ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാത്തവര്‍ ഇന്ന് കുറവാണ്. എന്തിനും ഏതിനും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം പലരുടെയും സാമ്പത്തിക സുരക്ഷിതത്വത്തെയും ബാധിച്ചു തുടങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ ക്രെഡിറ്റ് കാര്‍ഡ് നിയമങ്ങളില്‍ വലിയ മാറ്റം വരികയാണ്. ഏപ്രില്‍ ഒന്നു മുതലാകും പുതിയ മാറ്റങ്ങള്‍. ആദായനികുതി വകുപ്പ് പുതുതായി കൊണ്ടുവരുന്ന 'ഇന്‍കം ടാക്‌സ് റൂള്‍സ് 2026'-ന്റെ ഭാഗമായാണ് ഈ പരിഷ്‌കാരങ്ങള്‍.
ഉപയോക്താക്കളെ ബാധിക്കുന്ന പ്രധാന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം-
നിങ്ങള്‍ ഒരു വര്‍ഷത്തില്‍ 10 ലക്ഷം രൂപയ്ക്ക് മുകളില്‍ ക്രെഡിറ്റ് കാര്‍ഡ് ഇടപാട് നടത്തിയാല്‍ ബാങ്ക് അത് ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന് റിപ്പോര്‍ട്ട് ചെയ്യും. ഇതു കൂടാതെ നിങ്ങള്‍ വിദേശത്ത് വലിയ തുക ചെലവഴിക്കുന്നതും നിരീക്ഷിക്കപ്പെടും. വിദേശത്ത് പോയി ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള ക്രെഡിറ്റ് കാര്‍ഡ് ക്യാഷ് പേയ്‌മെന്റുകള്‍ നടത്തിയാലും നിങ്ങള്‍ നിരീക്ഷത്തിലാകും. വാര്‍ഷിക വരുമാനത്തിന് ചേരാത്ത ചിലവഴിക്കലുകള്‍ ആദായനികുതി വകുപ്പ് നിരീക്ഷിക്കുമെന്ന് അര്‍ത്ഥം.
ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന ഒരു നേട്ടമായിട്ടാണ് ഈ മാറ്റത്തെ വിലയിരുത്തുന്നത്. ഇതുവരെ ആദായനികുതി അടയ്ക്കാന്‍ ഡെബിറ്റ് കാര്‍ഡുകളോ നെറ്റ് ബാങ്കിംഗോ ആണ് പ്രധാനമായും ഉപയോഗിച്ചിരുന്നത്. എന്നാല്‍ പുതിയ നിയമപ്രകാരം നികുതിദായകര്‍ക്ക് തങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചും ഇന്‍കം ടാക്‌സ് അടയ്ക്കാം. പെട്ടെന്ന് കൈയില്‍ പണമില്ലാത്ത അവസ്ഥയില്‍ ഇത് ഗുണകരമാണ്.
കമ്പനികള്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് നല്‍കുന്ന ക്രെഡിറ്റ് കാര്‍ഡുകളുടെ ഉപയോഗത്തില്‍ കര്‍ശന നിയന്ത്രണം വരും. കാര്‍ഡ് കമ്പനി ആവശ്യങ്ങള്‍ക്കായി മാത്രമാണ് ഉപയോഗിക്കുന്നതെങ്കില്‍ നികുതി ബാധകമല്ല. എന്നാല്‍ വ്യക്തിഗത ആവശ്യങ്ങള്‍ക്കായി ഇത്തരം കാര്‍ഡുകള്‍ ഉപയോഗിച്ചാല്‍, ചിലവാക്കുന്ന തുകയുടെ മൂല്യത്തിന്മേല്‍ ജീവനക്കാരന്‍ നികുതി നല്‍കേണ്ടി വരും. ഇത്തരം ഉപയോഗങ്ങള്‍ ശമ്പളമായിട്ടാകും പരിഗണിക്കുക.
ക്രെഡിറ്റ് കാര്‍ഡ് സ്റ്റേറ്റ്‌മെന്റുകള്‍ മേല്‍വിലാസം തെളിയിക്കുന്ന രേഖയായി ഇനിമുതല്‍ ഉപയോഗിക്കാന്‍ സാധിക്കും. ഇത് ഉപയോക്താക്കളെ സംബന്ധിച്ച് വലിയ നേട്ടമാണ്. പുതിയ കാര്‍ഡുകള്‍ക്ക് അപേക്ഷിക്കുന്നവര്‍ക്ക് ഉള്‍പ്പെടെ പ്രയോജനപ്പെടുത്താം. ഈ സ്റ്റേറ്റ്മെന്റ് മൂന്ന് മാസത്തില്‍ കൂടുതല്‍ പഴക്കമുള്ളതാകാന്‍ പാടില്ല എന്ന നിബന്ധനയുണ്ട്.
നികുതി വെട്ടിപ്പ് തടയാനും ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ കൂടുതല്‍ സുതാര്യമാക്കാനും പുതിയ പരിഷ്‌കാരങ്ങള്‍ സഹായിക്കുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍.
Read DhanamOnline in English
Subscribe to Dhanam Magazine