Banking, Finance & Insurance

യുപിഐ വ്യാപാരി ഫീസ് ജനുവരി വരെ നീട്ടിവച്ചേക്കും; ചെറുകിട വ്യാപാരികള്‍ക്ക് കൂടുതല്‍ ഇളവും പരിഗണനയില്‍

സെപ്റ്റംബറില്‍ യുപിഐ വഴി പ്രതിദിനം ശരാശരി 80.2 കോടി ഇടപാടുകളാണ് നടന്നത്. പ്രതിദിന ഇടപാട് മൂല്യം ശരാശരി 97,913 കോടി ആയിരുന്നു

Dhanam News Desk

യുപിഐ (UPI) വ്യാപാരി ഇടപാടുകളിലെ പുതിയ ഫീസ് സംവിധാനം നടപ്പാക്കുന്നത് 2027 ജനുവരി ഒന്നിലേക്ക് മാറ്റിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഒക്ടോബര്‍ 15 മുതല്‍ മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (MDR) ഏര്‍പ്പെടുത്താനായിരുന്നു ആദ്യ തീരുമാനം. വ്യാപാരി സംഘടനകളുടെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്നാണ് ഈ നീക്കം.

അന്തിമ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നാണ് സൂചനയെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. തീരുമാനം വൈകിയാല്‍ വ്യാപാരികള്‍ക്ക് നിലവിലുള്ളതുപോലെ സൗജന്യമായി യുപിഐ പേയ്‌മെന്റുകള്‍ തുടര്‍ന്നും സ്വീകരിക്കാനാകും. എംഡിആര്‍ നിര്‍ദേശത്തിനെതിരെ വിവിധ വ്യാപാരി സംഘടനകള്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് പുതിയ ആലോചന.

ചെറുകിട വ്യാപാരികള്‍ക്ക് കൂടുതല്‍ ഇളവ്?

എംഡിആറില്‍ നിന്ന് ഒഴിവാക്കേണ്ട ചെറുകിട വ്യാപാരികളുടെ പരിധി വിപുലീകരിക്കുന്ന കാര്യവും യുപിഐ ആന്‍ഡ് സര്‍വീസസ് സ്റ്റിയറിംഗ് കമ്മിറ്റി പരിഗണിക്കുന്നുണ്ട്. നിലവിലെ നിര്‍ദേശപ്രകാരം പ്രതിമാസം ഒരു ലക്ഷം വരെ വിറ്റുവരവുള്ള വ്യാപാരികള്‍ക്കായിരുന്നു ഫീസ് ഒഴിവാക്കാന്‍ ഉദ്ദേശിച്ചിരുന്നത്. ഇതിന് പകരം വാര്‍ഷിക വിറ്റുവരവ് 40 ലക്ഷം വരെ ഉള്ള സ്ഥാപനങ്ങളെ എംഡിആറില്‍ നിന്ന് ഒഴിവാക്കുന്ന നിര്‍ദേശമാണ് ഇപ്പോള്‍ ചര്‍ച്ചയിലുള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (NPCI) നേതൃത്വം നല്‍കുന്ന യുപിഐ ആന്‍ഡ് സര്‍വീസസ് സ്റ്റിയറിംഗ് കമ്മിറ്റി ബുധനാഴ്ച ചേര്‍ന്ന് എംഡിആര്‍ നടപ്പാക്കുന്ന സമയക്രമവും മറ്റു വിഷയങ്ങളും ചര്‍ച്ച ചെയ്തിരുന്നു.

വ്യാപാരികളുടെ പ്രതിഷേധം

എംഡിആര്‍ ഏര്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെ റീട്ടെയില്‍ വ്യാപാരി സംഘടനകള്‍ പ്രതിഷേധിച്ചിരുന്നു. ഒക്ടോബര്‍ രണ്ടിന് 'No UPI Day' നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം പ്രതിഷേധം പിന്‍വലിച്ചു.

ഉത്സവകാലത്ത് വ്യാപാരികളുടെ ഇടപാടുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ എംഡിആര്‍ നടപ്പാക്കല്‍ മാറ്റിവയ്ക്കുന്നത് വ്യാപാരികള്‍ക്ക് താല്‍ക്കാലിക ആശ്വാസമാകും. എന്നാല്‍ ഫീസ് പൂര്‍ണമായി പിന്‍വലിക്കുന്നതിനുപകരം ഉത്സവകാലത്തിനു ശേഷം നടപ്പാക്കാനാണ് നിലവിലെ ആലോചനയെന്നാണ് റിപ്പോര്‍ട്ട്.

സെപ്റ്റംബറില്‍ യുപിഐ വഴി പ്രതിദിനം ശരാശരി 80.2 കോടി ഇടപാടുകളാണ് നടന്നത്. പ്രതിദിന ഇടപാട് മൂല്യം ശരാശരി 97,913 കോടി ആയിരുന്നു. സെപ്റ്റംബറിലെ മൊത്തം ഇടപാടുകളുടെ എണ്ണം 2,407 കോടിയായി. മുന്‍വര്‍ഷത്തെ 1,963 കോടിയുമായി താരതമ്യം ചെയ്യുമ്പോള്‍ 22.6 ശതമാനം വര്‍ധനയാണിത്. ഇടപാട് മൂല്യം 18 ശതമാനം ഉയര്‍ന്ന് 29.37 ലക്ഷം കോടിയിലെത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT