വിവേക് കൃഷ്ണ ഗോവിന്ദിനൊപ്പം വി.പി. നന്ദകുമാർ 
Banking, Finance & Insurance

ഓരോ പുതിയ ഇടപാടുകാരനെയും നേടാന്‍ ചെലവ് 3,000 രൂപ: വി.പി. നന്ദകുമാര്‍

ഏത് പ്രത്രിസന്ധിയിലും സ്ഥാപനത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ ലീഡര്‍ക്ക് സാധിക്കുമെന്ന വിശ്വാസം ജീവനക്കാരിലുണ്ടാക്കിയെടുക്കണം

Resya Raveendran

ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ (NBFC) നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഉപഭോക്താക്കളെ നേടിയെടുക്കലാണെന്നും ഒരു ഉപയോക്താവിനെ സ്വന്തമാക്കാനായി 3,000 രൂപയോളം എന്‍.ബി.എഫ്.സികള്‍ക്ക് ചെലവഴിക്കേണ്ടി വരുന്നുണ്ടെന്നും മണപ്പുറം ഫിനാന്‍സ് എം.ഡിയും സി.ഇ.ഒയുമായ വി.പി. നന്ദകുമാര്‍.

വലിയ മത്സരാത്മകമായ ഈ രംഗത്ത് അതുകൊണ്ടു തന്നെ ഉപയോക്താക്കളെ നിലനിര്‍ത്തുന്നതില്‍ വലിയ പ്രാധാന്യമുണ്ട്. ഒരിക്കലും മത്സരം ഒഴിവാക്കാനാകില്ല. ഇതു മുന്‍കൂട്ടി കാണുകയും വൈവിധ്യവത്കരണത്തിലേര്‍പ്പെടുകയും ചെയ്യുകയാണ് വേണ്ടത്. ഉപയോക്താക്കളുടെ വര്‍ധിച്ചു വരുന്ന ആവശ്യങ്ങള്‍ നിറവേറ്റാന്‍ ശ്രദ്ധിക്കണം. അതിനാണ് മണപ്പുറം ഫിനാന്‍സ് പ്രാധാന്യം നല്‍കുന്നത്. ഓരോ കസ്റ്റമറുടെയും ആവശ്യങ്ങള്‍ക്കനുസരിച്ച് സേവനങ്ങള്‍ നല്‍കിയാണ് മുന്നോട്ട് പോകുന്നത്. അങ്ങനെയാണ് സ്വര്‍ണ വായ്പകളില്‍ മാത്രം ശ്രദ്ധിച്ചിരുന്ന കമ്പനി വാഹന വായ്പ, വനിതകള്‍ക്കായുള്ള പ്രത്യേക വായ്പകള്‍ എന്നിവയിലേക്കൊക്കെ കടന്നതെന്നും വി.പി. നന്ദകുമാര്‍ പറഞ്ഞു.

ധനം മാഗസിന്റെ ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ സംഘടിപ്പിച്ച ബാങ്കിംഗ്, ഫിനാന്‍സ്, ഇന്‍ഷുറന്‍സ്, ഇന്‍വെസ്റ്റ്‌മെന്റ് രംഗത്തെ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സംഗമമായ ധനം ബി.എഫ്.എസ്.ഐ സമ്മിറ്റില്‍ വര്‍മ ആന്‍ഡ് വര്‍മ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് സീനിയര്‍ പാര്‍ട്ണര്‍ വിവേക് കൃഷ്ണ ഗോവിന്ദുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

ലീഡർ മുഖ്യം

ഏത് പ്രത്രിസന്ധിയിലും സ്ഥാപനത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ ലീഡര്‍ക്ക് സാധിക്കുമെന്ന വിശ്വാസം ജീവനക്കാരിലുണ്ടാക്കുകയാണ് മികച്ച സ്ഥാപനം വളര്‍ത്തിയെടുക്കാന്‍ വേണ്ടത്. പല പ്രശ്‌നങ്ങളും ജീവനക്കാര്‍ക്ക് തന്നെ പരിഹാരം കണ്ടെത്തെനാകും. അവര്‍ക്ക് അതിനുള്ള അവസരം നല്‍കണം. മാത്രമല്ല കമ്പനിയുടെ ബോര്‍ഡില്‍ കുടുംബാഗങ്ങള്‍ക്കായിരിക്കണം മുന്‍തൂക്കം എന്നാണ് പൊതുവില്‍ അഭിപ്രായം. എന്നാല്‍ ആ പൊതുധാരണ തിരുത്തുകയാണ് മണപ്പുറം. ബോര്‍ഡ് മെമ്പറായിട്ട് കുടുംബത്തില്‍ നിന്ന് ഒരംഗം മാത്രമാണുള്ളത്. ബാക്കി എല്ലാം തന്നെ വൈദഗ്ദ്ധ്യമുള്ള പ്രൊഫണല്‍സാണ്.

ഇനിയും ഡിജിറ്റല്‍, ഫിന്‍ടെക്, നിയന്ത്രണങ്ങള്‍ എന്നീ തലങ്ങള്‍ നിരവധി വെല്ലുവിളികളുണ്ടാകും. പ്രൊഫഷണല്‍സിനെ കൂടി ഉള്‍പ്പെടുത്തി മുന്നോട്ടു പോകുന്ന ഒരു രീതിയിലൂടെ മാത്രമേ അതിനെ മറികടക്കാന്‍ പറ്റൂ. കഠിനാധ്വാനം, നിശ്ചയദാര്‍ഢ്യം, പരാജയങ്ങളെ നേരിടാനുള്ള മനക്കരുത്ത് എന്നിവയാണ് യുവ സംരംഭകര്‍ക്കുണ്ടാകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമ്മിറ്റില്‍ എല്‍.ഐ.സി എക്‌സിക്യൂട്ടീവ് ഡയറക്ടറും ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസറുമായ ആര്‍.സുധാകര്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ പി.ആര്‍. ശേഷാദ്രി, മുത്തൂറ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് എന്നിവരും പ്രഭാഷണം നടത്തി. കൊച്ചിയിലെ ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് 9.30 വരെ നടക്കുന്ന സമ്മിറ്റിലും അവാര്‍ഡ് നൈറ്റിലുമായി ബാങ്കിംഗ്, ഫിനാന്‍സ്, നിക്ഷേപ ഇന്‍ഷുറന്‍സ് മേഖലയില്‍ നിന്നുള്ള 20ഓളം വിദഗ്ധരാണ് പ്രഭാഷകരായെത്തുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT