പുതിയ സാമ്പത്തിക വര്‍ഷം തുടങ്ങിയിരിക്കുകയാണ്. ഏപ്രിലില്‍ തന്നെ ഒരു ഭവന വായ്പ എടുത്താലോ എന്ന് ആലോചിച്ചിരിക്കുന്നവരാണോ? അത്തരക്കാരെ ലക്ഷ്യമിട്ട് പ്രമുഖ പൊതുമേഖല ബാങ്കുകള്‍ ആകര്‍ഷകായ ഓഫറുകളുമായി എത്തിയിട്ടുണ്ട്. എസ്ബിഐ (SBI), പിഎന്‍ബി (PNB), ബാങ്ക് ഓഫ് ബറോഡ (BoB) തുടങ്ങിയ മുന്‍നിര പൊതുമേഖലാ ബാങ്കുകള്‍ ആകര്‍ഷകമായ നിരക്കുകളാണ് ഉപയോക്താക്കള്‍ക്കായി വാഗ്ദാനം ചെയ്യുന്നത്.
വിവിധ ബാങ്കുകളുടെ പലിശ നിരക്കുകള്‍ താരതമ്യം ചെയ്ത് ഉചിതമായ തിരഞ്ഞെടുക്കുന്നത് നിങ്ങളുടെ ബാധ്യതയില്‍ ലക്ഷങ്ങള്‍ ലാഭിക്കാന്‍ സഹായിക്കും.
അതേസമയം, ഏറ്റവും കുറഞ്ഞ പലിശ നിരക്ക് എന്നതുകൊണ്ട് മാത്രം അത് മികച്ചതാവണമെന്നില്ല എന്ന കാര്യം ഓര്‍ക്കുക. പ്രോസസിംഗ് ഫീസ്, മറഞ്ഞിരിക്കുന്ന മറ്റ് നിരക്കുകള്‍, വായ്പാ കാലാവധി, നിങ്ങളുടെ തിരിച്ചടവ് ശേഷി എന്നിവ ദീര്‍ഘകാലാടിസ്ഥാനത്തില്‍ വായ്പയുടെ ആകെ ചിലവിനെ കാര്യമായി ബാധിക്കും.
പ്രമുഖ ബാങ്കുകളിലെ പലിശ നിരക്കുകള്‍ (ഏപ്രില്‍ 2026) നോക്കാം.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഭവന വായ്പകള്‍ക്ക് 7.25 ശതമാനം മുതല്‍ 8.95 ശതമാനം വരെയാണ് പലിശ ഈടാക്കുന്നത്.
ബാങ്ക് ഓഫ് ബറേഡ് 30 ലക്ഷം മുതല്‍ 75 ലക്ഷം രൂപവരെയുള്ള വായ്പകള്‍ക്ക് 7.20 മുതല്‍ 9 ശതമാനം വരെയും 75 ലക്ഷത്തിന് മുകളിലുള്ളയ്ക്ക് 7.20 മുതല്‍ 9.25 ശതമാനം വരെയും പലിശ ഈടാക്കുന്നു.
യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ 7.15 ശതമാനം മുതല്‍ 9.50 ശതമാനം വരെ പലിശയില്‍ വായ്പകള്‍ നല്‍കുന്നുണ്ട്.
പഞ്ചാബ് നാഷണല്‍ ബാങ്ക് 30 ലക്ഷം വരെയുള്ള വായ്പകള്‍ക്ക് 7.30 ശതമാനം മുതല്‍ 9.30 ശതമാനം വരെ ഈടാക്കുമ്പോള്‍ 30 മുതല്‍ 75 ലക്ഷം രൂപ വരെയുള്ളവയ്ക്ക് 7.25 ശതമാനം മുതല്‍ 9.20 ശതമാനം വരെ പലിശ ഈടാക്കുന്നു. ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് ഇത് യഥാക്രമം 7.10-10 ശതമാനം, 7.40-10.25 ശതമാനം എന്നിങ്ങനെയാണ്.
കാനറ ബാങ്ക് 30 ലക്ഷം വരെയുള്ള വായ്പകള്‍ക്ക് 7.25 ശതമാനം മുതല്‍ 10 ശതമാനം വരെയും 75 ലക്ഷത്തിനു മുകളിലുള്ളവയ്ക്ക് 7.15 ശതമാനം മുതല്‍ 9.90 ശതമാനം വരെയും പലിശ ഈടാക്കുന്നു. യൂക്കോ ബാങ്കില്‍ ഭവന വായ്പാ പലിശ 7.15 മുതല്‍ 9.25 ശതമാനം വരെയാണ്. അപേക്ഷകന്റെ സിബില്‍ സ്‌കോര്‍, വായ്പാ തുക എന്നിവയ്ക്ക് അനുസരിച്ച് നിരക്കുകളില്‍ മാറ്റം വരാമെന്നത് പ്രത്യേകം ശ്രദ്ധിക്കുക.
മികച്ച ക്രെഡിറ്റ് പ്രൊഫൈലും ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോറും (സാധാരണയായി 750-ന് മുകളില്‍) ഉള്ള വായ്പക്കാര്‍ക്കാണ് സാധാരണയായി ഏറ്റവും ആകര്‍ഷകമായ ഭവന വായ്പാ ഓഫറുകള്‍ ലഭിക്കുന്നത്. അപേക്ഷകരുടെ റിസ്‌ക് പ്രൊഫൈല്‍ വര്‍ധിക്കുന്നതിനനുസരിച്ച് പലിശ നിരക്കിലെ വ്യത്യാസവും (Rate spreads) വര്‍ധിക്കാറുണ്ട്.
അന്തിമ തീരുമാനമെടുക്കുന്നതിന് മുന്‍പ്, പ്രമുഖ ബാങ്കുകളുടെ ഔദ്യോഗിക വെബ്സൈറ്റുകളില്‍ ലഭ്യമായ കാല്‍ക്കുലേറ്ററുകള്‍ ഉപയോഗിച്ച് യഥാര്‍ത്ഥ വിവരങ്ങള്‍ നല്‍കി വിവിധ ഹോം ലോണ്‍ ഓഫറുകള്‍ താരതമ്യം ചെയ്യാവുന്നതാണ്.
ഉയര്‍ന്ന സിബില്‍ സ്‌കോര്‍ (750-ന് മുകളില്‍) ഉള്ളവര്‍ക്ക് ബാങ്കുകള്‍ കുറഞ്ഞ പലിശ നിരക്ക് വാഗ്ദാനം ചെയ്യാറുണ്ട്. വായ്പ എടുക്കുന്നതിന് മുന്‍പ് സ്‌കോര്‍ പരിശോധിക്കുന്നത് നന്നായിരിക്കും.
പരസ്യങ്ങളില്‍ നല്‍കുന്ന പലിശ നിരക്ക് (Advertised interest rate) മാത്രം നോക്കാതെ, 'യഥാര്‍ത്ഥ പലിശ നിരക്ക്' (Effective applicable interest rate) കൃത്യമായി മനസ്സിലാക്കുകയും താരതമ്യം ചെയ്യുകയും ചെയ്യുക. ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍, അഡ്വാന്‍സ് ചാര്‍ജുകള്‍ (ഉണ്ടെങ്കില്‍), മറ്റ് മറഞ്ഞിരിക്കുന്ന നിരക്കുകള്‍ എന്നിവയുള്‍പ്പെടെയുള്ള എല്ലാ ഘടകങ്ങളും ഉള്‍പ്പെടുത്തി കണക്കാക്കുന്ന നിരക്കാണിത്.
ഭവന വായ്പയുടെ ആകെ കാലാവധിയും ഇഎംഐ (EMI) തിരിച്ചടയ്ക്കാനുള്ള നിങ്ങളുടെ ശേഷിയും പ്രത്യേകം പരിഗണിക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള തിരിച്ചടവ് കാലാവധി തിരഞ്ഞെടുക്കുന്നത് മാസതവണകളുടെ (EMI) ഭാരം കുറയ്ക്കുമെങ്കിലും, ആകെ അടയ്ക്കേണ്ടി വരുന്ന പലിശ നിരക്ക് വര്‍ദ്ധിപ്പിക്കും. അതിനാല്‍, ഇവ രണ്ടും തമ്മില്‍ വിവേകപൂര്‍വ്വമായ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം.
നിങ്ങള്‍ ഉദ്ദേശിക്കുന്ന വായ്പാ ഓഫറിനുള്ള അടിസ്ഥാന യോഗ്യതാ മാനദണ്ഡങ്ങള്‍ നിങ്ങള്‍ക്കുണ്ടോ എന്ന് പരിശോധിക്കുക. പ്രായപരിധി, കുറഞ്ഞ വരുമാനം, തൊഴില്‍ മേഖല എന്നിങ്ങനെ വിവിധ തരത്തിലുള്ള പരിശോധനകള്‍ പല ബാങ്കുകളും നടത്താറുണ്ട്. അതിനാല്‍ അപേക്ഷിക്കുന്നതിന് മുന്‍പ് നിങ്ങള്‍ക്ക് ഈ യോഗ്യതകളുണ്ടെന്ന് ഉറപ്പുവരുത്തുക.