പ്രതീകാത്മക ചിത്രം Image Source: Canva
Banking, Finance & Insurance

യു.പി.ഐ ഇടപാടുകൾക്ക് എം.ഡി.ആർ ചാർജ് വരുമോ? കേന്ദ്രത്തിന്റെ പുതിയ നീക്കം ഉപഭോക്താക്കളെയും വ്യാപാരികളെയും എങ്ങനെ ബാധിക്കും?

യു.പി.ഐ ഇടപാടുകളിൽ എം.ഡി.ആർ ഈടാക്കാൻ കേന്ദ്ര സർക്കാർ നിയമപരമായ വഴിയൊരുക്കുന്ന ഭേദഗതി അവതരിപ്പിച്ചു. ഉടൻ ചാർജ് വരില്ലെങ്കിലും ഭാവിയിൽ വിജ്ഞാപനങ്ങളിലൂടെ നടപ്പാക്കാനാകും. ഉപഭോക്താക്കൾക്ക് നേരിട്ടുള്ള ചാർജ് ഉണ്ടാകില്ലെന്നാണ് നിലവിലെ സൂചന

Dhanam News Desk

യു.പി.ഐ ഇടപാടുകൾക്ക് എം.ഡി.ആർ ചാർജ് ഈടാക്കാൻ നിയമപരമായ വാതിൽ തുറക്കുന്ന ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. ഉടൻ ചാർജ് ഈടാക്കില്ലെങ്കിലും ഭാവിയിൽ ആർ.ബി.ഐ / കേന്ദ്ര സർക്കാർ വിജ്ഞാപനങ്ങളിലൂടെ ഇത് നടപ്പാക്കാം. സാധാരണ ഉപഭോക്താക്കൾക്ക് യു.പി.ഐ ഇടപാടുകൾ സൗജന്യമായി തുടരും. വൻകിട വ്യാപാരികൾക്കും 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്കും മാത്രം 0.25%-0.30% വരെ നിരക്കിൽ ചാർജ് ഈടാക്കാനാണ് സാധ്യത.

ഡിജിറ്റൽ പേയ്മെന്റ് രംഗത്ത് വൻ വിപ്ലവം സൃഷ്ടിച്ച യു.പി.ഐ (UPI) ഇടപാടുകൾക്ക് വരുംദിവസങ്ങളിൽ വ്യാപാരികളിൽ (Merchant) നിന്ന് സർവീസ് ചാർജ് അഥവാ മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (MDR) ഈടാക്കാനുള്ള വാതിൽ തുറന്ന് കേന്ദ്ര സർക്കാർ. 2007-ലെ പേയ്മെന്റ് ആന്റ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്ടിൽ ഭേദഗതി വരുത്താനുള്ള ബിൽ ചൊവ്വാഴ്ച ലോകസഭയിൽ അവതരിപ്പിച്ചു.

എന്നാൽ, ഇതിനർത്ഥം ഉടൻ തന്നെ യു.പി.ഐ ഇടപാടുകൾക്ക് നിരക്ക് ഈടാക്കുമെന്നല്ല. ആർ.ബി.ഐക്കും കേന്ദ്ര സർക്കാറിനും ഭാവിയിൽ വിജ്ഞാപനങ്ങളിലൂടെ ആവശ്യമെങ്കിൽ എം.ഡി.ആർ നടപ്പിലാക്കാൻ നിയമപരമായ അനുമതി നൽകുന്ന ഒരു വ്യവസ്ഥ (Enabling Provision) മാത്രമാണിത്.

എന്തുകൊണ്ട് ഈ ഭേദഗതി?

2020 ജനുവരി മുതലാണ് യു.പി.ഐ ഇടപാടുകൾ പൂർണമായും സൗജന്യമാക്കിക്കൊണ്ട് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയത്. ഇതോടെ യു.പി.ഐ ഉപയോഗം ഗണ്യമായി വർധിക്കുകയും 2026 ജൂലൈയിൽ മാത്രം 2,366 കോടി ഇടപാടുകളിലൂടെ 29.88 ലക്ഷം കോടി രൂപയുടെ പേയ്മെന്റുകൾ നടക്കുകയും ചെയ്തു.

എന്നാൽ സാങ്കേതിക അടിസ്ഥാനസൗകര്യങ്ങൾ, സൈബർ സുരക്ഷ, തട്ടിപ്പുകൾ തടയൽ എന്നിവയ്ക്കുള്ള വൻ തുക ബാങ്കുകളും ഫിൻടെക് കമ്പനികളുമാണ് നിലവിൽ വഹിക്കുന്നത്. വരുമാനമില്ലാതെ സേവനങ്ങൾ സൗജന്യമായി നൽകുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ബാങ്കിംഗ് മേഖലയ്ക്ക് നഷ്ടമുണ്ടാക്കുന്നു എന്ന വിലയിരുത്തലിലാണ് പുതിയ നീക്കം.

മാറ്റങ്ങൾ ആർക്കൊക്കെ, എങ്ങനെയൊക്കെ ബാധിക്കും?

എം.ഡി.ആർ തിരികെ കൊണ്ടുവരികയാണെങ്കിൽ തന്നെ അത് സാധാരണക്കാരായ ഉപഭോക്താക്കളെ ബാധിക്കില്ല.

വൻകിട വ്യാപാരികൾക്ക് മാത്രം: ചെറിയ വരുമാനമുള്ള കടകളിലെ ദൈനംദിന ഇടപാടുകളെ ഒഴിവാക്കി, വലിയ വ്യാപാരികൾക്കും വലിയ തുകയുടെ (ഉദാഹരണത്തിന് 2,000 രൂപയ്ക്ക് മുകളിലുള്ള) വ്യാപാര/വാണിജ്യാടിസ്ഥാനത്തിലുള്ള ഇടപാടുകൾക്കും മാത്രമായിരിക്കും എം.ഡി.ആർ ബാധകമാക്കുക.

എം.ഡി.ആർ നിരക്ക്: വിപണി വിദഗ്ദ്ധരുടെ കണക്കുകൂട്ടൽ പ്രകാരം 25 മുതൽ 30 ബേസിസ് പോയിന്റ് (0.25% - 0.30%) വരെയായിരിക്കും എം.ഡി.ആർ നിശ്ചയിക്കാൻ സാധ്യത.

ബാങ്കുകൾക്കും ഫിൻടെക്കുകൾക്കും നേട്ടം: യു.പി.ഐ ഇടപാടുകൾക്ക് 0.25% - 0.30% നിരക്കിൽ എം.ഡി.ആർ ഈടാക്കാൻ തുടങ്ങിയാൽ, പ്രതിവർഷം 13,500 കോടി മുതൽ 16,000 കോടി രൂപ വരെ പേയ്മെന്റ് ഇക്കോസിസ്റ്റത്തിലേക്ക് എത്തിച്ചേരുമെന്നാണ് കണക്കുകൂട്ടൽ. പേയ്മെന്റ് പ്രോസസ് ചെയ്യുന്ന ബാങ്കുകൾ, ഫിൻടെക് ആപ്പുകൾ, എൻ.പി.സി.ഐ എന്നിവർക്കിടയിൽ ഈ തുക വീതിച്ചു നൽകും. എസ്.ബി.ഐ പോലുള്ള വൻകിട വാണിജ്യ ബാങ്കുകൾക്ക് മാത്രം പ്രതിവർഷം 3,000 കോടിയോളം രൂപ അധിക വരുമാനം ലഭിക്കാമെന്നും വിലയിരുത്തപ്പെടുന്നു.

പ്രധാന വിവരങ്ങൾ ഒറ്റനോട്ടത്തിൽ:

  • ഉപഭോക്താക്കൾക്ക് --------► പൂർണ്ണമായും സൗജന്യം (ചാർജുകൾ ഉണ്ടാകില്ല).

  • വ്യാപാരികൾക്ക് --------► വൻകിട വ്യാപാരികൾക്ക് മാത്രം ബാധകം (നിർദ്ദേശത്തിൽ).

  • പ്രതീക്ഷിക്കുന്ന നിരക്ക് --------► 0.25% - 0.30% (₹2,000-ന് മുകളിലുള്ള തുകകൾക്ക്).

  • പേയ്മെന്റ് ഇക്കോസിസ്റ്റത്തിനുള്ള വരുമാനം --------► പ്രതിവർഷം ₹13,500 - ₹16,000 കോടി.

സാധാരണ ഉപഭോക്താക്കളെ ഇത് ബാധിക്കുമോ?

ഇല്ല. ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുമ്പോൾ ഈടാക്കുന്നത് പോലെ എം.ഡി.ആർ തുക ഉപഭോക്താവിൽ നിന്നല്ല, മറിച്ച് പേയ്മെന്റ് സ്വീകരിക്കുന്ന വ്യാപാരിയിൽ നിന്നാണ് ഈടാക്കുന്നത്.

ഉദാഹരണത്തിന്, ഒരു ഉപഭോക്താവ് 30,000 രൂപ വിലയുള്ള ടിവി വാങ്ങുമ്പോൾ യു.പി.ഐ വഴി കൃത്യം 30,000 രൂപ തന്നെ നൽകിയാൽ മതിയാകും. ഇതിന്റെ ചെറിയൊരു ശതമാനം കമ്മീഷൻ തുകയായി വ്യാപാരി ബാങ്കിന് നൽകും. അതേസമയം നികുതി, ഇൻഷുറൻസ്, വാടക, നിക്ഷേപങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട യു.പി.ഐ ഇടപാടുകൾക്ക് എം.ഡി.ആർ ഒഴിവാക്കാനാണ് സാധ്യത.

സർക്കാറോ ആർ.ബി.ഐയോ പുതിയ മാനദണ്ഡങ്ങൾ നിശ്ചയിച്ച് കൃത്യമായ വിജ്ഞാപനം ഇറക്കുന്നത് വരെ യു.പി.ഐ ഇടപാടുകൾ നിലവിലേതുപോലെ പൂർണമായും സൗജന്യമായി തന്നെ തുടരും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT