രാജ്യത്തെ താഴ്ന്ന, മധ്യവര്‍ഗ വരുമാനക്കാര്‍ക്ക് സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്ന പ്രസ്ഥാനങ്ങളുടെ മുന്നില്‍ വലിയ അവസരങ്ങളാണുള്ളതെന്ന് ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് മാനേജിംഗ് ഡയറക്റ്ററും സി.ഇ.ഒയുമായ കെ. പോള്‍ തോമസ്. ''ജെപിമോര്‍ഗന്റെ അനുമാന പ്രകാരം 2027ഓടെ ഇന്ത്യയിലെ ധനാഢ്യരുടെ എണ്ണം 100 മില്യണിലെത്തും. നിലവില്‍ രാജ്യത്തെ ജനസംഖ്യയില്‍ 70 ശതമാനം പേരും താഴ്ന്ന, മധ്യവര്‍ഗ ഗണത്തിലാണ്. ഈ വിഭാഗക്കാരുടെ ആവശ്യങ്ങളറിഞ്ഞ് സാമ്പത്തിക സേവനങ്ങള്‍ നല്‍കാന്‍ കഴിയുന്ന, മാസ് ബാങ്കിംഗ് രംഗത്ത് കൃത്യമായ ബിസിനസ് മോഡലുള്ള പ്രസ്ഥാനങ്ങള്‍ക്ക് വരും നാളുകളില്‍ വലിയ സാധ്യതയാണുണ്ടാവുക,'' കെ. പോള്‍ തോമസ് വിശദീകരിക്കുന്നു.
പതിറ്റാണ്ടുകളുടെ പരിചയം
രാജ്യത്തെ വിദൂര ഗ്രാമങ്ങളിലുള്ളവരെ പോലും ബാങ്കിംഗ് സംവിധാനത്തിന് കീഴില്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയ സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ പരിപാടികളും ജന്‍ധന്‍ അക്കൗണ്ട് പോലുള്ള നീക്കങ്ങളും ഇസാഫിനെ പോലുള്ള സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ക്കും മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്കും കൂടുതല്‍ വിശാലമായ പ്രവര്‍ത്തന മേഖലയാണ് തുറന്നുതന്നതെന്ന് പോള്‍ തോമസ് പറയുന്നു.
''2000 മുതല്‍ മൈക്രോ ഫിനാന്‍സ് രംഗത്തുള്ളവരാണ് ഞങ്ങള്‍. അതുകൊണ്ട് തന്നെ രാജ്യത്തെ ഗ്രാമീണ, അര്‍ധനഗര പ്രദേശത്തെ ജനങ്ങളുടെ ആവശ്യങ്ങളറിയാം. ഇസാഫിന്റെ 70 ശതമാനം ശാഖകളും ഇത്തരം മേഖലകളിലാണ് വിന്യസിച്ചിരിക്കുന്നത്. സൂക്ഷ്മ സംരംഭകര്‍, കാര്‍ഷിക മേഖലയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ തുടങ്ങിയവര്‍ക്കെല്ലാം വേണ്ട സാമ്പത്തിക സേവനങ്ങളാണ് കൂടുതലും ഞങ്ങള്‍ നല്‍കുന്നത്,'' പോള്‍ തോമസ് ചൂണ്ടിക്കാട്ടി. നിലവില്‍ ഗ്രാമീണ മേഖലയില്‍ ഡിമാന്റില്‍ ഇടിവ് വന്നിട്ടുണ്ടെങ്കിലും അത് താല്‍ക്കാലികമാണെന്നും ദീര്‍ഘകാലത്തേക്ക് രാജ്യത്തെ ഗ്രാമീണ, അര്‍ധനഗര പ്രദേശങ്ങള്‍ വലിയ തോതില്‍ മുന്നേറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
കൂടുതല്‍ സേവനങ്ങള്‍
എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ 2040ഓടെ എന്ന ലക്ഷ്യവുമായി രാജ്യം മുന്നേറുമ്പോള്‍ വിദൂര ഗ്രാമങ്ങളിലുള്ളവര്‍ക്ക് മതിയായ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുക എന്നതാണ് ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെയും ലക്ഷ്യമെന്ന് പോള്‍തോമസ് പറയുന്നു. ഈഡ്ല്‍ വൈസ് ടോക്കിയോയുമായി ചേര്‍ന്നുള്ള ബാങ്കഷ്വറന്‍സ് സേവനങ്ങള്‍ ഇതിന്റെ ഭാഗമാണ്. ''ലൈഫ് ഇന്‍ഷുറന്‍സ് മാത്രമല്ല, സാധാരണക്കാരുടെ വീടും വിളകളും മറ്റ് ആസ്തികളുമെല്ലാം മതിയായ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കിക്കൊണ്ട് സംരക്ഷിക്കാമെന്നും ഇന്‍ഷുറന്‍സ് ഒരു നിക്ഷേപമാര്‍ഗമല്ലെന്നും കൃത്യമായി ഞങ്ങള്‍ ഓരോരുത്തരെയും പറഞ്ഞ് മനസിലാക്കിക്കൊടുക്കുന്നുണ്ട്,'' പോള്‍ തോമസ് പറഞ്ഞു.
സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എന്ന നിലയില്‍ ഏഴ് വര്‍ഷം പൂര്‍ത്തിയാക്കുന്ന ഇസാഫ്, പ്രതിവര്‍ഷം ശരാശരി 35 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഒന്‍പത് മാസംകൊണ്ട് 31 ബ്രാഞ്ചുകള്‍ കൂടി ആരംഭിച്ചു. സൂക്ഷ്മ സംരംഭക വായ്പകള്‍, കാര്‍ഷിക വായ്പകള്‍, സ്വര്‍ണ വായ്പ എന്നീ മേഖലകള്‍ക്കാണ് കൂടുതലായി ഊന്നല്‍ നല്‍കുന്നത്. ഇന്ത്യയിലെ 21 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഇസാഫ് ബാങ്കിന് 731 ബാങ്കിംഗ് ഔട്ട്‌ലെറ്റുകള്‍, 917 ഉപഭോക്തൃ സേവന കേന്ദ്രങ്ങള്‍, 30 ബിസിനസ് കറസ്‌പോണ്ടന്റുകള്‍, 4,003 ബാങ്കിംഗ് ഏജന്റുമാര്‍, 723 ബിസിനസ് ഫെസിലിറ്റേറ്റര്‍മാര്‍, 600 എ.ടി.എം തുടങ്ങിയവയുമുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine