Banking, Finance & Insurance

ഒറ്റമാസം 628 കോടി ഇടപാടുകള്‍! ചരിത്രം കുറിച്ച് യുപിഐ

10.62 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് ജൂലൈയില്‍ യുപിഐ പ്ലാറ്റ്‌ഫോമിലൂടെ നടന്നത്

Dhanam News Desk

രാജ്യത്ത് യുപിഐ ഇടപാടുകളില്‍ റെക്കോര്‍ഡ് വര്‍ധന. ജൂലൈയില്‍ യുപിഐ ഉപയോഗിച്ച് നടന്നത് 628 കോടി ഇടപാടുകള്‍. നാഷണല്‍ പേമെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) യാണ് കണക്ക് പുറത്തു വിട്ടത്. 2016 ല്‍ യുപിഐ സേവനം തുടങ്ങിയതിനു ശേഷമുള്ള ഒരു മാസത്തെ ഏറ്റവും ഉയര്‍ന്ന എണ്ണമാണിത്.

രാജ്യത്ത് യുപിഐ ഇടപാടുകളില്‍ ക്രമാനുഗതമായ വളര്‍ച്ചയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 2021 ജൂലൈയിലെ ഇടപാടുകളുടെ ഇരട്ടിയിലേറെയായി ഇത്തവണ. 2021 ജൂലൈയില്‍ 324 കോടി ഇടപാടുകളാണ് നടന്നിരുന്നത്. പ്രതിദിനം 20 കോടിയിലേറെ ഇടപാടുകളാണ് കഴിഞ്ഞ മാസം നടന്നത്.

2022 ജൂണിനേക്കാള്‍ 7.16 ശതമാനം വര്‍ധന ഇടപാടുകളില്‍ ഉണ്ടായപ്പോള്‍ വാര്‍ഷിക വളര്‍ച്ച 90 ശതമാനമാണ്.

ചെറിയ തുക മുതല്‍ വലിയ തുക വരെ യുപിഐ മുഖേന കൈമാറാന്‍ ആളുകള്‍ തയാറായതാണ് യുപിഐ ഇടപാടുകള്‍ കുത്തനെ കൂടാന്‍ കാരണമായത്. കടകളില്‍ ഏത് പ്ലാറ്റ്‌ഫോം ഉപയോഗിച്ചും ഇടപാടുകള്‍ നടത്താവുന്ന തരത്തില്‍ ക്യുആര്‍ കോഡുകള്‍ വെച്ചതും ഇടപാടുകള്‍ എളുപ്പമാക്കി.

യുപിഐ പ്ലാറ്റ്‌ഫോമുകളില്‍ ബാങ്കുകളുടെ സാന്നിധ്യം വര്‍ധിച്ചതും ഇടപാടുകളുടെ എണ്ണം കൂട്ടി. 2021 ജൂലൈയില്‍ 235 ബാങ്കുകളാണ് യുപിഐ പ്ലാറ്റ്‌ഫോമിലൂടെ സേവനം നല്‍കിയിരുന്നതെങ്കില്‍ 2022 ജൂലൈയില്‍ അത് 338 ബാങ്കുകളായി വര്‍ധിച്ചു.

ഇടപാടുകളുടെ മൂല്യത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ മാസം 10.62 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് യുപിഐ വഴി നടന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT