ബാങ്ക് വായ്പ മനഃപൂര്‍വം തിരിച്ചടയ്ക്കാതെ കുടിശിക വരുത്തുന്ന ഇന്ത്യയിലെ 50 മുന്‍നിര വായ്പക്കാര്‍ ഈ വര്‍ഷം മാര്‍ച്ച് 31 വരെ 87,295 കോടി രൂപയാണ് ബാങ്കുകള്‍ക്ക് നല്‍കാനുള്ളത്. ഇതില്‍ കുടിശികയുടെ 10 ശതമാനത്തിലധികത്തോടെ ഏറ്റവും വലിയ വായ്പക്കാരന്‍ ഗീതാഞ്ജലി ജെംസ് ലിമിറ്റഡാണെന്ന് ധനമന്ത്രാലയം പാര്‍ലമെന്റിനെ അറിയിച്ചതായി ദി ഹിന്ദു ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത് സാമ്പത്തിക കുറ്റവാളിയായ നീരവ് മോദിയുടെ ബന്ധുവായ മെഹുല്‍ ചോക്സിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ്.
മറ്റ് വായ്പക്കാര്‍
ഗീതാഞ്ജലി ജെംസ് കൂടാതെ എറ ഇന്‍ഫ്രാ എന്‍ജിനീയറിംഗ് (₹5,750 കോടി), ആര്‍.ഇ.ഐ അഗ്രോ (₹5,148 കോടി), എ.ബി.ജി ഷിപ്പ്യാര്‍ഡ് (₹4,774 കോടി), കോണ്‍കാസ്റ്റ് സ്റ്റീല്‍ ആന്‍ഡ് പവര്‍ (₹3,911 കോടി) എന്നിവരാണ് ഈ പട്ടികയിലുള്ളവരില്‍ ചിലര്‍. ഇത്തരത്തില്‍ ബാങ്ക് വായ്പ മനഃപൂര്‍വം തിരിച്ചടയ്ക്കാതെ കുടിശിക വരുത്തുന്നവരില്‍ ആദ്യ പത്ത് പേരയെടുത്താല്‍ ഇവര്‍ ബാങ്കുകള്‍ക്ക് ₹40,825 കോടി കുടിശിക വരുത്തിയിട്ടുണ്ടെന്ന് കണക്കുകള്‍ പറയുന്നു. റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ പ്രകാരം ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകള്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 10.57 ലക്ഷം കോടി രൂപയാണ് എഴുതിത്തള്ളിയത്.
കണ്ടുകെട്ടിയത് 15,113.02 കോടി രൂപ
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം 15,113.02 കോടി രൂപയുടെ ആസ്തികള്‍ പൊതുമേഖലാ ബാങ്കുകള്‍ കണ്ടുകെട്ടി. കൂടാതെ 2018ലെ ഫ്യുജിറ്റീവ് ഇക്കണോമിക് ഒഫന്‍ഡേഴ്സ് ആക്ടുമായി (Fugitive Economic Offenders Act, 2018) ബന്ധപ്പെട്ട് 873.75 കോടി രൂപയുടെ ആസ്തികളും കണ്ടുകെട്ടിയിട്ടുണ്ട്.
കേസെടുത്തവരില്‍ 10 പേര്‍
ഫ്യുജിറ്റീവ് ഇക്കണോമിക് ഒഫന്‍ഡേഴ്സ് നിയമ പ്രകാരം കേസെടുത്തവരില്‍ 10 പേര്‍ മാത്രമാണ് ഉള്ളതെന്നും ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പറഞ്ഞു. വിജയ് മല്യ, നീരവ് മോദി, നിതിന്‍ ജയന്തിലാല്‍ സന്ദേശര, ചേതന്‍ ജയന്തിലാല്‍ സന്ദേശര, ദീപ്തി ചേതന്‍ ജയന്തിലാല്‍ സന്ദേശര, ഹിതേഷ് കുമാര്‍ നരേന്ദ്രഭായ് പട്ടേല്‍, ജുനൈദ് ഇക്ബാല്‍ മേമന്‍, ഹാജ്റ ഇക്ബാല്‍ മേമന്‍, ആസിഫ് ഇക്ബാല്‍ മേമന്‍ എന്നിവരാണ് ഈ പട്ടികയിലുള്ളവര്‍. ഇവരുടെ തട്ടിപ്പ് തുക 40,000 കോടി രൂപയിലധികം വരും.
Read DhanamOnline in English
Subscribe to Dhanam Magazine