Banking, Finance & Insurance

മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ ഈടുവച്ച് വായ്പയെടുക്കാം; സ്‌മോള്‍കേസുമായി കൈകോര്‍ത്ത് സൗത്ത് ഇന്ത്യന്‍ ബാങ്ക്

ഒരു 'ലോണ്‍ എഗെയ്ന്‍സ്റ്റ് മ്യൂച്വല്‍ ഫണ്ട്' സേവനം നല്‍കുന്ന ആദ്യ ബാങ്കുകളില്‍ ഒന്നായി സൗത്ത് ഇന്ത്യന്‍ ബാങ്ക് മാറി

Dhanam News Desk

ഉപയോക്താക്കള്‍ക്ക് തങ്ങളുടെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ ഈടായി നല്‍കി ലളിതമായ രീതിയില്‍ വായ്പ ലഭ്യമാക്കുന്നതിനായി സൗത്ത് ഇന്ത്യന്‍ ബാങ്ക് പ്രമുഖ ഫിന്‍ടെക് പ്ലാറ്റ്ഫോമായ 'സ്മോള്‍കേസ്' ആയി സഹകരിക്കുന്നു. സ്‌മോള്‍കേസിന്റെ സാങ്കേതിക സഹായത്തോടെ പൂര്‍ണമായും ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാകുന്ന 'എസ്‌ഐബി ഡിജിറ്റല്‍ ലോണ്‍ എഗെയ്ന്‍സ്റ്റ് മ്യൂച്വല്‍ ഫണ്ട്' പദ്ധതിക്കാണ് ബാങ്ക് തുടക്കമിട്ടിരിക്കുന്നത്.

ഈ പങ്കാളിത്തത്തിലൂടെ സൗത്ത് ഇന്ത്യന്‍ ബാങ്കിന് മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് മേല്‍ 9.99% വാര്‍ഷിക പലിശ നിരക്കില്‍ സെക്യൂര്‍ഡ് ക്രെഡിറ്റ് നല്‍കാന്‍ സാധിക്കും. നിലവിലുള്ള ഉപയോക്താക്കള്‍ക്കും ഡിജിറ്റല്‍ വെല്‍ത്ത് പ്ലാറ്റ്ഫോമുകളിലെ ഉപയോക്താക്കള്‍ക്കും ബാങ്കിന്റെ ലെന്‍ഡിംഗ് സര്‍വീസ് പ്രൊവൈഡര്‍ ശൃംഖല വഴി ഈ സേവനം ലഭ്യമാകും.

ഇതോടെ, തങ്ങളുടെ എല്‍എസ്പി പങ്കാളികള്‍ക്ക് പൂര്‍ണമായി സംയോജിപ്പിച്ച ഒരു 'ലോണ്‍ എഗെയ്ന്‍സ്റ്റ് മ്യൂച്വല്‍ ഫണ്ട്' സേവനം നല്‍കുന്ന ആദ്യ ബാങ്കുകളില്‍ ഒന്നായി സൗത്ത് ഇന്ത്യന്‍ ബാങ്ക് മാറി.

ഉപയോക്താക്കള്‍ക്ക് ദീര്‍ഘകാല നിക്ഷേപങ്ങള്‍ പിന്‍വലിക്കാതെ തന്നെ പെട്ടെന്നുള്ള സാമ്പത്തിക ആവശ്യങ്ങള്‍ക്കായി പണം കണ്ടെത്താന്‍ കഴിയുമ്പോള്‍, ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ക്ക് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ വായ്പാ സംവിധാനങ്ങള്‍ തങ്ങളുടെ പ്ലാറ്റ്ഫോമുകളില്‍ നേരിട്ട് ലഭ്യമാക്കാനുള്ള സൗകര്യമാണ് ലഭിക്കുക.

സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പു നല്‍കുന്ന വായ്പാ സേവനങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിനാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക് മുന്‍ഗണന നല്‍കുന്നത്. ഭാവിയില്‍ ഡീമാറ്റ് സെക്യൂരിറ്റികളിലേക്കും മറ്റ് സാമ്പത്തിക ആസ്തികളിലേക്കും ഈ സേവനം വ്യാപിപ്പിക്കുക എന്ന ലക്ഷ്യം തങ്ങള്‍ക്കുണ്ടെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് എസ്.ജി.എം ആന്‍ഡ് ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ. സോണി പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT