Image : SIB and Canva 
Banking, Finance & Insurance

₹351 കോടിയുടെ റെക്കോഡ് അറ്റാദായം! രണ്ടാം പാദത്തില്‍ മിന്നിച്ച് സൗത്ത് ഇന്ത്യന്‍ ബാങ്ക്, നിക്ഷേപങ്ങളിലും വായ്പയിലും വളര്‍ച്ച

റീട്ടെയ്ല്‍ നിക്ഷേപങ്ങള്‍ 11 ശതമാനം വളര്‍ച്ചയോടെ 1,12,625 കോടി രൂപയിലെത്തി. പ്രവാസി 33,195 കോടി രൂപയിലെത്തി

Dhanam News Desk

2025-26 സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തില്‍ 351.36 കോടി രൂപയുടെ റെക്കോഡ് അറ്റാദായം രേഖപ്പെടുത്തി സൗത്ത് ഇന്ത്യന്‍ ബാങ്ക്. മുന്‍ വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 8 ശതമാനമാണ് വര്‍ധന. മുന്‍വര്‍ഷം ഇത് 324.69 കോടി രൂപയായിരുന്നു.

ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തികള്‍ മുന്‍ വര്‍ഷത്തെ 4.40 ശതമാനത്തില്‍ നിന്നും 147 പോയിന്റുകള്‍ കുറച്ച് 2.93 ശതമാനമാനത്തിലെത്തിച്ചു. അറ്റ നിഷ്‌ക്രിയ ആസ്തി 75 പോയിന്റുകള്‍ കുറഞ്ഞ് 1.31 ശതമാനത്തില്‍ നിന്നും 0.56 ശതമാനമായി. പലിശ ഇതര വരുമാനം 26 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 515.73 കോടി രൂപയിലെത്തി. എഴുതിത്തള്ളലിനു പുറമെയുള്ള കിട്ടാകടങ്ങളുടെ നീക്കിയിരുപ്പ് അനുപാതം 1,005 പോയിന്റുകള്‍ വര്‍ധിച്ച് 81.29 ശതമാനവും, എഴുതിത്തള്ളല്‍ ഉള്‍പ്പെടുത്തിയുള്ള കിട്ടാകടങ്ങളുടെ നീക്കിയിരുപ്പ് അനുപാതം 952 പോയിന്റുകള്‍ വര്‍ധിച്ച് 90.25 ശതമാനവുമായി. ആസ്തി വരുമാന അനുപാതത്തില്‍ 1 ശതമാനത്തിന് മുകളിലുള്ള വളര്‍ച്ചയാണുള്ളത്. പുതിയ നിഷ്‌ക്രിയ ആസ്തികളുടെ നിരക്കിനെ സൂചിപ്പിക്കുന്ന സ്ലിപ്പേജ് അനുപാതം 15 പോയിന്റുകള്‍ കുറച്ച് 0.21 ശതമാനത്തിലെത്തിക്കാനും കഴിഞ്ഞു.

നിക്ഷേപങ്ങള്‍ വളര്‍ന്നു

റീട്ടെയ്ല്‍ നിക്ഷേപങ്ങള്‍ 11 ശതമാനം വളര്‍ച്ചയോടെ 1,12,625 കോടി രൂപയിലെത്തി. പ്രവാസി (എന്‍.ആര്‍.ഐ) നിക്ഷേപം 9 ശതമാനം വര്‍ധിച്ച് 33,195 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഈ കാലയളവില്‍ 30,488 കോടി രൂപയായിരുന്നു. കാസ (CASA) നിക്ഷേപം 10 ശതമാനം വാര്‍ഷിക വളര്‍ച്ച നേടി (കറണ്ട് അക്കൗണ്ട് 11%, സേവിങ്‌സ് അക്കൗണ്ട് 10%).

₹92,286 കോടിയുടെ വായ്പ

മൊത്ത വായ്പാ വിതരണം 9 ശതമാനം വളര്‍ച്ച കൈവരിച്ച് 84,714 കോടി രൂപയില്‍ നിന്നും 92,286 കോടി രൂപയായി. കോര്‍പറേറ്റ് വിഭാഗം 9 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 33,961 കോടി രൂപയില്‍ നിന്നും 37,008 കോടി രൂപയിലെത്തി. എ അല്ലെങ്കില്‍ അതിനു മുകളില്‍ റേറ്റിംഗ് ഉള്ള കോര്‍പ്പറേറ്റ് വായ്പാ വിതരണം 3,825 കോടി രൂപ വര്‍ദ്ധിച്ചു. മുന്‍ വര്‍ഷത്തെ 20,679 കോടിയില്‍നിന്നും 24,503 കോടി രൂപയിലെത്തി. ബിസിനസ് വായ്പകള്‍ 4 ശതമാനം വളര്‍ച്ചയോടെ 13,424 കോടി രൂപയായി. സ്വര്‍ണ വായ്പകള്‍ 16,609 കോടി രൂപയില്‍ നിന്ന് 18,845 കോടി രൂപയായി. 13 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച. ഭവനവായ്പ 25 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 8,849 കോടി രൂപയിലെത്തി. വാഹന വായ്പ 25 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 2,288 കോടി രൂപയിലെത്തി.

സൗത്ത് ഇന്ത്യന്‍ ബാങ്ക് പിന്തുടരുന്ന കൃത്യമായ നയങ്ങളുടെ തുടര്‍ച്ചയായി, ശക്തമായ ബിസിനസ് പ്രകടനമാണ് ഇക്കാലയളവില്‍ കാഴ്ചവെച്ചതെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് എംഡിയും സിഇഒയുമായ പി ആര്‍ ശേഷാദ്രി പറഞ്ഞു. കോര്‍പറേറ്റ് വായ്പ, എം.എസ്.എം.ഇ, ഭവന വായ്പ, വാഹന വായ്പ, സ്വര്‍ണ വായ്പ തുടങ്ങി എല്ലാ വിഭാഗങ്ങളിലും വളര്‍ച്ച കൈവരിക്കാന്‍ കഴിഞ്ഞു. ഗുണമേന്മയുള്ള വായ്പാ വളര്‍ച്ചയിലൂടെ ലാഭക്ഷമത ഉറപ്പാക്കുക എന്ന തന്ത്രപ്രധാന ലക്ഷ്യത്തിലൂടെ നഷ്ടസാധ്യത കുറഞ്ഞ പുതിയ വായ്പകള്‍ വിതരണം ചെയ്യാനും കഴിഞ്ഞു. സുസ്ഥിര വളര്‍ച്ച, വിവേകപൂര്‍ണമായ റിസ്‌ക് മാനേജ്മന്റ്, മുഴുവന്‍ ഓഹരി ഉടമകള്‍ക്കുമുള്ള സാമ്പത്തിക നേട്ടം എന്നിവയിലുള്ള ബാങ്കിന്റെ തുടര്‍ച്ചയായ പ്രതിബദ്ധതയാണ് ഈ സമീപനം പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബാങ്കിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള എസ്.ഐ.ബി.ഒ.എസ്.എല്ലിന്റെ സാമ്പത്തിക ഫലങ്ങള്‍ കൂടി ഉള്‍പ്പെട്ടതാണ് ഈ സാമ്പത്തിക ഫലങ്ങള്‍.

South Indian Bank Posts Record ₹351 Crore Net Profit in Q2; Strong Growth in Deposits and Loans

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT