കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്കിന് പുതിയ സാമ്പത്തിക വർഷത്തിലെ (2026-27) ആദ്യ പാദത്തിൽ മികച്ച മുന്നേറ്റം. ഏപ്രിൽ-ജൂൺ കാലയളവിൽ ബാങ്കിന്റെ അറ്റാദായം മുൻവർഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 17.29 ശതമാനം ഉയർന്ന് 377.63 കോടി രൂപയിലെത്തി. മുൻവർഷം ഇതേ കാലയളവിൽ ഇത് 321.95 കോടി രൂപയായിരുന്നു. മുൻ പാദങ്ങളിലെ വളർച്ചാ നിരക്കുമായി താരതമ്യം ചെയ്യുമ്പോഴും ബാങ്ക് മികച്ച ബിസിനസ് സ്ഥിരതയാണ് നിലനിർത്തുന്നത്.
ബാങ്കിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന അറ്റ പലിശ വരുമാനമാണ് (NII) ഈ പാദത്തിൽ സ്വന്തമാക്കിയത്. മുൻ വർഷത്തെ അപേക്ഷിച്ച് 23.05 ശതമാനം വളർച്ചയോടെ അറ്റ പലിശ വരുമാനം 1,025 കോടി രൂപയായി ഉയർന്നു.
ബാങ്കിന്റെ ആസ്തി ഗുണനിലവാരത്തിൽ ഈ പാദത്തിൽ മികച്ച മെച്ചപ്പെടൽ ദൃശ്യമാണ്. മൊത്തം നിഷ്ക്രിയ ആസ്തികൾ (GNPA) മുൻ വർഷത്തെ 3.15 ശതമാനത്തിൽ നിന്നും 177 ബേസിസ് പോയിന്റുകൾ കുറഞ്ഞ് 1.38 ശതമാനത്തിലെത്തി. അറ്റ നിഷ്ക്രിയ ആസ്തി (NNPA) മുൻവർഷത്തെ 0.68 ശതമാനത്തിൽ നിന്ന് 42 പോയിന്റുകൾ മെച്ചപ്പെട്ട് 0.26 ശതമാനമായി കുറഞ്ഞു.
എഴുതിത്തള്ളൽ ഉൾപ്പെടുത്തിയുള്ള കിട്ടാക്കടങ്ങളുടെ നീക്കിയിരുപ്പ് അനുപാതം (PCR) 247 പോയിന്റുകൾ മെച്ചപ്പെട്ട് 81.40 ശതമാനമായി. മുൻ വർഷം ഇത് 78.93 ശതമാനമായിരുന്നു. എഴുതിത്തള്ളലിന് പുറമേയുള്ള കിട്ടാക്കടങ്ങളുടെ നീക്കിയിരിപ്പ് അനുപാതം മുൻവർഷത്തെ 88.82 ശതമാനത്തിൽ നിന്നും 94.51 ശതമാനമായി ഉയർന്നു.
ബാങ്കിന്റെ റീറ്റെയ്ല്‍ നിക്ഷേപങ്ങളിൽ മികച്ച വളർച്ചയാണ് ഈ പാദത്തിൽ ഉണ്ടായത്. റീറ്റെയ്ല്‍ നിക്ഷേപങ്ങൾ 13.66 ശതമാനം ഉയർന്ന് 1,24,306 കോടി രൂപയായി. മുൻ വർഷം ഇത് 1,09,368 കോടി രൂപയായിരുന്നു. പ്രവാസി (NRI) നിക്ഷേപങ്ങളിലും ബാങ്ക് മികച്ച നേട്ടമുണ്ടാക്കി. 12.82 ശതമാനം വളർച്ചയോടെ എൻ.ആർ.ഐ നിക്ഷേപം 32,293 കോടി രൂപയിൽ നിന്നും 36,432 കോടി രൂപയായി ഉയർന്നു. 4,139 കോടി രൂപയുടെ വർധനയാണ് ഈ വിഭാഗത്തിൽ ഉണ്ടായത്.
കറന്റ് അക്കൗണ്ട്, സേവിങ്സ് അക്കൗണ്ട് എന്നിവയുൾപ്പെടുന്ന കാസ (CASA) നിക്ഷേപത്തിൽ 14.61 ശതമാനം വളർച്ചയുണ്ടായി. സേവിങ്സ് ബാങ്ക് നിക്ഷേപത്തിൽ 16.51 ശതമാനവും കറന്റ് അക്കൗണ്ടിൽ 6.95 ശതമാനവും വളർച്ചയാണ് രേഖപ്പെടുത്തിയത്.
മൊത്തം വായ്പാ വിതരണത്തിൽ 17.01 ശതമാനം വളർച്ചയോടെ ബാങ്ക് വിപണിയിൽ സജീവ സാന്നിധ്യമായി. മുൻവർഷത്തെ 89,198 കോടി രൂപയിൽ നിന്നും വായ്പകൾ 1,04,368 കോടി രൂപയായി ഉയർന്നു. വായ്പാ വിതരണത്തിൽ 15,170 കോടി രൂപയുടെ വർധനയാണ് ഉണ്ടായത്.
ബാങ്കിന്റെ ഗോൾഡ് ലോൺ പോർട്ട്ഫോളിയോയിൽ 42.90 ശതമാനത്തിന്റെ മികച്ച വാർഷിക വളർച്ച രേഖപ്പെടുത്തി. മുൻവർഷത്തെ 17,446 കോടി രൂപയിൽ നിന്ന് സ്വർണ വായ്പകൾ 24,930 കോടി രൂപയായി ഉയർന്നു.
മോർട്ട്ഗേജ് വായ്പകൾ മുൻ വർഷത്തെ അപേക്ഷിച്ച് 78.65 ശതമാനം വളർച്ചയോടെ 3,278 കോടി രൂപയിൽ നിന്നും 5,856 കോടി രൂപയായി.
ബിസിനസ് ലോണുകൾ13.67 ശതമാനം വർധനയോടെ 14,391 കോടി രൂപയായി (മുൻ വർഷം 12,660 കോടി രൂപ).
മികച്ച റേറ്റിംഗുള്ള വായ്പാ അക്കൗണ്ടുകൾ ഉൾപ്പെടുന്ന കോർപ്പറേറ്റ് വിഭാഗം 12.38 ശതമാനം വർധിച്ച് 41,704 കോടി രൂപയിലെത്തി. വലിയ കോർപ്പറേറ്റ് വിഭാഗങ്ങളിൽ 98.81 ശതമാനവും 'എ' യോ അതിനു മുകളിലോ റേറ്റിങ് ഉള്ളവയാണ്.
വാഹന വായ്പ 2,217 കോടി രൂപയിൽ നിന്ന് 280 കോടി രൂപ വർധിച്ച് 2,497 കോടി രൂപയായി. മുൻ വർഷത്തെ അപേക്ഷിച്ച് 12.63 ശതമാനം വർധനയാണ് ഉണ്ടായത്.
ബാങ്കിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപകമ്പനിയായ എസ്.ഐ.ബി.ഒ.എസ്.എൽന്റെ (SIBOSL) സാമ്പത്തിക ഫലങ്ങളും ഉൾപ്പെടുത്തിയുള്ളതാണ് ഈ സാമ്പത്തിക ഫലങ്ങൾ.
Thrissur-based South Indian Bank reports a stellar performance in Q1 FY27, with net profit reaching Rs 377.63 crore, backed by strong double-digit growth in gold and mortgage loans
Read DhanamOnline in English
Subscribe to Dhanam Magazine