Banking, Finance & Insurance

ഐഡിബിഐ ബാങ്ക് ഏറ്റെടുക്കൽ: സിഎസ്ബി ബാങ്കിന്റെ കാര്യത്തിൽ തീരുമാനമെടുക്കാൻ ഫെയർഫാക്സിന് രണ്ടുവർഷത്തെ സമയം നല്‍കിയേക്കും

ആർബിഐ നിയമങ്ങൾ പാലിക്കുന്നതിന് കനേഡിയൻ നിക്ഷേപക സ്ഥാപനമായ ഫെയർഫാക്സിന് ഓഹരികൾ വിറ്റഴിക്കാനോ ലയിപ്പിക്കാനോ 2 വർഷത്തെ ഇളവ് നൽകാൻ സാധ്യത

Dhanam News Desk

ഐഡിബിഐ ബാങ്കിന്റെ (IDBI Bank) ഭൂരിപക്ഷം ഓഹരികളും സ്വന്തമാക്കാൻ മുന്നിൽനിൽക്കുന്ന കനേഡിയൻ നിക്ഷേപ സ്ഥാപനമായ ഫെയർഫാക്സ് ഫിനാൻഷ്യലിന് (Fairfax Financial) ആശ്വാസകരമായ നീക്കവുമായി കേന്ദ്ര സർക്കാരും ആർബിഐയും. രാജ്യത്ത് രണ്ട് ബാങ്കുകളിൽ പ്രൊമോട്ടർ പദവി വഹിക്കാൻ ആർബിഐ ചട്ടങ്ങൾ അനുവദിക്കാത്ത സാഹചര്യത്തിൽ, ഫെയർഫാക്സിന് അവരുടെ ഇന്ത്യയിലെ ബാങ്കിങ് ഓഹരി പങ്കാളിത്തം ഏകീകരിക്കുന്നതിന് രണ്ടു വർഷം വരെ സമയം നൽകാൻ കേന്ദ്രം ആലോചിക്കുന്നതായി റിപ്പോർട്ട്.

സിഎസ്ബി ബാങ്കിന് പ്രധാനം

കേരളം ആസ്ഥാനമായുള്ള പ്രമുഖ സ്വകാര്യ ബാങ്കായ സിഎസ്ബി ബാങ്കിൽ (CSB Bank) നിലവിൽ ഫെയർഫാക്സിന് ഏകദേശം 40 ശതമാനത്തോളം ഓഹരി പങ്കാളിത്തമുണ്ട്. ആർബിഐ നിയന്ത്രണങ്ങൾ അനുസരിച്ച് ഒരു പ്രൊമോട്ടർക്ക് ഒരേ സമയം രണ്ട് ബാങ്കിങ് ലൈസൻസുകൾ കൈവശം വെക്കാനാകില്ല.

ഐഡിബിഐ ബാങ്ക് ഏറ്റെടുക്കൽ പൂർത്തിയായാൽ, സിഎസ്ബി ബാങ്കിലെ ഓഹരികൾ വിറ്റഴിക്കണോ അതോ ഐഡിബിഐ ബാങ്കുമായി ലയിപ്പിക്കണോ എന്ന് തീരുമാനിക്കാൻ ലഭിക്കുന്ന ഈ 2 വർഷത്തെ സാവകാശം ഫെയർഫാക്സിന് നിർണായകമാകും. തൊഴിലാളി യൂണിയൻ പ്രശ്നങ്ങളും ഘടനാപരമായ സങ്കീർണ്ണതകളും ഒഴിവാക്കാൻ സിഎസ്ബി ബാങ്കിലെ ഓഹരികൾ പൂർണമായും വിറ്റഴിക്കാനാണ് (Divestment) ഫെയർഫാക്സിന് കൂടുതൽ താല്പര്യമെന്നാണ് സൂചനകൾ.

സി.എസ്.ബി (CSB) ബാങ്കിന് നിലവിൽ 86,282 കോടി രൂപയുടെ (9 ബില്യൺ ഡോളർ) ബിസിനസ്സുണ്ട്. മുൻപ് സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന ബാങ്കിന് കൂടുതൽ പണം ആവശ്യമായി വന്നപ്പോൾ, 2018-ലാണ് 'ഫെയർഫാക്സ്' (Fairfax) കമ്പനി ഇതിന്റെ നിയന്ത്രണം ഏറ്റെടുത്തത്.

നീക്കം 5 ബില്യൺ ഡോളറിന്റെ മെഗാ ഡീലിനായി

കേന്ദ്ര സർക്കാരും എൽഐസിയും ചേർന്ന് ഐഡിബിഐ ബാങ്കിന്റെ 60.72 ശതമാനം ഓഹരികളാണ് വിറ്റഴിക്കുന്നത്. ഏകദേശം 5 ബില്യൺ ഡോളറിലധികം (₹50,000 കോടിയിലധികം) മൂല്യം കണക്കാക്കുന്ന ഈ ഇടപാട്, ഇന്ത്യൻ ബാങ്കിങ് മേഖലയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപങ്ങളിൽ ഒന്നായി മാറും.

നേരത്തെ റിസർവ് വിലയെക്കാൾ കുറഞ്ഞ തുകയാണ് ലേലത്തിൽ സമർപ്പിച്ചതെങ്കിലും, സമിതി വിലയിരുത്തലുകൾക്ക് ശേഷം ഫെയർഫാക്സ് പരിഷ്കരിച്ച ബിഡ് സമർപ്പിച്ചിരുന്നു. കേന്ദ്ര കാബിനറ്റ് കമ്മിറ്റിയുടെയും ആർബിഐ, സെബി തുടങ്ങിയ റെഗുലേറ്ററി സ്ഥാപനങ്ങളുടെയും അന്തിമാനുമതി ലഭിക്കുന്നതോടെ ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാകും.

ഫെയർഫാക്സ് ഇന്ത്യ ഹോൾഡിങ്സ് കോർപ്പറേഷനിലൂടെ ഇന്ത്യയിലെ ഒരു പ്രധാന നിക്ഷേപകരാണ് ഫെയർഫാക്സ്. 2026 ജൂൺ 30-ലെ കണക്കനുസരിച്ച് 3.8 ബില്യൺ ഡോളറിന്റെ ആസ്തിയാണ് ഈ കമ്പനിക്കുള്ളത്. ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമായ ഐ.ഐ.എഫ്.എൽ (IIFL) ക്യാപിറ്റൽ, ഓൺലൈൻ ബ്രോക്കറേജ് സ്ഥാപനമായ 5പൈസ (5paisa) എന്നിവയും ഇവരുടെ മറ്റു പ്രധാന നിക്ഷേപങ്ങളിൽ ഉൾപ്പെടുന്നു.

To clear regulatory hurdles for the IDBI Bank acquisition, India may grant Fairfax two years to resolve its ownership in CSB Bank.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT