Banking, Finance & Insurance

ഡിജിറ്റല്‍ പണമിടപാടില്‍ ഇന്ത്യന്‍ കുതിച്ചുചാട്ടം

ഇ-കൊമേഴ്‌സ് ഇടപാട് മാത്രം ഒരുലക്ഷം കോടി രൂപയിലെത്തി

Dhanam News Desk

ഡിജിറ്റല്‍ പണമിടപാടില്‍ മറ്റ് രാജ്യങ്ങളെയെല്ലാം അതിശയിപ്പിക്കും വിധം ഇന്ത്യ മുന്നേറുകയാണെന്ന് പ്രമുഖ രാജ്യാന്തര ധനകാര്യ സാങ്കേതികവിദ്യാ സ്ഥാപനമായ എഫ്.ഐ.എസിന്റെ റിപ്പോര്‍ട്ട്. 40 രാജ്യങ്ങളിലെ ഡിജിറ്റല്‍ ഇടപാടുകള്‍ വിലയിരുത്തി, 'വേള്‍ഡ് പേ ഫ്രം എഫ്.ഐ.എസ് ഗ്ലോബല്‍ പേമെന്റ്‌സ് റിപ്പോര്‍ട്ട്-2023' ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

തത്സമയം പണംകൈമാറ്റം (റിയല്‍-ടൈം പേമെന്റസ്/ആര്‍.ടി.പി) ഉറപ്പാക്കുന്ന മികച്ച ഡിജിറ്റല്‍ പണമിടപാട് സൗകര്യമായ യൂണിഫൈഡ് പേമെന്റ്‌സ് ഇന്റര്‍ഫേസാണ് (യു.പി.ഐ) ഇന്ത്യയുടെ ഈ നേട്ടത്തിന് പിന്നിലെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഡിജിറ്റല്‍ ഇന്ത്യ; കറന്‍സിപ്രിയം കുറഞ്ഞു

ഡിജിറ്റല്‍ ഇടപാട് കൂടിയതോടെ കറന്‍സിക്ക് സ്വീകാര്യത ഇന്ത്യയില്‍ കുറയുകയാണ്. 2019ല്‍ മൊത്തം വ്യാപാര ഇടപാടില്‍ (പി.ഒ.എസ്) 71 ശതമാനം കറന്‍സികളായിരുന്നത് 2022ല്‍ 27 ശതമാനമായി കുറഞ്ഞു. ഇ-കൊമേഴ്‌സിലെ അക്കൗണ്ട് - ടു- അക്കൗണ്ട് (എ2എ) ഇടപാട് 2021നേക്കാള്‍ 53 ശതമാനം ഉയര്‍ന്ന് കഴിഞ്ഞവര്‍ഷം 1200 കോടി ഡോളറിലെത്തി (ഏകദേശം ഒരുലക്ഷം കോടി രൂപ). ഡിജിറ്റല്‍ വാലറ്റുകളുടെ വളര്‍ച്ചാനിരക്ക് 5 ശതമാനത്തില്‍ നിന്ന് 35 ശതമാനമായി.

ഇനിയും മുന്നോട്ട്

2020 മാര്‍ച്ചിനെ അപേക്ഷിച്ച് 2022 ഓഗസ്റ്റിലേക്ക് എത്തുമ്പോള്‍ യു.പി.ഐ ഇടപാടിലുണ്ടായ വളര്‍ച്ച 427 ശതമാനമാണ്. ഗൂഗിള്‍പേ, ഫോണ്‍പേ, പേടിഎം തുടങ്ങിയ യു.പി.ഐ പ്ലാറ്റ്‌ഫോമുകളുടെ സ്വീകാര്യതയാണ് നേട്ടമായത്. സ്മാര്‍ട്ട്‌ഫോണ്‍, അതിവേഗ ഇന്റര്‍നെറ്റ് എന്നിവയുടെ വ്യാപനവും കരുത്തായി.

2020 ഡിസംബറില്‍ 220 കോടിയായിരുന്ന യു.പി.ഐ ഇടപാട് കഴിഞ്ഞ ഡിസംബറില്‍ 780 കോടിയിലുമെത്തി. 2026ഓടെ കറന്‍സി ഇടപാടുകള്‍ 12-14 ശതമാനമായി ചുരുങ്ങുമെന്നാണ് വിലയിരുത്തല്‍. ഇ-കൊമേഴ്‌സിലെ അക്കൗണ്ട് - ടു- അക്കൗണ്ട് (എ2എ) ഇടപാട് 3600 കോടി ഡോളറിലേക്കും (ഏകദേശം 3 ലക്ഷം കോടി രൂപ) എത്തിയേക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT