Banking, Finance & Insurance

വായ്പക്കുള്ള ജാമ്യ വസ്തുവിന്റെ ഉടമസ്ഥാവകാശം ഉറപ്പാക്കണം; ബാങ്കുകള്‍ക്ക് കര്‍ശന നിര്‍ദേശവുമായി സുപ്രീം കോടതി

ജാമ്യ വസ്തു തര്‍ക്കത്തില്‍ ഇടപെടാന്‍ ട്രൈബുണലിന് അധികാരമില്ലെന്ന് കോടതി

Dhanam News Desk

വായ്പയെടുക്കുന്നതിന് അപേക്ഷകര്‍ ഈടായി നല്‍കുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കര്‍ശന പരിശോധന വേണമെന്ന് സുപ്രീം കോടതി. വായ്പ അനുവദിക്കുന്നതിന് മുമ്പ് ജാമ്യ വസ്തു സംബന്ധിച്ച ടൈറ്റില്‍ സെര്‍ച്ച് റിപ്പോര്‍ട്ട് കുറ്റമറ്റതാക്കണമെന്ന് റിസര്‍വ് ബാങ്കിനോടും ബാങ്കുകളോടും ഇതര സാമ്പത്തിക സ്ഥാപനങ്ങളോടും സുപ്രീം കോടതി നിര്‍ദേശിച്ചു. ടൈറ്റില്‍ സെര്‍ച്ച് റിപ്പോര്‍ട്ടിന് പൊതുവായ സംവിധാനം വേണം. ജാമ്യ വസ്തുവിന്റെ രേഖകള്‍ സൂക്ഷ്മമായി പരിശോധിക്കാതെ വായ്പ അനുവദിക്കുന്ന ബാങ്ക് ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടിയെടുക്കണമെന്നും കോടതി, റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടു. മധ്യപ്രദേശ് ഹൈക്കോടതി വിധിക്കെതിരെ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ നല്‍കിയ അപ്പീല്‍ തള്ളികൊണ്ടാണ് സുപ്രീം കോടതി നിര്‍ദേശങ്ങള്‍ നല്‍കിയത്.

സെന്‍ട്രല്‍ ബാങ്കിനെതിരെ പ്രഭ ജെയിനിന്റെ പരാതി

മധ്യപ്രദേശ് സ്വദേശിനിയായ പ്രഭാ ജയിന്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യക്കെതിരെ കോടതിയെ സമീപിക്കുകയായിരുന്നു. പ്രഭ ജെയിനിന്റെ പേരിലുള്ള സ്ഥലം ബാങ്ക് പിടിച്ചെടുത്തതിനെതിരെയാണ് നിയമനടപടികള്‍ തുടങ്ങിയത്. ഈ സ്ഥലം തന്റെ പേരിലുള്ളതാണെന്നും എന്നാല്‍ താന്‍ അറിയാതെ തന്റെ ഒരു ബന്ധു ഈ സ്ഥലം മറ്റൊരാള്‍ക്ക് വിറ്റതാണെന്നുമാണ് പ്രഭ തന്റെ പരാതിയില്‍ ചൂണ്ടിക്കാട്ടിയത്. മറ്റൊരാളുടെ ബാധ്യത തീര്‍ക്കാന്‍ തന്റെ വസ്തു പിടിച്ചെടുക്കാനാകില്ലെന്ന് പ്രഭയുടെ പരാതിയില്‍ ചൂണ്ടിക്കാട്ടി. നേരത്തെ പ്രഭയുടെ പരാതി വിചാരണ കോടതി തള്ളിയിരുന്നു. സര്‍ഫാസി നിയമ പ്രകാരം ട്രൈബൂണലിനാണ് (debt recovery tribunal) തര്‍ക്കം പരിഹരിക്കാന്‍ അധികാരമെന്നായിരുന്നു വിചാരണ കോടതിയുടെ വിധി. തര്‍ക്കം പരിഹരിക്കേണ്ടത് സിവില്‍ കോടതിയാണെന്ന പ്രഭയുടെ വാദം കോടതി തള്ളി. തുടര്‍ന്ന് പ്രഭ ജയിന്‍ മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടുകയും ചെയ്തു. ഈ വിധിക്കെതിരെയാണ് സെന്‍ട്രല്‍ ബാങ്ക് സുപ്രീം കോടതിയെ സമീപിച്ചത്. 2002 ലെ നിയമനനുസരിച്ച് (Securitizations and Reconstruction of Financial Assets and Enforcement of Security Interest Atc) സ്വത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കം പരിഹരിക്കാന്‍ ട്രൈബ്യൂണലിന് (ഡിആര്‍ടി) പകരം സിവില്‍ കോടതിക്കാണ് അധികാരമെന്നും സുപ്രീം കോടതി വിധിച്ചു.

ബാങ്കുകള്‍ ജാഗ്രത പുലര്‍ത്തണം

ബാങ്കുകള്‍ ഉള്‍പ്പടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ വായ്പകള്‍ അനുവദിക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. '' അപൂര്‍ണമായ ടൈറ്റില്‍ ക്ലിയറന്‍സ് റിപ്പോര്‍ട്ടുകളില്‍ വായ്പ അനുവദിക്കുന്നത് പൊതുപണം നഷ്ടപ്പെടുത്തുന്നതിന് കാരണമായേക്കാം. അതിനാല്‍ ടൈറ്റില്‍ സെര്‍ച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് റിസര്‍വ് ബാങ്കും മറ്റ് ധനകാര്യ സ്ഥാപനങ്ങളും ചേര്‍ന്ന് പൊതുവായ സംവിധാനം ഉണ്ടാക്കണം. അപൂര്‍ണമായ റിപ്പോര്‍ട്ടില്‍ വായ്പ അനുവദിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടി വേണം. ടെറ്റില്‍ സെര്‍ച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനുള്ള ഫീസില്‍ പൊതു മാനദണ്ഡം വേണം. ഇത്തരം റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്ന നിലവാരമുള്ളതാകണം.' സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT