Banking, Finance & Insurance

രണ്ടാം പാദത്തിൽ റെക്കോർഡ് ലാഭവുമായി സൗത്ത് ഇന്ത്യൻ ബാങ്ക്; അറ്റാദായം ₹426.13 കോടി യിലേക്ക് ഉയർന്നു

അറ്റ പലിശ വരുമാനം 37.95% വർധിച്ച് 1,116 കോടി രൂപയിലെത്തി; നിഷ്ക്രിയ ആസ്തികളിൽ വൻ കുറവ്

Dhanam News Desk

നടപ്പ്‌ സാമ്പത്തിക വർഷത്തിലെ (2026-27) രണ്ടാം പാദത്തിൽ എക്കാലത്തെയും ഉയർന്ന അറ്റാദായം സ്വന്തമാക്കി സൗത്ത് ഇന്ത്യൻ ബാങ്ക്. ജൂലൈ-സെപ്റ്റംബർ പാദത്തിൽ ബാങ്കിന്റെ അറ്റാദായം 21.28 ശതമാനം വർധിച്ച് 426.13 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വർഷത്തെ സമാന പാദത്തിൽ ഇത് 351.31 കോടി രൂപയായിരുന്നു.

ബാങ്കിന്റെ അറ്റ പലിശ വരുമാനത്തിലും (Net Interest Income) ശക്തമായ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 37.95 ശതമാനം വാർഷിക വളർച്ചയോടെ അറ്റ പലിശ വരുമാനം 1,116 കോടി രൂപയായി. ബാങ്കിന്റെ പ്രവർത്തന ലാഭം 37 ശതമാനം വർധിച്ച് 732 കോടി രൂപയിലെത്തി. അറ്റ പലിശ മാർജിൻ (NIM) മുൻവർഷത്തെ 2.80 ശതമാനത്തിൽ നിന്ന് 3.33 ശതമാനമായി ഉയർന്നു.

മെച്ചപ്പെട്ട ആസ്തി ഗുണനിലവാരം, കുറഞ്ഞ കിട്ടാക്കടം

ബാങ്കിന്റെ ആസ്തി ഗുണനിലവാരം (Asset Quality) മികച്ച രീതിയിൽ മെച്ചപ്പെട്ടു. മൊത്ത നിഷ്ക്രിയ ആസ്തി (Gross NPA) മുൻവർഷത്തെ 2.93 ശതമാനത്തിൽ നിന്ന് 169 ബേസിസ് പോയിന്റ് കുറഞ്ഞ് 1.24 ശതമാനത്തിലെത്തി. അറ്റ നിഷ്ക്രിയ ആസ്തി (Net NPA) 0.56 ശതമാനത്തിൽ നിന്ന് 47 ബേസിസ് പോയിന്റ് കുറഞ്ഞ് 0.09 ശതമാനമായി. കിട്ടാക്കടങ്ങളുടെ നീക്കിയിരിപ്പ് അനുപാതം (Provisions Coverage Ratio) 760 ബേസിസ് പോയിന്റ് വർധിച്ച് 97.84 ശതമാനത്തിലെത്തി. മുൻവർഷമിത് 90.25 ശതമാനമായിരുന്നു.

നിക്ഷേപങ്ങളിൽ 15 ശതമാനത്തോളം വർധന

ബാങ്കിന്റെ ആകെ റീറ്റെയ്ല്‍ നിക്ഷേപങ്ങൾ 1,12,625 കോടി രൂപയിൽ നിന്ന് 14.85 ശതമാനം ഉയർന്ന് 1,29,353 കോടി രൂപയിലെത്തി. 16,728 കോടി രൂപയുടെ വർധനയാണ് ഈ വിഭാഗത്തിൽ ഉണ്ടായത്. പ്രവാസി (എൻ.ആർ.ഐ) നിക്ഷേപങ്ങളിൽ 15.09 ശതമാനം വർധന രേഖപ്പെടുത്തി. 33,195 കോടി രൂപയിൽ നിന്ന് 38,203 കോടി രൂപയായാണ് എൻ.ആർ.ഐ നിക്ഷേപം ഉയർന്നത്.

കറന്റ് അക്കൗണ്ട്, സേവിങ്സ് അക്കൗണ്ട് (CASA) നിക്ഷേപങ്ങളിൽ 17.56 ശതമാനം വളർച്ചയുണ്ടായി. കറന്റ് അക്കൗണ്ട് നിക്ഷേപത്തിൽ 31.19 ശതമാനവും സേവിങ്സ് ബാങ്ക് നിക്ഷേപത്തിൽ 14.34 ശതമാനവും വർധനയുണ്ടായി.

വായ്പാ വിതരണത്തിൽ 18.67% വർധന

ബാങ്കിന്റെ മൊത്തം വായ്പാ വിതരണം 18.67 ശതമാനം വർധിച്ച് 92,286 കോടി രൂപയിൽ നിന്ന് 1,09,517 കോടി രൂപയായി. 17,231 കോടി രൂപയുടെ വർധനയാണ് മൊത്ത വായ്പയിൽ ഉണ്ടായത്.

  • സ്വർണ വായ്പ: 41.17 ശതമാനം വളർച്ചയോടെ 18,845 കോടി രൂപയിൽ നിന്ന് 26,603 കോടി രൂപയായി ഉയർന്നു (7,758 കോടി രൂപയുടെ വർധന).

  • കോർപ്പറേറ്റ് വായ്പ: 16.63 ശതമാനം വർധിച്ച് 37,008 കോടി രൂപയിൽ നിന്ന് 43,164 കോടി രൂപയിലെത്തി. വലിയ കോർപ്പറേറ്റ് വായ്പകളിൽ 99.10 ശതമാനവും 'എ' യോ അതിനുമുകളിലോ റേറ്റിങ് ഉള്ളവയാണ്.

  • എം.എസ്.എം.ഇ / ബിസിനസ് വായ്പ: 15.39 ശതമാനം വർധിച്ച് 13,424 കോടി രൂപയിൽ നിന്ന് 15,490 കോടി രൂപയായി.

  • മോർട്ട്ഗേജ് വായ്പ: 30.92 ശതമാനം വർധിച്ച് 5,144 കോടി രൂപയായി.

  • വാഹന വായ്പ: 15.73 ശതമാനം വർധിച്ച് 2,648 കോടി രൂപയിലുമെത്തി.

ബാങ്കിന്റെ മികച്ച പ്രകടനത്തിന് കരുത്തായത് എൻ.ആർ.ഐ നിക്ഷേപങ്ങളിലെയും റീറ്റെയ്ല്‍ വായ്പകളിലെയും വർധനയാണ്. പ്രവാസി നിക്ഷേപത്തിൽ മാത്രം 5,008 കോടി രൂപയുടെ വർധന ഉണ്ടായത് ബാങ്കിലുള്ള പ്രവാസി മലയാളി സമൂഹത്തിന്റെ ശക്തമായ വിശ്വാസ്യത പ്രതിഫലിപ്പിക്കുന്നു. സ്വർണ വായ്പകളിലും റീറ്റെയ്ല്‍ മേഖലയിലും ഉണ്ടായ വളർച്ച തദ്ദേശീയ വിപണിയിലെ ഡിമാൻഡിനെയും വ്യക്തമാക്കുന്നു.

സുസ്ഥിരമായ ലാഭക്ഷമത, മികച്ച ആസ്തി ഗുണനിലവാരം, കരുത്തുറ്റ വായ്പാ പോർട്ട്‌ഫോളിയോ എന്നിവ ഉറപ്പാക്കുന്ന ബിസിനസ് തന്ത്രങ്ങളാണ് ബാങ്ക് നടപ്പിലാക്കുന്നതെന്ന് ഫലങ്ങൾ പ്രഖ്യാപിച്ചുകൊണ്ട് സൗത്ത് ഇന്ത്യൻ ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ മഹേഷ് മുരളീധർ പൈ പറഞ്ഞു. ഡിജിറ്റൽ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയും റിസ്ക് കുറഞ്ഞ പുതിയ വായ്പകൾ ഉൾപ്പെടുത്തിയും മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബാങ്കിന്റെ പൂർണ ഉടമസ്ഥതയിലുള്ള എസ്.ഐ.ബി.ഒ.എസ്‌.എല്ലിന്റെ (SIBOSL) പ്രകടനവും ഉൾപ്പെടുത്തിയുള്ളതാണ് പ്രഖ്യാപിച്ച സാമ്പത്തിക ഫലങ്ങൾ.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT