Credit card  Canva
Banking, Finance & Insurance

യുഎഇ ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് പുതിയ ചാര്‍ജുകള്‍; ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍

വിദേശ യാത്രക്കിടെ നടത്തുന്ന ഇടപാടുകള്‍ക്കാണ് ബാങ്കുകള്‍ നിരക്കുകള്‍ ഉയര്‍ത്തുന്നത്

Dhanam News Desk

യുഎഇ ബാങ്കുകള്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തിന് ചില പുതിയ ചാര്‍ജുകള്‍ കൊണ്ടു വരികയാണ്. അക്കൗണ്ട് ഉടമകള്‍ വിദേശത്ത് പോകുമ്പോള്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നതിനുള്ള നിരക്കുകളാണ് ഉയര്‍ത്തുന്നത്. ഉപയോഗിക്കുന്ന തുകയുടെ 3.14 ശതമാനം വരെ ചാര്‍ജുകള്‍ ഈടാക്കാനാണ് തീരുമാനം. സെപ്തംബര്‍ 22 മുതല്‍ ഉയര്‍ന്ന നിരക്കുകള്‍ നിലവില്‍ വരും. യുഎഇയിലുള്ള പ്രവാസി മലയാളി നാട്ടിലെത്തി അവിടുത്തെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ കൂടിയ നിരക്കുകള്‍ നല്‍കേണ്ടി വരും.

മാറുന്ന നിരക്കുകള്‍

യഎഇ ബാങ്കുകളുടെയോ മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെയോ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ വിദേശത്ത് പോകുമ്പോള്‍ നടത്തുന്ന ഇടപാടുകള്‍ക്കാണ് ഫീസ് കൂട്ടുന്നത്. നേരത്തെ 2.09 ശതമാനമായിരുന്നതാണ് 3.14 ശതമാനമായി ഉയര്‍ത്തുന്നത്. വിദേശ രാജ്യങ്ങളിലെ ഹോട്ടല്‍ ബുക്കിംഗ്, മറ്റ് ബില്‍ പെയ്‌മെന്റുകള്‍, പണം പിന്‍വലിക്കല്‍ തുടങ്ങിയ സേവനങ്ങള്‍ക്കെല്ലാം പുതിയ നിരക്ക് ബാധകമാകും. കറന്‍സി വിനിമയ നിരക്ക്, ഇടപാട് ചാര്‍ജ് എന്നീ ഇനങ്ങളിലാണ് ഈ തുക ഈടാക്കുന്നത്. വിദേശത്ത് ചെലവിടുന്ന 5,000 ദിര്‍ഹത്തിന് 157 ദിര്‍ഹം ഇടപാട് നിരക്ക് നല്‍കേണ്ടി വരും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വിദേശ യാത്രകളില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം പരമാവധി കുറക്കാന്‍ ശ്രമിക്കുക. പ്രാദേശിക കറന്‍സികളില്‍ ഇടപാടുകള്‍ നടത്തുക. യുഎഇ ദിര്‍ഹത്തില്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ ഉയര്‍ന്ന വിനിമയ നിരക്ക് നല്‍കേണ്ടി വരും. ഏഴ് ശതമാനം വരെ ഈടാക്കുന്ന എക്‌സ്‌ചേഞ്ചുകളുണ്ട്. ഇതിന് പുറമെ 3.14 ശതമാനം ബാങ്ക് ചാര്‍ജുകളും നല്‍കേണ്ടി വരും. ക്രെഡിറ്റ് കാര്‍ഡ് നിര്‍ബന്ധമായും ഉപയോഗിക്കേണ്ടി വരുന്ന സാഹചര്യത്തില്‍, ഇടപാടുകളുടെ എണ്ണം പരമാവധി കുറക്കേണ്ടതുണ്ട്. കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കുകയാണെങ്കില്‍ ആവശ്യമായ പ്രാദേശിക കറന്‍സി ഒറ്റത്തവണയായി പിന്‍വലിക്കുന്നതും ഉചിതമാകും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT