chatgpt and canva 
Banking, Finance & Insurance

യൂണിയന്‍ ബാങ്ക് രണ്ടാം പാദ ലാഭം 5,537 കോടി രൂപയിലെത്തി; ബിസിനസില്‍ 12% വര്‍ധന

എംഎസ്എംഇ, റീറ്റൈയ്ല്‍ വായ്പകളില്‍ മികച്ച വളര്‍ച്ച; കിട്ടാക്കടം കുത്തനെ കുറഞ്ഞു

Dhanam News Desk

നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ (ജൂലൈ-സെപ്റ്റംബര്‍) പൊതുമേഖലാ സ്ഥാപനമായ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ 5,537 കോടി രൂപയുടെ ലാഭം നേടി. തൊട്ടു മുന്‍പത്തെ പാദത്തിലെ (ജൂണ്‍ 2026) 5,332 കോടി രൂപയെ അപേക്ഷിച്ച് ലാഭത്തില്‍ 3.84 ശതമാനം വര്‍ധനയുണ്ടായി. മുന്‍വര്‍ഷത്തെ സമാന പാദത്തിലെ 8,365 കോടി രൂപയില്‍ നിന്ന് ആറു മാസത്തെ ലാഭം (H1FY27) 10,870 കോടി രൂപയായും ഉയര്‍ന്നു. 29.95 ശതമാനമാണ് വര്‍ധന.

നികുതി കിഴിച്ചുള്ള ബാങ്കിന്റെ പലിശ വരുമാനം (NII) ജൂണ്‍ പാദത്തിലെ 10,037 കോടി രൂപയില്‍ നിന്ന് 5.43 ശതമാനം വര്‍ധിച്ച് സെപ്റ്റംബര്‍ പാദത്തില്‍ 10,583 കോടി രൂപയിലെത്തി. മൊത്തം വരുമാനം 28,158 കോടി രൂപയാണ്.

വായ്പാ വളര്‍ച്ചയും നിക്ഷേപങ്ങളും

ബാങ്കിന്റെ മൊത്തം ബിസിനസ് 24.75 ലക്ഷം കോടി രൂപ പിന്നിട്ടു. മുന്‍ വര്‍ഷത്തേക്കാള്‍ 12.01% വര്‍ധനയുണ്ട്.. സെപ്റ്റംബര്‍ 30 ലെ കണക്കനുസരിച്ച് ബാങ്കിന്റെ ആകെ നിക്ഷേപം 13.19 ലക്ഷം കോടി രൂപയാണ്.

മൊത്തം വായ്പകള്‍ (Gross Advances) മുന്‍ പാദത്തിലെ 10.96 ലക്ഷം കോടി രൂപയില്‍ നിന്ന് 5.43 ശതമാനം വര്‍ധിച്ച് 11.55 ലക്ഷം കോടി രൂപയിലെത്തി.

റീട്ടെയില്‍, അഗ്രി, എംഎസ്എംഇ (RAM) വായ്പകള്‍:6.35 ലക്ഷം കോടി രൂപയായി വര്‍ധിച്ചു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് എംഎസ്എംഇ വായ്പകളില്‍ 22.39 ശതമാനവും റീറ്റൈയ്ല്‍ വായ്പകളില്‍ 11.24 ശതമാനവും വര്‍ധന രേഖപ്പെടുത്തി.

ബാങ്കിന്ഡറെ കറന്റ് അക്കൗണ്ട്-സേവിംഗ്‌സ് അക്കൗണ്ട് നിക്ഷേപങ്ങള്‍ 4.60 ലക്ഷം കോടി രൂപയായി ഉയര്‍ന്നപ്പോള്‍ കാസ അനുപാതം 34.93 ശതമാനത്തിലാണ്.

കിട്ടാക്കടം കുറഞ്ഞു; അസറ്റ് ക്വാളിറ്റിയില്‍ വലിയ മുന്നേറ്റം

ബാങ്കിന്റെ അസറ്റ് ക്വാളിറ്റി കൂടുതല്‍ മെച്ചപ്പെട്ടു. മൊത്തം കിട്ടാക്കടം (Gross NPA) മുന്‍ പാദത്തിലെ 2.65 ശതമാനത്തില്‍ നിന്ന് 2.42 ശതമാനമായി കുറഞ്ഞു. അറ്റ കിട്ടാക്കടം (Net NPA) 0.47 ശതമാനത്തില്‍ നിന്ന് 0.42 ശതമാനത്തിലേക്കും താഴ്ന്നു. വായ്പാ തിരിച്ചടവ് സുരക്ഷിതമാക്കുന്ന പ്രൊവിഷന്‍ കവറേജ് അനുപാതം (PCR) 95.20 ശതമാനത്തിലേക്ക് മെച്ചപ്പെട്ടിട്ടുണ്ട്.

മൂലധന പര്യാപ്തതാ അനുപാതം (CRAR) 17.94 ശതമാനവും ഒന്നാം നിര മൂലധന അനുപാതം (CET-1) 16.05 ശതമാനവുമാണ്.

ഗ്രാമീണ മേഖലയിലും സാമ്പത്തിക ഉള്‍ക്കൊള്ളലിലും മുന്നേറ്റം

കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക ഉള്‍ക്കൊള്ളല്‍ പദ്ധതികളുടെ (Financial Inclusion) ഭാഗമായി ജനധന്‍ പദ്ധതിയിലൂടെ (PMJDY) 3.49 കോടി അക്കൗണ്ടുകളിലായി 16,671 കോടി രൂപയുടെ നിക്ഷേപം ബാങ്ക് സമാഹരിച്ചു. കൂടാതെ പ്രധാനമന്ത്രി സുരക്ഷാ ഭീമാ യോജന, ജീവന്‍ ജ്യോതി ഭീമാ യോജന, അടല്‍ പെന്‍ഷന്‍ യോജന എന്നിവയിലൂടെ ലക്ഷക്കണക്കിന് പുതിയ ഉപഭോക്താക്കളെ ബാങ്ക് ശൃംഖലയില്‍ പങ്കാളികളാക്കി. വനിതാ സംരംഭകര്‍ക്കായുള്ള 'യൂണിയന്‍ നാരി ശക്തി' പദ്ധതി വഴി രണ്ടാം പാദത്തില്‍ 346 കോടി രൂപയുടെ വായ്പ അനുവദിച്ചു.

Union Bank of India reported a net profit of Rs 5,537 crore for the second quarter of FY27, backed by strong growth in retail and MSME advances.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT