Venture capital funding image: @canva
Banking, Finance & Insurance

വെഞ്ച്വര്‍ കാപിറ്റല്‍ സഹായത്തില്‍ വന്‍ വളര്‍ച്ച; ഗുണം ലഭിക്കുന്നത് സ്റ്റാര്‍ട്ടപ്പുകള്‍ക്ക്

ക്വിക്ക് കോമേഴ്‌സ്, ഐടി സ്ഥാപനങ്ങള്‍ക്ക് ലഭിച്ചത് കൂടുതല്‍ ഫണ്ട്

Dhanam News Desk

ഇന്ത്യയില്‍ പുതിയ സംരംഭങ്ങള്‍ക്കുള്ള വെഞ്ച്വര്‍ കാപിറ്റല്‍ ഫണ്ടിംഗില്‍ വലിയ വളര്‍ച്ച. 2024 ല്‍ രാജ്യത്തെ ഒട്ടേറെ സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്കാണ് ഈ സംവിധാനത്തില്‍ ഫണ്ടിംഗ് ലഭിച്ചത്. ഇ കോമേഴ്‌സ് സ്ഥാപനങ്ങള്‍ മുതല്‍ ഫിന്‍ടെക് കമ്പനികള്‍ വരെ വെഞ്ച്വര്‍ കാപ്പിറ്റലിന്റെ സഹായത്തോടെ വളര്‍ച്ച നേടുന്നുണ്ട്.

വളര്‍ച്ച 43 ശതമാനം

2024 ല്‍ വിസി (വെഞ്ച്വര്‍ കാപിറ്റല്‍) ഫണ്ടിംഗ് അഥവാ ഏയ്ഞ്ചല്‍ ഫണ്ടിംഗ് 43 ശതമാനമാണ് വളര്‍ച്ച നേടിയത്. 1,300 കോടിയോളം ഡോളറാണ് വിവിധ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭിച്ചത്. 1,270 കമ്പനികളെ വിസി സ്ഥാപനങ്ങള്‍ സാമ്പത്തികമായി പിന്തുണച്ചിട്ടുണ്ട്. എഷ്യാ പസഫിക് മേഖലയില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.

കൂടുതല്‍ അഞ്ച് കോടി ഡോളര്‍ വിഭാഗത്തില്‍

വെഞ്ച്വര്‍ കാപിറ്റല്‍ ഇടപാടുകളില്‍ 95 ശതമാനവും 5 കോടി ഡോളറിനുള്ളിലുള്ളതാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ വിഭാഗത്തില്‍ 1.4 മടങ്ങ് വര്‍ധനയുണ്ടായതായി മാനേജ്‌മെന്റ് കണ്‍സള്‍ട്ടിംഗ് കമ്പനിയായ ബെയിന്‍ ആന്റ് കമ്പനിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 5 കോടി ഡോളറിന് മുകളിലുള്ള ഇടപാടുകളും ഇരട്ടിയായി. 10 കോടി ഡോളറിന്റെ മെഗാ ഡീലുകളും 1.6 മടങ്ങ് വളര്‍ച്ചയുണ്ടാക്കി.

ഫണ്ടിംഗ് ഈ മേഖലകളില്‍

വെഞ്ച്വര്‍ കാപിറ്റല്‍ നിക്ഷേപങ്ങള്‍ പ്രധാനമായും വരുന്നത് കണ്‍സ്യൂമര്‍ ടെക്‌നോളജി, സോഫ്റ്റ്‌വെയര്‍, എഐ, ഫിന്‍ടെക്, എഡ്‌ടെക് തുടങ്ങിയ മേഖലകളിലാണ്. ക്വിക്ക് കോമേഴ്‌സ് സ്റ്റാര്‍ട്ടപ്പുകളാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. സെപ്‌റ്റോ, മീഷോ, ലെന്‍സ് കാര്‍ട്ട് തുടങ്ങിയ കമ്പനികളില്‍ വലിയ തോതില്‍ നിക്ഷേപമാണ് എത്തിയത്.

എന്താണ് വെഞ്ച്വര്‍ കാപിറ്റല്‍

പുതിയ സംരംഭങ്ങള്‍ക്ക്, നഷ്ടസാധ്യതകള്‍ ഗൗനിക്കാതെ ഫണ്ട് നല്‍കുന്ന സംവിധാനമാണ് വെഞ്ച്വര്‍ കാപിറ്റല്‍. ബാങ്കുകള്‍ സഹായിക്കാന്‍ മടിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പോലും വെഞ്ചര്‍ കാപിറ്റല്‍ സഹായം ലഭിക്കാം. പുതിയ ആശയങ്ങളുമായി വരുന്ന, വിജയസാധ്യതകളുള്ള ചെറു കമ്പനികളിലാണ് ഇത്തരം നിക്ഷേപം കൂടുതല്‍ എത്തുന്നത്. കമ്പനികളുടെ മാനേജ്‌മെന്റ് നിയന്ത്രണങ്ങളിലും ഇത്തരം സ്ഥാപനങ്ങളുടെ ഇടപെടലുകള്‍ ഉണ്ടാകും. പുതിയ സംരംഭങ്ങള്‍ക്ക് മൂലധനം ലഭ്യമാക്കുക, വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ ഫണ്ടിംഗ് നടത്തുക, മറ്റു കമ്പനികളെ ഏറ്റെടുക്കുന്നതിനുള്ള മൂലധനം നല്‍കുക തുടങ്ങിയ കാര്യങ്ങളാണ് വെഞ്ച്വര്‍ കാപിറ്റല്‍ സംവിധാനത്തിലുള്ളത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT