Banking, Finance & Insurance

സൗത്ത് ഇന്ത്യന്‍ ബാങ്ക് ₹1,500 കോടി സമാഹരിക്കുന്നു; ഓഹരി വിലയില്‍ ഉണര്‍വ്

₹1,000 കോടി ഓഹരി വില്‍പനയിലൂടെയും ₹500 കോടി ബോണ്ടുകളിറക്കിയും സമാഹരിക്കും

Anilkumar Sharma

തൃശൂര്‍ ആസ്ഥാനമായ പ്രമുഖ സ്വകാര്യബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്ക് (South Indian Bank/SIB) പൊതുവിപണിയില്‍ നിന്ന് 1,500 കോടി രൂപ സമാഹരിക്കുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡിന്റേതാണ് തീരുമാനം. ഓഹരികളുടെ വില്‍പനയിലൂടെ (Tier-1 capital) 1,000 കോടി രൂപയും കടപ്പത്രങ്ങളിറക്കി (Bonds) 500 കോടി രൂപയും സമാഹരിക്കും. ഈ മാസം ചേരുന്ന വാര്‍ഷിക പൊതുയോഗം ഇതിന് അനുമതി നല്‍കേണ്ടതുണ്ട്.

ബാങ്കിന്റെ ക്യാപ്പിറ്റല്‍ ഇന്‍ഫ്യൂഷന്‍ കമ്മിറ്റി ഉടന്‍ ചേര്‍ന്ന് മൂലധന സമാഹരണം സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് 'ധനംഓണ്‍ലൈന്‍.കോമിന്' കഴിഞ്ഞവാരം നല്‍കിയ അഭിമുഖത്തില്‍ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ മുരളി രാമകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. നിലവില്‍ 16.49 ശതമാനമാണ് ബാങ്കിന്റെ മൂലധന പര്യാപ്തതാ അനുപാതം (CAR). ഇത് കൂടുതല്‍ മെച്ചപ്പെടുത്തുകയും വികസന/വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മൂലധനം ഉറപ്പാക്കുകയാണ് സമാഹരണത്തിലൂടെ ഉന്നമിടുന്നത്.

ഓഹരിയില്‍ നേട്ടം

മൂലധനം സമാഹരിക്കുന്നെന്ന വാര്‍ത്തകളെ തുടര്‍ന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരികള്‍ ഇന്ന് നേട്ടത്തിലേറി. 3.32 ശതമാനം നേട്ടവുമായി 20.20 രൂപയിലാണ് ഓഹരിയില്‍ വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ 156 ശതമാനം നേട്ടം (Return) നിക്ഷേപകര്‍ക്ക് സമ്മാനിക്കാന്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഒരു വര്ഷം മുൻപ് ഓഹരിവില 7.80 രൂപയായിരുന്നു.

ലാഭം 202 കോടി

നടപ്പുവര്‍ഷത്തെ (2023-24) ആദ്യപാദമായ ഏപ്രില്‍-ജൂണില്‍ 202.35 കോടി രൂപയുടെ ലാഭമാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക് രേഖപ്പെടുത്തിയത്. വാര്‍ഷികാടിസ്ഥാനത്തില്‍ 75.42 ശതമാനം അധികവും പാദാടിസ്ഥാനത്തില്‍ 39.40 ശതമാനം കുറവുമാണിത്. മൊത്ത വരുമാനത്തില്‍ പാദ, വാര്‍ഷികാടിസ്ഥാനങ്ങളില്‍ വര്‍ദ്ധന കുറിച്ച ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തി അനുപാതങ്ങളും (NPA) മെച്ചപ്പെട്ടിരുന്നു. അറ്റ പലിശ മാര്‍ജിന്‍ (NIM), അറ്റ പലിശ വരുമാനം (NII) എന്നിവയിലും വാർഷികതലത്തിൽ മികവ് പുലർത്താൻ  ബാങ്കിന് കഴിഞ്ഞിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT