Image : CSB Bank, IDBI Bank and Canva 
Banking, Finance & Insurance

ഐ.ഡി.ബി.ഐ ബാങ്കിന്റെ ഓഹരി വില്‍പന നിര്‍ത്തിയപ്പോള്‍ നേട്ടം സി.എസ്.ബി ബാങ്കിന്! കാരണമുണ്ട്...

സി.എസ്.ബി ബാങ്ക് പ്രത്യേകിച്ച് ഗോള്‍ഡ് ലോണ്‍, ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്കുള്ള വായ്പ, റീട്ടെയില്‍ ബാങ്കിംഗ് എന്നിവയില്‍ വളര്‍ച്ച ലക്ഷ്യമിടുന്ന ബാങ്കാണ്

Dhanam News Desk

ഐ.ഡി.ബി.ഐ ബാങ്കിന്റെ സ്വകാര്യവത്കരണ നടപടികള്‍ സര്‍ക്കാര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ഓഹരി വിപണിയില്‍ അപ്രതീക്ഷിതമായ പ്രതികരണം. ഐ.ഡി.ബി.ഐ ബാങ്ക് ഓഹരികള്‍ തിങ്കളാഴ്ച ഇടിഞ്ഞത് 15 ശതമാനത്തിലേറെയാണ്. അതിനിടയില്‍ മറ്റൊന്ന് കൂടുതല്‍ ശ്രദ്ധേയം. സി.എസ്.ബി ബാങ്ക് ഓഹരികള്‍ 7% വരെ ഉയര്‍ന്ന് 350 രൂപയോളമായി. വലിയൊരു ബാങ്കിന്റെ ഓഹരി വിറ്റഴിക്കല്‍ കാര്യത്തിലുണ്ടായ തീരുമാനം മറ്റു ബാങ്കുകളോടുള്ള നിക്ഷേപകരുടെ കാഴ്ചപ്പാട് മാറ്റിക്കളഞ്ഞു എന്നര്‍ഥം.

കേന്ദ്രസര്‍ക്കാരും ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും (LIC) ചേര്‍ന്ന് ഐ.ഡി.ബി.ഐ ബാങ്കില്‍ ഉള്ള 60.72% ഓഹരി ഒരു സ്വകാര്യ നിക്ഷേപകനോ സ്ഥാപനത്തിനോ വിറ്റഴിക്കാനായിരുന്നു പദ്ധതി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്ക് സ്വകാര്യവത്കരണ ശ്രമങ്ങളിലൊന്നായി ഇത്. എന്നാല്‍ ഇതിനായി സര്‍ക്കാറിനു ലഭിച്ച ഫിനാന്‍ഷ്യല്‍ ബിഡുകള്‍ സര്‍ക്കാര്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല. വിറ്റഴിക്കല്‍ നടപടി മരവിപ്പിച്ചത് ഈ സാഹചര്യത്തിലാണ്.

CSB ബാങ്കിന് ഇതുമായി എന്ത് ബന്ധം?

സി.എസ്.ബി ബാങ്ക് ഓഹരികള്‍ ഉയരാന്‍ പ്രധാന കാരണം അതിന്റെ പ്രധാന ഓഹരി ഉടമയായ ഫെയര്‍ഫാക്‌സ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്‌സ് (Fairfax Financial Holdings) ആണ്. കാനഡ ആസ്ഥാനമായ ഫെയര്‍ഫാക്‌സ്, സി.എസ്.ബി ബാങ്കിന്റെ പ്രധാന നിക്ഷേപകരാണ്. ഐ.ഡി.ബി.ഐ ബാങ്ക് സ്വകാര്യവത്കരണത്തില്‍ ഫെയര്‍ഫാക്‌സ് ഉള്‍പ്പെടെ ചില നിക്ഷേപകര്‍ താല്‍പര്യം കാണിച്ചേക്കാമെന്ന ചര്‍ച്ചകള്‍ മുമ്പ് വിപണിയില്‍ ഉണ്ടായിരുന്നു. അതായത്, ഫെയര്‍ഫാക്‌സ് ഐ.ഡി.ബി.ഐ ബാങ്ക് ഏറ്റെടുത്താല്‍ ബാങ്കിംഗ് മേഖലയില്‍ വലിയ പുനഃസംഘടനകള്‍ ഉണ്ടാകാമെന്നും സി.എസ്.ബി ബാങ്കുമായി ബന്ധപ്പെട്ട തന്ത്രപരമായ മാറ്റങ്ങള്‍ സംഭവിക്കാമെന്നും വിപണി പ്രതീക്ഷിച്ചിരുന്നു. ഇപ്പോള്‍ ആ സാധ്യതകള്‍ താല്‍ക്കാലികമായി ഇല്ലാതായി. സി.എസ്.ബി ബാങ്കിനെ നിക്ഷേപകര്‍ സ്വതന്ത്രമായി വളരുന്ന ബാങ്കായി വീണ്ടും വിലയിരുത്തുകയാണ്. ഫെയര്‍ഫാക്‌സിന്റെ ശ്രദ്ധ സി.എസ്.ബിയിലേക്ക് കൂടുതല്‍ കേന്ദ്രീകരിക്കപ്പെടുകയും ചെയ്യും. അത് സി.എസ്.ബിക്ക് ഗുണകരമെന്ന് നിക്ഷേപകര്‍ വിലയിരുത്തുന്നു.

സി.എസ്.ബി ബാങ്ക് പുതുവളര്‍ച്ചയിലേക്കോ?

വലിയ ഇടപാടുകള്‍ നടക്കാനിരിക്കുമ്പോള്‍ ഓഹരികളുടെ വിലയില്‍ പലപ്പോഴും അനിശ്ചിതത്വ ഘടകം ഉണ്ടാകും. ഐ.ഡി.ബി.ഐ ബാങ്ക് സ്വകാര്യവത്കരണത്തെ ചുറ്റിപ്പറ്റി നിന്ന അനിശ്ചിതത്വം മാറിയതോടെ സി.എസ്.ബി ബാങ്കിന്റെ സ്വന്തം ബിസിനസ് വളര്‍ച്ചയിലേക്ക് നിക്ഷേപകര്‍ വീണ്ടും ശ്രദ്ധിക്കുകയാണ്. സി.എസ്.ബി ബാങ്ക് പ്രത്യേകിച്ച് ഗോള്‍ഡ് ലോണ്‍, ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്കുള്ള വായ്പ, റീട്ടെയില്‍ ബാങ്കിംഗ് എന്നിവയില്‍ വളര്‍ച്ച ലക്ഷ്യമിടുന്ന ബാങ്കാണ്.

ഐ.ഡി.ബി.ഐ ബാങ്ക് വിറ്റഴിക്കല്‍ പ്രക്രിയ തടസ്സപ്പെട്ടത് ഇന്ത്യയിലെ ബാങ്കിംഗ് മേഖലയില്‍ സ്വകാര്യവത്കരണം എളുപ്പമല്ലെന്നതിന്റെ പുതിയ ഉദാഹരണമായി. അതേസമയം ഈ തീരുമാനം വിപണിയില്‍ മിഡ്-സൈസ് സ്വകാര്യ ബാങ്കുകളുടെ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും ശക്തമാക്കിയിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT