.ആര്‍ ഉയര്‍ത്തിയതിനാല്‍ വായ്പകളുടെ പ്രതിമാസ തിരിച്ചടവ് ബാദ്ധ്യതയും (ഇ.എം.ഐ/EMI) കൂടും. സ്വര്‍ണപ്പണയം, ബിസിനസ് വായ്പ, വ്യാപാരികളുടെ ഓവര്‍ഡ്രാഫ്റ്റ്, ജി.എസ്.ടി ബിസിനസ് വായ്പ എന്നിവയ്ക്കാണ് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എം.സി.എല്‍.ആര്‍ വര്‍ദ്ധന ബാധകം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT