പ്രതീകാത്മക ചിത്രം Image Source: Canva
Banking, Finance & Insurance

യു.പി.ഐ എം.ഡി.ആർ ഒഴിവാക്കാൻ സേവിങ്സ് അക്കൗണ്ട് ഉപയോഗിക്കാമോ? വ്യാപാരികൾ അറിയേണ്ട ബാങ്കിങ്-നികുതി വശങ്ങൾ

യു.പി.ഐ എം.ഡി.ആർ ഒഴിവാക്കാൻ സേവിങ്സ് അക്കൗണ്ട് ഉപയോഗിക്കുന്നത് എന്തുകൊണ്ട് അപകടകരമാകാം? ബാങ്കിങ് ചട്ടങ്ങൾ, ആദായനികുതി, ജി.എസ്.ടി എന്നിവയിൽ വ്യാപാരികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?

Pintu Prakash

2026 ഒക്ടോബർ 15 മുതൽ 2,000 രൂപയ്ക്ക് മുകളിലുള്ള P2M യു.പി.ഐ ഇടപാടുകൾക്ക് 0.4% എം.ഡി.ആർ ബാധകമാകുമ്പോൾ, ഏതാനും ചെറുകിട വ്യാപാരികൾ സേവിങ്സ് അക്കൗണ്ട് വഴി ഇത് ഒഴിവാക്കാൻ ശ്രമിക്കുന്നു. എന്നാൽ വ്യക്തിഗത എസ്.ബി അക്കൗണ്ട്, ബിസിനസ് ഇടപാടുകൾക്ക് ഉപയോഗിക്കുന്നത് ബാങ്കിങ് ചട്ടലംഘനമാകുകയും അക്കൗണ്ട് മരവിപ്പിക്കൽ, പിഴ, ഐ.ടി വകുപ്പ് വഴി 78% വരെ നികുതി-പിഴ, ജി.എസ്.ടി കേസുകൾ എന്നിവയ്ക്ക് വഴിയൊരുക്കുകയും ചെയ്യുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

യു.പി.ഐ ഇടപാടുകൾക്ക് 2026 ഒക്ടോബർ 15 മുതൽ പുതിയ പരിഷ്കാരം പ്രാബല്യത്തിൽ വരികയാണ്. 2,000 രൂപയ്ക്ക് മുകളിലുള്ള വാണിജ്യ (P2M) ഇടപാടുകൾക്ക് 0.4% മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (MDR) ഏർപ്പെടുത്താനുള്ള തീരുമാനം രാജ്യത്തെ ചെറുകിട വ്യാപാര മേഖലയിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരുന്നു. എം.ഡി.ആർ മുഖേനയുള്ള അധിക ബാധ്യത മറികടക്കാനായി വ്യക്തിഗത സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾ ബിസിനസ് ആവശ്യങ്ങൾക്കായി ഉപയോഗിക്കാമെന്ന് കരുതുന്ന ഒരുവിഭാ​ഗം ചെറുകിട വ്യാപാരികളുണ്ട്. എന്നാൽ, താൽക്കാലിക ലാഭം ലക്ഷ്യമിട്ടുള്ള ഈ നീക്കം ഗുരുതരമായ ബാങ്കിങ്-നിയമ-നികുതി പ്രതിസന്ധികളിലേക്ക് ഇവരെ കൊണ്ടുചെന്നെത്തിക്കും എന്നതാണ് വാസ്തവം.

ബാങ്കിങ് ചട്ടങ്ങളുടെ ലംഘനവും അക്കൗണ്ട് മരവിപ്പിക്കലും

വ്യക്തിഗത ആവശ്യങ്ങൾക്കായി മാത്രം അനുവദിച്ചിട്ടുള്ളതാണ് സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾ. നാഷണൽ പെയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) ചട്ടപ്രകാരം, ഒരു സാധാരണ സേവിങ്സ് അക്കൗണ്ടിൽ പ്രതിദിനം നടത്താവുന്ന യു.പി.ഐ ഇടപാടുകളുടെ എണ്ണം 20 ആയും, പരമാവധി തുക 1 ലക്ഷം രൂപയായും പരിമിതപ്പെടുത്തിയിട്ടുണ്ട്.

ബിസിനസ് ആവശ്യങ്ങൾക്കായി ഈ അക്കൗണ്ട് ഉപയോഗിക്കുമ്പോൾ ഒരേ അക്കൗണ്ടിലേക്ക് തുടർച്ചയായി ചെറിയ തുകകൾ വരുന്നത് ബാങ്കുകളുടെ ഓട്ടോമേറ്റഡ് റിസ്ക് മോണിറ്ററിങ് സിസ്റ്റം (Algorithms) പെട്ടെന്ന് തിരിച്ചറിയും. വ്യക്തിഗത സേവിങ്സ് അക്കൗണ്ട് സ്ഥിരമായി ബിസിനസ് ഇടപാടുകൾക്കായി ഉപയോഗിക്കുന്നത് ബാങ്കിന്റെ അക്കൗണ്ട് വ്യവസ്ഥകളും കെ.വൈ.സി പ്രൊഫൈലുമായി പൊരുത്തപ്പെടാത്തതായി കണക്കാക്കപ്പെടാം. ഇടപാടുകളുടെ സ്വഭാവമനുസരിച്ച് ബാങ്ക് അധിക പരിശോധന നടത്തുകയോ ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയോ ചെയ്യാം.

ഇത്തരത്തിൽ അക്കൗണ്ട് പ്രവർത്തനം തടസ്സപ്പെട്ടാൽ ദൈനംദിന ബിസിനസ് പ്രവർത്തനങ്ങളെയും ഉപഭോക്താക്കളുമായുള്ള വിശ്വാസ്യതയെയും പ്രതികൂലമായി ബാധിക്കാം. കൂടാതെ, മുൻകാല ഇടപാടുകൾ പരിശോധിച്ച് വാണിജ്യ നിരക്കിലുള്ള പിഴശിക്ഷ ഈടാക്കാനും ബാങ്കുകൾക്ക് സാധിക്കും.

ഐ.ടി നിരീക്ഷണം: 78% വരെ നികുതി ബാധ്യത

ഡിജിറ്റൽ യു.പി.ഐ ഇടപാടുകളെല്ലാം പാൻ (PAN), ആധാർ എന്നിവയുമായി നേരിട്ട് ബന്ധിപ്പിച്ചിട്ടുള്ളവയാണ്. അതിനാൽ ഓരോ പൈസയുടെ ഇടപാടും കൃത്യമായി രേഖപ്പെടുത്തപ്പെടുന്നുണ്ട്. സേവിങ്സ് അക്കൗണ്ടിലേക്ക് വരുന്ന ഉയർന്ന ബിസിനസ് വരുമാനം ആദായനികുതി വകുപ്പിന്റെ വാർഷിക വിവര റിപ്പോർട്ടിൽ (SFT) പ്രതിഫലിക്കും.

ആദായ നികുതി നിയമത്തിലെ സെക്ഷൻ 68 പ്രകാരം, വ്യക്തമായ ബിസിനസ്സ് രേഖകളില്ലാതെ സേവിങ്സ് അക്കൗണ്ടിലേക്ക് എത്തുന്ന പണത്തെ 'വിശദീകരിക്കപ്പെടാത്ത നിക്ഷേപം' (Unexplained Cash Credits) ആയി കണക്കാക്കാം. ഇത്തരം സാഹചര്യങ്ങളിൽ സെക്ഷൻ 115BBE പ്രകാരം 78% വരെ ഉയർന്ന നികുതിയും പിഴയും ഈടാക്കാൻ വകുപ്പിന് നിയമപരമായ അധികാരമുണ്ട്. ബിസിനസ് വരുമാനം മറച്ചുവെച്ച് വ്യക്തിഗത വരുമാനമായി കാണിച്ച് ഐ.ടി.ആർ (ITR) ഫയൽ ചെയ്യുന്നത് ബോധപൂർവ്വമായ നികുതിവെട്ടിപ്പായി കണക്കാക്കപ്പെടും.

"പേഴ്സണൽ സേവിങ്സ് അക്കൗണ്ടിൽ ഒരു തുക ക്രെഡിറ്റ് ആയി എന്നതുകൊണ്ട് മാത്രം സെക്ഷൻ 68-ന്റെ പരിധിയിൽ വരില്ല. എന്നാൽ ഇത്തരത്തിൽ എസ്.ബി അക്കൗണ്ടിലേക്ക് വന്ന തുക സംബന്ധിച്ച് തൃപ്തികരമായ വിശദീകരണം നൽകാൻ അക്കൗണ്ട് ഉടമയ്ക്ക് സാധിക്കുന്നില്ലെങ്കിൽ മാത്രമേ സെക്ഷൻ 68-ഉം 115BBE-യും ഒക്കെ ബാധകമാകുകയുള്ളു. ബിസിനസ് ഇടപാടുള്ളവർ കറന്റ് അക്കൗണ്ട് ഉപയോ​ഗിക്കുന്നതാണ് ഉത്തമമെന്ന്" കൊച്ചി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രൊഫഷണൽ ചാർട്ടേഡ് അക്കൗണ്ടന്റായ അർപണ ജോസി പറഞ്ഞു.

"ഏതെങ്കിലും വിധത്തിൽ ഒരു ബിസിനസ് ഇടപാടിന്റെ പണം എസ്.ബി അക്കൗണ്ടിലേക്ക് വന്നാൽ അക്കാര്യം തെളിയിക്കാൻ ഉതകുന്ന സെയിൽസ് ഇൻവോയിസ്, ജി.എസ്.ടി റിട്ടേൺ, പണം അയച്ചുതന്ന ഉപഭോക്താവിൽ നിന്നുള്ള ലെഡ്ജർ എന്നിങ്ങനെ നിയമപരമായ രേഖകളുണ്ടെങ്കിൽ അത് കൈവശം സൂക്ഷിക്കുക. വിശദീകരണം ആവശ്യപ്പെടുന്ന പക്ഷം ഇവ ഉപകാരപ്പെടും. അതുപോലെ എസ്.ബി അക്കൗണ്ടിലേക്ക് വന്ന ബിസിനസ് വരുമാനത്തെ കുറിച്ച് ഇൻകം ടാക്സ് റിട്ടേണിൽ പറയാൻ വിട്ടുപോയാൽ പിന്നീട് അത് തിരുത്തി നൽകാനും അവസരങ്ങളുണ്ട്. അതിനായി നിയമ വിദ​ഗ്ധരേയോ ചാർട്ടേ‍ഡ് അക്കൗണ്ടന്റുമാരേയോ ബന്ധപ്പെടുക" സി.എ അർപണ ജോസി കൂട്ടിച്ചേർത്തു.

ജി.എസ്.ടി നിയമ ലംഘനങ്ങളും ഭാവി റിസ്കുകളും

ചരക്ക് ഉത്പന്നങ്ങളുടെ വാർഷിക വിറ്റുവരവ് 40 ലക്ഷം രൂപയോ, സേവനങ്ങളുടേത് 20 ലക്ഷം രൂപയോ കവിയുന്ന ഏതൊരു സംരംഭവും ജി.എസ്.ടി രജിസ്ട്രേഷൻ എടുക്കാൻ ബാധ്യസ്ഥരാണ്. എം.ഡി.ആർ ഒഴിവാക്കാനായി സേവിങ്സ് അക്കൗണ്ടിലേക്ക് പണം മാറ്റുന്നത് വഴി വിറ്റുവരവ് (Turnover) കുറച്ചുകാണിക്കാനുള്ള ശ്രമം ജി.എസ്.ടി നിയമപ്രകാരം വലിയ കുറ്റകൃത്യമാണ്. ജി.എസ്.ടി നെറ്റ്‌‍വർക്കും ആദായനികുതി വകുപ്പും തമ്മിൽ വിവര (ഡാറ്റ) കൈമാറ്റം നടത്തുന്നതിനാൽ, ബാങ്ക് അക്കൗണ്ടിലെ ഉയർന്ന ട്രാൻസാക്ഷനുകളും ജി.എസ്.ടി റിട്ടേണിലെ കുറഞ്ഞ വിറ്റുവരവും തമ്മിലുള്ള പൊരുത്തക്കേടുകൾ ഓട്ടോമേറ്റഡ് സിസ്റ്റം വേഗത്തിൽ കണ്ടെത്തുകയും പിഴ ചുമത്തുകയും ചെയ്യും.

എം.ഡി.ആർ ഭാരം നിയമപരമായി എങ്ങനെ ഒഴിവാക്കാം?

വ്യവസ്ഥാപിതമായി ബിസിനസ്സ് നടത്തുന്ന വ്യാപാരികൾക്ക് എം.ഡി.ആർ ഭാരം പൂർണമായും ഒഴിവാക്കാനോ കുറയ്ക്കാനോ നിയമപരമായ മാർഗ്ഗങ്ങളുണ്ട്:

  • P2PM (Person-to-Person-Merchant) സ്റ്റാറ്റസ്: പ്രതിമാസം 1 ലക്ഷം രൂപ വരെ മാത്രം യു.പി.ഐ വരുമാനമുള്ള ചെറുകിട വ്യാപാരികളെ/വഴിയോര കച്ചവടക്കാരെ എൻ.പി.സി.ഐ 'P2PM' വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവർക്ക് പുതിയ എം.ഡി.ആർ ഫ്രെയിംവർക്ക് ബാധകമല്ല; എം.ഡി.ആർ നിരക്ക് പൂജ്യം ശതമാനം (0%) ആയി തുടർന്നും ലഭിക്കും.

  • റുപേ ഡെബിറ്റ് കാർഡുകൾ (RuPay Debit Cards): റുപേ ഡെബിറ്റ് കാർഡുകൾ വഴിയുള്ള ഇടപാടുകൾക്ക് തുക എത്രയായാലും എം.ഡി.ആർ ഈടാക്കരുതെന്ന് കേന്ദ്ര സർക്കാർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

  • കുറഞ്ഞ തുകയ്ക്കുള്ള ക്രെഡിറ്റ് കാർഡ് ഇടപാടുകൾ: റുപേ ക്രെഡിറ്റ് കാർഡുകൾ യു.പി.ഐ-യുമായി ബന്ധിപ്പിച്ച് നടത്തുന്ന 2,000 രൂപ വരെയുള്ള ഇടപാടുകൾക്കും ചെറുകിട വ്യാപാരികൾക്ക് എം.ഡി.ആർ ബാധകമല്ല.

ചുരുക്കത്തിൽ...

ചെറിയൊരു തുക ലാഭിക്കാൻ വേണ്ടി ബാങ്കിങ് മാനദണ്ഡങ്ങളും നികുതി നിയമങ്ങളും ലംഘിക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ഒരു ബിസിനസ്സിന്റെ നിലനിൽപ്പിനെ തന്നെ അപകടത്തിലാക്കും. ഡിജിറ്റൽ ഇക്കോണമി പൂർണമായും നിരീക്ഷണവിധേയമായ ഈ കാലഘട്ടത്തിൽ, സുതാര്യമായ കറന്റ് അക്കൗണ്ടുകളിലേക്ക് മാറുകയും അനുവദനീയമായ സർക്കാർ ഇളവുകൾ പ്രയോജനപ്പെടുത്തുകയുമാണ് ചെറുകിട വ്യാപാരികൾ ചെയ്യേണ്ടത്. നിയമവിധേയമായ ബിസിനസ് വളർച്ചയ്ക്ക് അച്ചടക്കമുള്ള ബാങ്കിങ് രീതികൾ അനിവാര്യമാണെന്നും ഓർക്കുക.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT