image credit : canva 
Banking, Finance & Insurance

ഒരേയൊരു ടാറ്റ; കമ്പനികളുടെ ബ്രാന്‍ഡ് മൂല്യത്തില്‍ ടാറ്റ ഒന്നാമത്, തൊട്ടുപിന്നില്‍ ഇന്‍ഫോസിസ്

പട്ടികയില്‍ മൂന്നാമതെത്തി എച്ച്.ഡി.എഫ്.സി

Dhanam News Desk

രാജ്യത്ത് ഏറ്റവും കൂടുതല്‍ വിപണി മൂല്യമുള്ള ബ്രാന്‍ഡുകളുടെ പട്ടികയില്‍ മുന്നിലെത്തി ടാറ്റ ഗ്രൂപ്പ്, തൊട്ടുപിന്നില്‍ ഇന്‍ഫോസിസും. പട്ടികയില്‍ മൂന്നാം സ്ഥാനം എച്ച്.ഡി.എഫ്.സി ഗ്രൂപ്പിനാണ്. ഐ.ടി, ഹോസ്പിറ്റാലിറ്റി, ഓട്ടോമൊബൈല്‍, റീട്ടെയില്‍ തുടങ്ങിയ മേഖലകളിലെ 250 ബ്രാന്‍ഡുകളുടെ പ്രവര്‍ത്തനം പരിശോധിച്ചാണ് മൂല്യനിര്‍ണയ ഏജന്‍സിയായ ബ്രാന്‍ഡ് ഫിനാന്‍സ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

28.6 ബില്യന്‍ ഡോളര്‍ (ഏകദേശം 2.38 ലക്ഷം കോടി രൂപ) മൂല്യവുമായി ടാറ്റ ഗ്രൂപ്പ് ഒന്നാം സ്ഥാനം നിലനിറുത്തി. ഗ്രൂപ്പിന്റെ താജ് ഹോട്ടല്‍ ബ്രാന്‍ഡ് ഏറ്റവും ശക്തമായ ഇന്ത്യന്‍ ബ്രാന്‍ഡ് (Strongest Indian brand) പദവി സ്വന്തമാക്കി. 30 ബില്യന്‍ ബ്രാന്‍ഡ് മൂല്യത്തോട് അടുത്ത ആദ്യ ഇന്ത്യന്‍ ബ്രാന്‍ഡാണ് ടാറ്റ ഗ്രൂപ്പ്. ഒമ്പത് ശതമാനം വളര്‍ച്ച രേഖപ്പെടുത്തി 14.2 ബില്യന്‍ ഡോളര്‍ (ഏകദേശം 1.18 ലക്ഷം കോടി രൂപ) മൂല്യവുമായാണ് ഇന്‍ഫോസിസ് രണ്ടാം സ്ഥാനം നേടിയത്. എച്ച്.ഡി.എഫ്.സി ലിമിറ്റഡുമായുള്ള ലയന നടപടികള്‍ പൂര്‍ത്തിയായതോടെ 10.4 ബില്യന്‍ ഡോളര്‍ (ഏകദേശം 88,400 കോടി രൂപ) മൂല്യവുമായി എച്ച്.ഡി.എഫ്.സി മൂന്നാം സ്ഥാനം സ്വന്തമാക്കി.

ബ്രാന്‍ഡ് മൂല്യത്തോടൊപ്പം കമ്പനികളുടെ വിപണിയിലെ നിക്ഷേപം, ബ്രാന്‍ഡിനെ എത്ര പേര്‍ക്ക് അറിയാം, വിശ്വാസ്യത, ജീവനക്കാരുടെ സംതൃപ്തി, പ്രവര്‍ത്തന പാരമ്പര്യം തുടങ്ങിയ ഘടകങ്ങള്‍ പരിശോധിച്ച് തയ്യാറാക്കിയ ബ്രാന്‍ഡ് സ്‌ട്രെംഗ്ത് ഇന്‍ഡക്‌സിന്റെ (ബി.എസ്.ഐ) അടിസ്ഥാനത്തിലാണ് പട്ടിക പുറത്തിറക്കിയത്. 545 മില്യന്‍ ഡോളര്‍ (ഏകദേശം 4550 കോടി രൂപ) മൂല്യമുള്ള താജ് ബ്രാന്‍ഡിന് ബി.എസ്.ഐയില്‍ നൂറില്‍ 92.9 മാര്‍ക്ക് ലഭിച്ചു. ബ്രാന്‍ഡ് സ്‌ട്രെംഗ്തില്‍ എഎഎപ്ലസ് നേടാനും താജിനായി. തുടര്‍ച്ചയായ മൂന്നാം തവണയാണ് താജ് ഈ നേട്ടം സ്വന്തമാക്കുന്നത്.

ഉത്പാദനം, എഞ്ചിനീയറിംഗ് സേവനങ്ങള്‍, ഗവേഷണം തുടങ്ങിയ വിഷയങ്ങളില്‍ ആഗോള കമ്പനികളുടെ ഇഷ്ടയിടമായി ഇന്ത്യ മാറിയിട്ടുണ്ടെന്ന് ബ്രാന്‍ഡ് ഫിനാന്‍സ് ഇന്ത്യയുടെ എം.ഡി അജിമോന്‍ ഫ്രാന്‍സിസ് പറഞ്ഞു. ഇതിന്റെ ഫലമായി ടാറ്റ, ഇന്‍ഫോസിസ്, എസ്.ബി.ഐ, എയര്‍ടെല്‍, റിലയന്‍സ്, താജ് ഹോട്ടല്‍, എല്‍ ആന്‍ഡ് ടി തുടങ്ങിയ കമ്പനികള്‍ ആഗോളവിപണിയില്‍ മികച്ച നേട്ടമുണ്ടാക്കി. ഉപയോക്താക്കളുടെ ഇഷ്ടാനിഷ്ടങ്ങള്‍ മനസിലാക്കിയതോടെ ടെലകോം ബ്രാന്‍ഡുകളായ ജിയോ, എയര്‍ടെല്‍, വിഐ തുടങ്ങിയവര്‍ മികച്ച വളര്‍ച്ചയുണ്ടാക്കി. ഗുണപരമായ മാറ്റങ്ങള്‍ വന്നതോടെ ബാങ്കിംഗ് മേഖലയിലും മികച്ച വളര്‍ച്ചയുണ്ടായതായും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ ബാങ്കെന്ന ബഹുമതി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) നിലനിറുത്തി.

പട്ടിക ഇങ്ങനെ

1. ടാറ്റ ഗ്രൂപ്പ്

2. ഇന്‍ഫോസിസ്

3. എച്ച്.ഡി.എഫ്.സി

4. എല്‍.ഐ.സി

5. റിലയന്‍സ്

6. എസ്.ബി.ഐ

7. എയര്‍ടെല്‍

8. എച്ച്.സി.എല്‍ ടെക്ക്

9. ലാര്‍സന്‍ ആന്‍ഡ് ടര്‍ബോ

10. മഹീന്ദ്ര

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT