Image : SIB and Canva 
Banking, Finance & Insurance

റെക്കോർഡ് ലാഭവുമായി സൗത്ത് ഇന്ത്യൻ ബാങ്ക്, മൂന്നാം പാദത്തിൽ മികച്ച മുന്നേറ്റം, സ്വർണ, വാഹന വായ്പകളിൽ വൻ വർധന

ബിസിനസ് മേഖലകളിൽ ബാങ്ക് വലിയ വളർച്ചയാണ് രേഖപ്പെടുത്തിയത്, റീട്ടെയിൽ നിക്ഷേപങ്ങൾ 13 ശതമാനം വർദ്ധിച്ച് 1,15,563 കോടി രൂപയായി

Dhanam News Desk

2025-26 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ 374.32 കോടി രൂപയുടെ റെക്കോർഡ് അറ്റാദായം നേടി സൗത്ത് ഇന്ത്യൻ ബാങ്ക് മികച്ച നേട്ടം കൈവരിച്ചു. ബാങ്കിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന അറ്റാദായമാണിത്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിലെ 341.87 കോടി രൂപയേക്കാൾ 9 ശതമാനം വർദ്ധനവാണ് ബാങ്ക് സ്വന്തമാക്കിയത്. ഡിസംബറിൽ അവസാനിച്ച ആദ്യ ഒൻപത് മാസത്തെ അറ്റാദായം 1047.64 കോടി രൂപയായി ഉയർന്നു. മൂന്നാം പാദത്തിൽ ബാങ്കിന്റെ പ്രവർത്തന ലാഭം 10 ശതമാനം വർദ്ധിച്ച് 584.33 കോടി രൂപയായി.

ആസ്തി ഗുണനിലവാരവും വരുമാനവും

ബാങ്കിന്റെ നിഷ്ക്രിയ ആസ്തികളിൽ (NPA) ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. മൊത്തം നിഷ്ക്രിയ ആസ്തി 4.30 ശതമാനത്തിൽ നിന്ന് 2.67 ശതമാനമായും, അറ്റ നിഷ്ക്രിയ ആസ്തി 1.25 ശതമാനത്തിൽ നിന്ന് 0.45 ശതമാനമായും കുറഞ്ഞു. പലിശേതര വരുമാനത്തിൽ 19 ശതമാനത്തിന്റെ വളർച്ചയോടെ 485.93 കോടി രൂപയിലെത്തി. കിട്ടാക്കടങ്ങൾക്കായുള്ള നീക്കിയിരുപ്പ് അനുപാതം (PCR) 91.57 ശതമാനമായി ഉയർന്നു.

നിക്ഷേപവും വായ്പയും

ബിസിനസ് മേഖലകളിൽ ബാങ്ക് വലിയ വളർച്ചയാണ് രേഖപ്പെടുത്തിയത്. റീട്ടെയിൽ നിക്ഷേപങ്ങൾ 13 ശതമാനം വർദ്ധിച്ച് 1,15,563 കോടി രൂപയായി. പ്രവാസി നിക്ഷേപത്തിൽ (NRI) 9 ശതമാനം വർദ്ധനവുണ്ടായി. കാസ (CASA) നിക്ഷേപത്തിൽ 15 ശതമാനം വളർച്ച രേഖപ്പെടുത്തി. മൊത്തം വായ്പകൾ 11 ശതമാനം വളർച്ചയോടെ 96,764 കോടി രൂപയിലെത്തി. ഇതിൽ സ്വർണ വായ്പകളിൽ 26 ശതമാനവും വാഹന വായ്പകളിൽ 24 ശതമാനവുമാണ് വളർച്ച.

ഗുണനിലവാരമുള്ള വായ്പാ വളർച്ചയിലൂടെ ലാഭക്ഷമത കൈവരിക്കുക എന്നതാണ് ബാങ്കിന്റെ ലക്ഷ്യമെന്ന് എം.ഡിയും സി.ഇ.ഒയുമായ പി.ആർ. ശേഷാദ്രി പറഞ്ഞു. 2025 ഡിസംബറിലെ കണക്കനുസരിച്ച് ബാങ്കിന്റെ മൂലധന പര്യാപ്തത അനുപാതം 17.84 ശതമാനമാണ്, ഇത് ബാങ്കിന്റെ കരുത്തുറ്റ സാമ്പത്തിക നിലയെയാണ് സൂചിപ്പിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT